സിമ്രാന്റെ സഹോദരൻ; ബിഗ് ബിയിലെ ബിജോ ജോൺ ഇവിടെയുണ്ട്; 'മലയാളത്തിൽ നിന്ന് മാറി നിന്നതിന് കാരണം'
മലയാളത്തിലെ ഐക്കോണിക് സിനിമകളിലൊന്നായി അറിയപ്പെടുന്ന ചിത്രമാണ് 2007 ൽ പുറത്തിറങ്ങിയ ബിഗ് ബി. റിലീസ് ചെയ്തപ്പോൾ ബോക്സ് ഓഫീസിൽ പരാജയപ്പെട്ട ബിഗ് ബി പിന്നീടാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. സിനിമയിലെ മിക്ക സീനുകളുടെയും പെർഫെക്ഷൻ ഇന്ന് പ്രേക്ഷകർ എടുത്ത് പറയുന്നു. വർഷങ്ങളായി ബിഗ് ബിയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
അമൽ നീരദ് എന്ന സംവിധായകന് ബിഗ് ബിയിലൂടെ ലഭിച്ച ആരാധക വൃന്ദം ചെറുതല്ല. മമ്മൂട്ടിയുടെ കരിയറിൽ എക്കാലത്തും പ്രേക്ഷകർ എടുത്ത് പറയുന്ന സിനിമയും ബിഗ് ബിയാണ്. ബാല, മംമ്ത മോഹൻദാസ്, മനോജ് കെ ജയൻ തുടങ്ങിയ താരങ്ങളും മികച്ച പ്രകടനം ബിഗ് ബിയിൽ കാഴ്ച വെച്ചു.
ബിഗ് ബിയിലൂടെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു നടനാണ് സുമിത് നവാൽ. ബിഗ് ബിക്ക് ശേഷം വളരെ കുറച്ച് സിനിമകളിലെ സുമിതിനെ കണ്ടിട്ടുള്ളൂ. പ്രേക്ഷകരെ സംബന്ധിച്ച് സുമിത് നവാൽ ഇന്നും ബിഗ് ബിയിലെ ബിജോ ജോൺ കുരിശിങ്കലാണ്. സുമിത് നവാലിനെ പിന്നീട് ലൈം ലൈറ്റിൽ അധികം കണ്ടിട്ടില്ല. മുംബൈയിലെ പഞ്ചാബി കുടുംബത്തിൽ ജനിച്ച് വളർന്ന സുമിതിനെക്കുറിച്ച് പ്രേക്ഷകർക്ക് അധികമൊന്നും അറിയില്ല. തെന്നിന്ത്യൻ സിനിമകളിലെ താരറാണിയായിരുന്ന നടി സിമ്രാന്റെ ഇളയ സഹോദരനാണ് സുമിത് നവാൽ.

മൈൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് നടൻ. പൊതുവെ ഉൾവലിഞ്ഞ പ്രകൃതക്കാരനാണ് താനെന്നും അതിനാലാണ് അധികം ലൈം ലൈറ്റിൽ കാണാത്തതെന്നും ഇദ്ദേഹം പറയുന്നു. 21ാം വയസിലാണ് ബിഗ് ബിയിൽ അഭിനയിക്കുന്നത്. ബിഗ് ബിക്ക് ശേഷം അധികം ഓഫറുകൾ വന്നിട്ടില്ല. ഭാഷ ഒരു പ്രശ്നമായിരുന്നു. ഇപ്പോഴും മലയാളം വഴങ്ങിയിട്ടില്ല. നല്ല അവസരങ്ങൾ വരാത്തതിനാൽ മുംബൈയിൽ സംവിധാനമുൾപ്പെടെയുള്ള തിരക്കുകളിലേക്ക് നീങ്ങിയെന്നും സുമിത് നവാൽ പറഞ്ഞു.
ബിഗ് ബിയിൽ മേരി ടീച്ചറുടെ കഥാപാത്രം ചെയ്ത നഫീസ അലിയുമായി ഏറെ നാളായി സംസാരിച്ചിട്ട്. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വ്യക്തികളിൽ ഒരാളാണ് അവരെന്നും സുമിത് നവാൽ പറയുന്നു. ബിഗ് ബി ഷൂട്ടിംഗിനിടയിലെ മമ്മൂട്ടിക്കൊപ്പമുള്ള ഓർമ്മകളും നടൻ പങ്കുവെച്ചു.

സിനിമയിൽ എന്റെ കഥാപാത്രം മരിക്കുന്നുണ്ട്. വെടിയേറ്റ് കണ്ണ് തുറന്നാണ് കിടക്കേണ്ടത്. പക്ഷെ ഷൂട്ടിംഗിൽ എന്റെ കണ്ണുകൾ വിറച്ചു. ഇത് മനസ്സിലാക്കിയ മമ്മൂട്ടി തന്റെ കണ്ണുകൾ കൈ കൊണ്ട് അടച്ചു. മമ്മൂട്ടി തന്നെ രക്ഷിക്കുകയായിരുന്നെന്നും സുമിത് നവാൽ പറഞ്ഞു.
സിനിമകളെ പറ്റി സഹോദരി സിമ്രാനോട് അധികം ചർച്ച ചെയ്തിട്ടില്ല. മമ്മൂട്ടിയോടൊപ്പമാണ് ആദ്യ സിനിമ എന്ന് പറഞ്ഞപ്പോൾ എന്നെ അഭിനന്ദിച്ചു. ചേച്ചിയുടെ തെന്നിന്ത്യയിലെ ആദ്യ സിനിമ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ഇന്ദ്രപ്രസ്ഥമായിരുന്നെന്നും സുമിത് നവാൽ ചൂണ്ടിക്കാട്ടി. പുറത്തിറങ്ങാനിരിക്കുന്ന ബസൂക്ക എന്ന സിനിമയിൽ മമ്മൂട്ടിയോടൊപ്പം സുമിത് നവാൽ അഭിനയിച്ചിട്ടുണ്ട്.
ബിഗ് ബിക്ക് ശേഷം സാഗർ ഏലിയാസ് ജാക്കി, സിഐഎ തുടങ്ങിയ സിനിമകളിൽ സുമിത് നവാൽ അഭിനയിച്ചു. സിമ്രാൻ, മൊണാൽ, ജ്യോതി എന്നീ മൂന്ന് സഹോദരിമാരാണ് സുമിത് നവാലിനുള്ളത്. ഇവരിൽ മൊണാൽ എന്ന ചേച്ചി 2002 ൽ ആത്മഹത്യ ചെയ്തു. ചില സിനിമകളിൽ മാെണാൽ അഭിനയിച്ചിട്ടുമുണ്ട്. മാെണാലിന്റെ ആത്മഹത്യ സുമിത് നവാലിന്റെ കുടുംബത്തെ ഏറെ ബാധിച്ചിരുന്നു. ബസൂക്ക എന്ന സിനിമയിലൂടെ സുമിത് നവാൽ മലയാള സിനിമയിൽ വീണ്ടും സജീവമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.


Click it and Unblock the Notifications











