'വിജയിയുടെ ലിയോയിൽ റോബിനും അഭിനയിക്കുന്നു....?'; സംവിധായകൻ ലോകേഷ് കനകരാജിന് നന്ദി പറഞ്ഞ് റോബിന്റെ പോസ്റ്റ്!
ബിഗ് ബോസ് എന്ന ബ്രഹ്മാണ്ഡ ഷോയിൽ മത്സാർഥിയായി പങ്കെടുക്കുക എന്നത് ഇന്നത്തെ കാലത്ത് പലരുടേയും മോഹമാണ്. അതിന് കാരണം ആ ഷോയിൽ നിന്നും ലഭിക്കുന്ന പ്രശസ്തി തന്നെയാണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള റിയാലിറ്റി ഷോയായി ഇന്ന് ബിഗ് ബോസ് മാറി കഴിഞ്ഞു.
ഇതുവരെ നാല് സീസണുകളാണ് ബിഗ് ബോസ് മലയാളത്തിന്റേതായി സംഘടിപ്പിച്ചത്. അതിൽ നാലാം സീസണും അതിലെ മത്സരാർഥികളും ഇപ്പോഴും പ്രേക്ഷകർക്കിടയിൽ ലൈവായി നിൽക്കുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്.
അക്കൂട്ടത്തിൽ പ്രധാനിയാണ് നാലാം സീസണിലെ മത്സരാർഥികളിൽ ഒരാളായ ഡോ.റോബിൻ രാധാകൃഷ്ണൻ. ഷോയിൽ മത്സരാർഥിയായി കയറിയപ്പോൾ മുതലുള്ള സ്വീകാര്യത ഇപ്പോഴും റോബിനുണ്ട്. വിജയിയായില്ലെങ്കിലും നാലാം സീസണിനെ മുന്നോട്ട് നയിച്ച ഏക മത്സരാർഥി റോബിനാണ്.
എഴുപതാം ദിവസം ഷോയിൽ നിന്ന് പുറത്തായതിനാൽ റോബിന് കപ്പ് അടിക്കാൻ സാധിച്ചിരുന്നില്ല. ഷോയിൽ നിന്നിരുന്നെങ്കിൽ നാലാം സീസൺ ടൈറ്റിൽ വിന്നർ റോബിനാകുമായിരുന്നു.

ബിഗ് ബോസിൽ റോബിൻ പോയതുപോലും സിനിമ ലക്ഷ്യം വെച്ചാണ്. ഷോയിൽ നിന്നും പുറത്തിറങ്ങിയ ശേഷം ചില സിനിമകളിൽ നിന്നും റോബിന് അവസരം ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ആ പ്രോജക്ടുകൾ ഒന്നും മുന്നോട്ട് നീങ്ങിയില്ല.
അതിന് ശേഷം സ്വന്തമായി സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് റോബിൻ. തന്റെ വിവാഹ നിശ്ചയവും അതുമായി ബന്ധപ്പെട്ട തിരക്കുകളും അവസാനിച്ചാൽ ഉടൻ താൻ തന്നെ സംവിധാനം ചെയ്ത് അഭിനയിക്കുന്ന സിനിമയുടെ വർക്കുകൾ തുടങ്ങുമെന്ന് നേരത്തെ തന്നെ റോബിൻ അറിയിച്ചിരുന്നു.

എന്നാൽ ഇപ്പോഴിത റോബിന്റെ ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. കൈതി, മാസ്റ്റർ, വിക്രം പോലുള്ള ബിഗ് ബജറ്റ് സിനിമകൾ സംവിധാനം ചെയ്ത് തെന്നിന്ത്യയിൽ തന്നെ ഏറ്റവും പ്രശസ്തനായ ലോകേഷ് കനകരാജ് എന്ന സംവിധായകന് നന്ദി പറഞ്ഞുള്ളതാണ് റോബിന്റെ ഏറ്റവും പുതിയ പോസ്റ്റ്.
'ലോകേഷ് കനകരാജ് സർ... താങ്ക് യൂ' എന്നാണ് റോബിൻ സോഷ്യൽമീഡിയയിൽ കുറിച്ചത്. എന്നാൽ എന്താണ് കാര്യമെന്ന് റോബിൻ വ്യക്തമാക്കിയിട്ടില്ല.

ഇതോടെ റോബിൻ ആരാധകരും ലോകേഷ് കനകരാജ് സിനിമകളുടെ ആരാധകരുമെല്ലാം കമന്റുകളുമായി എത്തി. ഏറെപ്പേരുടേയും സംശയം അണിയറയിൽ ഒരുങ്ങുന്ന ലോകേഷ് കനകരാജിന്റെ വിജയ് ചിത്രം ലിയോയിൽ റോബിനും അവസരം കിട്ടിയോ എന്നതാണ്.
നവംബർ എന്നും പോസ്റ്റിന് തലക്കെട്ടായി റോബിൻ കുറിച്ചിരുന്നു. 'റോളക്സിന് ഒത്ത എതിരാളി, ലിയോ മൂവിയിൽ ഡോക്ടറുണ്ടോ?, കളിയാക്കുന്നവരും കഴിഞ്ഞ കഥകൾ പൊടി തട്ടി വീണ്ടും നാണം കെടുന്നവരും എല്ലാം ഷോയാണെന്ന് വീമ്പ് പറയുന്നവരും എത്രയൊക്കെ ശ്രമിച്ചിട്ടും ഉണ്ടാക്കിയ ഫാൻ പവർ ഇല്ലാണ്ടാക്കാൻ നോക്കിയവരും ഒരു സൈഡിലേക്ക് മാറി ഇരിക്ക്.'

'നീ ഒന്നും കാണാത്ത വേറെ ലെവൽ ചാപ്റ്റർ കാണാൻ തയ്യാറാകൂ' എന്നെല്ലാമാണ് റോബിന്റെ പുതിയ പോസ്റ്റിന് കമന്റായി കുറിച്ചത്. അതേസമയം ചിലർ റോബിനെ പരിഹസിച്ചുമെത്തി.
കൈതി 2 വിലെ ബോംബ് എക്സ്പ്ലോഷൻ സൗണ്ടിന് ഡബ്ബ് ചെയ്യാൻ പറഞ്ഞതിനാവും റോബിൻ ലോകേഷിന് നന്ദി പറഞ്ഞ് പോസ്റ്റിട്ടത് എന്നാണ് സർക്കാസം കലർത്തി ഒരാൾ കമന്റായി കുറിച്ചത്. റോബിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ താരത്തിന്റെ ഭാവി വധു ആരതി പൊടിയും ആശംസയുമായി എത്തിയിട്ടുണ്ട്.

അതേസമയം സത്യാവസ്ഥ അതല്ലെന്നും റോബിന്റെ സിനിമയുടെ ഔദ്യോഗിക സംവിധായകൻ ലോകേഷ് കനകരാജ് ആയിരിക്കും നടത്തുകയെന്നും അതിനാലാണ് റോബിൻ നന്ദി അദ്ദേഹത്തിന് നന്ദി പറഞ്ഞ് പോസ്റ്റിട്ടതെന്നും ചിലർ കുറിച്ചു. നവംബറിൽ ആരംഭിക്കാൻ പോകുന്ന സിനിമയുടെ തിരക്കഥയും നിർമ്മാണവും സംവിധാനവുമെല്ലാം റോബിൻ തന്നെയാണ്.
നായിക ഭാവി വധു ആരതി പൊടിയും. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ സിനിമയുടെ ചെന്നൈയിലെ ഷൂട്ടിങ് ഷെഡ്യൂളിൽ നടൻ വിജയ്, നടി തൃഷ എന്നിവരുടെ ഭാഗങ്ങൾ ചിത്രീകരിച്ച് കഴിഞ്ഞിരുന്നു. അതിനുശേഷം മുഴുവൻ ക്രൂവും കാശ്മീരിലേക്ക് പോയി.
വിജയ്‌യുടേയും ലോകേഷിന്റേയും ലിയോയെ സംബന്ധിച്ചിടത്തോളം ആരാധകർക്കിടയിൽ വലിയ പ്രതീക്ഷയാണ് ഉള്ളത്.


Click it and Unblock the Notifications