പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്ന തോന്നൽ; ആ ശീലം മാറ്റാൻ പറ്റിയിട്ടില്ല; ഭാവന പറയുന്നു
ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമാ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് നടി ഭാവന. അഞ്ച് വർഷത്തെ ഇടവേള അവസാനിപ്പിച്ച് 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന സിനിമയിലൂടെയാണ് നടി തിരിച്ചെത്തിയത്. മലയാളത്തിൽ നിന്ന് മാറി നിന്നെങ്കിലും കന്നഡ സിനിമാ രംഗത്ത് താരം സജീവമായിരുന്നു. ഒന്നിലേറെ സിനിമകളാണ് ഭാവനയുടേതായി അടുത്തിടെ പ്രഖ്യാപിച്ചത്. റാണിയാണ് നടിയുടെ റിലീസിന് ഒരുങ്ങുന്ന സിനിമ.
ഉർവശി, ഇന്ദ്രൻസ്, ഹണി റോസ്, അനുമോൾ തുടങ്ങി വലിയ താരനിര സിനിമയിൽ അണിനിരക്കുന്നുണ്ട്. റാണിയുടെ പ്രാെമോഷണൽ പരിപാടികളുടെ തിരക്കിലാണ് ഭാവനയിപ്പോൾ. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ഭാവന പറഞ്ഞ വിശേഷങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ആരാധകരുടെ സ്നേഹം തനിക്ക് പലപ്പോഴും അത്ഭുതമായിട്ടുണ്ടെന്ന് ഭാവന പറയുന്നു.

തന്റെ പേര് ടാറ്റൂ ചെയ്ത് ആരാധകരോട് ഭാവന എന്ന് പേരുള്ള ഒരാളെ കല്യാണം കഴിച്ചോയെന്ന് പറഞ്ഞിട്ടുണ്ടെന്നും ഭാവന ഓർത്തു. സിസിഎൽ സമയത്ത് ചിലർ തന്നെ പ്രാങ്ക് ചെയ്യാൻ നോക്കിയെങ്കിലും പാളിപ്പോയെന്ന് നടി പറയുന്നു. ഒരാൾ വന്ന് കല്യാണം കഴിക്കാൻ വേണ്ടി വന്നതാണെന്ന് പറഞ്ഞു. ഞാൻ പ്രാങ്കല്ലേ എന്ന് ചോദിക്കുന്നുണ്ട്. കൂടെയുണ്ടായിരുന്നവർ ഭയങ്കരമായി അഭിനയിക്കുന്നു. അതോടെ തനിക്ക് സംശയം തോന്നിയെന്ന് ഭാവന ചിരിയോടെ ഓർത്തു.
താൻ മാറ്റാനാഗ്രഹിക്കുന്ന ശീലങ്ങളെക്കുറിച്ചും ഭാവന സംസാരിച്ചു. ഒന്നിൽ കൂടുതൽ ശീലങ്ങൾ തനിക്ക് മാറ്റേണ്ടതായുണ്ടെന്ന് താരം പറയുന്നു. അനിയന്ത്രിതമായി ഷോപ്പിംഗ് ചെയ്യുന്നത് തന്റെ ശീലമാണ്. ഒരു കാര്യവുമില്ലാതെ ഷോപ്പ് ചെയ്ത് കൊണ്ടിരിക്കും. അത് വാങ്ങിച്ചില്ലെങ്കിൽ ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്ന തോന്നലാണ്. എന്നാൽ വാങ്ങിയാൽ ഒരു ദിവസത്തെ എക്സൈറ്റ്മെന്റ് മാത്രമാണ്. രണ്ടാമത്തെ ദിവസം അതെവിടെയാണെന്ന് പോലും എനിക്കോർമ്മയുണ്ടാകില്ല.

ആവശ്യമുള്ളത് മാത്രം വാങ്ങിക്കുക എന്ന ശീലത്തിലേക്ക് വരണം എന്നുണ്ട്. പക്ഷെ ഈ നിമിഷം വരെ അത് നടന്നിട്ടില്ല. ഭക്ഷണം കഴിക്കുന്നതും തനിക്ക് നിയന്ത്രിക്കാൻ പറ്റാറില്ലെന്ന് ഭാവന വ്യക്തമാക്കി. ഇന്നെങ്കിലും ഡയറ്റ് ചെയ്യണമെന്ന് കരുതും. ഉച്ചവരെ ഞാൻ പിടിച്ച് നിൽക്കും. ഉച്ച കഴിഞ്ഞാൽ എന്റെ മനസ് മാറും. ഇങ്ങനെ ജീവിച്ചിട്ട് എന്താണ്, എനിക്കിഷ്ടമുള്ളത് കഴിക്കും എന്നൊക്കെ പറഞ്ഞ് എല്ലാം കഴിക്കും. രാത്രിയായാൽ ഞാനിന്ന് എന്തൊക്കെ കഴിച്ചു എന്നറിയാമോ എന്ന് പറഞ്ഞ് ആശങ്കപ്പെടുമെന്നും ഭാവന തുറന്ന് പറഞ്ഞു.
സിനിമാ രംഗത്ത് ഭാവന വീണ്ടും സജീവമാകുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഛോട്ടാ മുംബൈ, ഹണി ബീ തുടങ്ങിയ ഹിറ്റ് സിനിമകളിൽ തിളങ്ങിയ ഭാവന അക്കലത്തെ വിജയം വീണ്ടും ആവർത്തിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ശങ്കർ രാമകൃഷ്ണൻ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് 'റാണി'. ത്രില്ലർ സിനിമയാണെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. വിനോദ് മേനോൻ, ജിമ്മി ജേക്കബ്, ശങ്കർ രാമകൃഷ്ണൻ എന്നിവരാണ് റാണിയുടെ നിർമാതാക്കൾ. മാജിക് ടെയ്ൽ വർക്ക് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമാണം.
ഭാവന നായികയാകുന്ന 'നടികർ തിലകം' എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൊവിനോ തോമസാണ് നായകൻ. 'ഡ്രെെവിംഗ് ലൈസൻസ്' എന്ന ചിത്രത്തിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും നടികർ തിലകത്തിനുണ്ട്. ഭാവനയുടെ സഹോദരൻ ജയ്ദേവ് സംവിധാനം ചെയ്യുന്ന 'ദ ഡോർ' എന്ന തമിഴ് സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications











