'വേഗം എഴുന്നേറ്റ് നടക്കാൻ സാധിക്കണം... ഒരു കുഞ്ഞിനെ പ്രസവിക്കണം'; ലിജിയുടെ ആഗ്രഹങ്ങൾക്ക് കൂട്ടായി സുജിത്ത്!
സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്നവർക്ക് സുപരിചിതമായ മുഖങ്ങളാണ് സുജിത്തിന്റെയും ലിജിയുടേയും. ഒമ്പത് വർഷം പ്രണയിച്ച് ജീവിതത്തിൽ ഒന്നായവരാണ് ഇരുവരും. എന്നാൽ വിവാഹജീവിതം രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോഴാണ് ലിജിയെ ന്യൂറോ മില്ലിയോഡിസിസ് എന്ന അസുഖം തളർത്തികളഞ്ഞത്.
ഇപ്പോൾ സുജിത്തിന്റെ ശുശ്രൂഷയിലൂടെയും സ്നേഹത്തിലൂടെയും ലിജി ജീവിതത്തിലേക്ക് തിരിച്ച് വരികയാണ്. ഇടുക്കികാരിയായ ലിജിയെ സുജിത്ത് ഒരിക്കൽ പോലും കൈവിടുകയോ ഉപേക്ഷിക്കുകയോ ചെയ്തിട്ടില്ല.
ഇനി ആറ് മാസത്തെ ചികിത്സയും ഫിസായോ തെറാപ്പിയുമെല്ലാം പൂർത്തിയാകുമ്പോൾ ലിജിയെ പഴയത് പോലെ തിരികെ ലഭിക്കുമെന്നാണ് ഡോക്ടർ സുജിത്തിന് ഉറപ്പ് നൽകിയിരിക്കുന്നത്. അസുഖം ബാധിച്ച ശേഷമാണ് ലിജിയുടെ നിർബന്ധത്തിന് വഴങ്ങി സുജിത്ത് യുട്യൂബ് ചാനൽ ആരംഭിച്ചത്. ഇപ്പോൾ ഒരു ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സ് ഇരുവരുടെയും യുട്യൂബ് ചാനലിനുണ്ട്. ലിജിയുടെയും സുജിത്തിന്റെയും അതിരുകളില്ലാത്ത പ്രണയത്തിനാണ് ആരാധകർ.

അടുത്തിടെ ലിജിയെയും സുജിത്തിനെയും കാണാൻ അവതാരക ലക്ഷ്മി നക്ഷത്ര കൊല്ലത്തെ മൺറോ തുരുത്തിലുള്ള ഇരുവരുടെയും വീട്ടിലെത്തിയിരുന്നു. ലക്ഷ്മിയുടെ സാന്നിധ്യത്തിലാണ് യുട്യൂബിൽ നിന്നും ലഭിച്ച സിൽവർ പ്ലെ ബട്ടൺ സുജിത്ത് ലിജിക്ക് മുമ്പിൽ സർപ്രൈസായി പ്രദർശിപ്പിച്ചത്. വളരെ നാളുകളായി ഫോണിലൂടെ ലിജിയുടെ കുടുംബവുമായി ലക്ഷ്മി നക്ഷത്ര സൗഹൃദം പുലർത്തുന്നുണ്ട്.
അങ്ങനെയാണ് ഓണത്തോട് അനുബന്ധിച്ച് ലിജിയെ കാണാൻ മൺറോ തുരുത്തിൽ ലക്ഷ്മി എത്തിയത്. സ്റ്റാർ മാജിക്കിന്റെ സ്ഥിരം പ്രേക്ഷകയാണ് ലിജി എന്നതുകൊണ്ട് തന്നെ മാസ്ക് ധരിച്ച് എത്തിയ ലക്ഷ്മി നക്ഷത്രയെ ഒറ്റ നോട്ടത്തിൽ ലിജി തിരിച്ചറിഞ്ഞു.
ലിജിയെ പരിചരിക്കുന്നതും ഭക്ഷണം വാരിക്കൊടുക്കുന്നതുമെല്ലാം സുജിത്ത് തന്നെയാണ്. സുജിത്തില്ലാത്ത ജീവിതത്തെ കുറിച്ച് ലിജിക്ക് ആലോചിക്കാൻ പോലുമാവില്ല. എന്നും രാവിലെ എഴുന്നേൽക്കുമ്പോൾ ആദ്യം കാണുന്നത് ലിജിയുടെ നിറഞ്ഞ ചിരിയാണെന്നും ആ ചിരിയാണ് തനിക്ക് മുന്നോട്ട് ജീവിക്കാൻ പോസിറ്റിവിറ്റി തരുന്നതെന്നുമാണ് സുജിത്ത് പറയുന്നത്. 'ലിജിക്ക് ഈ അവസ്ഥയൊക്കെ വന്നശേഷം ഞാൻ മനസിലാക്കിയ ചില കാര്യങ്ങളുണ്ട്.'
എന്തിനേയും നമ്മൾ നിരുപാധികം സ്നേഹിക്കുക. മറ്റൊന്നും പ്രതീക്ഷിക്കരുത്. ചുറ്റുപാടുമുള്ള എല്ലാം അതിന് അനുസരിച്ച് നമുക്ക് വേണ്ടി മാറും. ലിജിയെ ആശുപത്രിയിൽ നിന്നും തിരികെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ എനിക്ക് ഷാജഹാൻ മുംതാസിന് വേണ്ടി ചെയ്തതൊന്നും ചെയ്യാൻ പറ്റിയില്ല.'

'എനിക്ക് ചെയ്യാൻ സാധിച്ച ഒരേയൊരു കാര്യം മാത്രമെ ഉണ്ടായിരുന്നുള്ളൂ അത് അൺകണ്ടീഷണലായ സ്നേഹം മാത്രമായിരുന്നു. ഞാൻ ഹാപ്പിയാണ് ഇപ്പോൾ ജീവിതത്തിൽ നിരാശയില്ല. നിരാശയുണ്ടായിരുന്നു നേരത്തെ ഇപ്പോഴില്ലാ... ലിജി എന്നും തരുന്ന ചിരി നമ്മൾ അവൾക്ക് കൊടുത്ത കെയറിന്റെ പ്രതിഫലനാണ്.'
'ഒരു സ്റ്റെപ്പെങ്കിലും ലിജി നടന്ന് കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അത് എനിക്ക് വേണ്ടിയോ അവൾ എഴുന്നേറ്റ് നടന്ന് എനിക്ക് എന്തെങ്കിലും ചെയ്ത് തരാൻ വേണ്ടിയോ അല്ല. അവളുടെ ആഗ്രഹമാണ് എഴുന്നേറ്റ് നടക്കുക എന്നത്. അതിന് ലിജിയെ ഞാൻ സപ്പോർട്ട് ചെയ്യുന്നുവെന്നാണ്', ഭാര്യയെ കുറിച്ച് ലക്ഷ്മി നക്ഷത്രയോട് സുജിത്ത് പറഞ്ഞത്.
ജീവിതത്തിലുള്ള ആഗ്രഹം എന്താണെന്ന് ലിജിയോട് ചോദിച്ചാൽ രണ്ടേ രണ്ട് കാര്യങ്ങൾ മാത്രമെ ലിജിക്ക് പറയാനുള്ളു. വേഗം എഴുന്നേറ്റ് നടക്കാൻ സാധിക്കണം... ഒരു കുഞ്ഞിനെ പ്രസവിക്കണം. തിരുവനന്തപുരത്താണ് ലിജിയെ ചികിത്സിക്കുന്നത്.
ലിജിയേയും സുജിത്തിനേയും സന്ദർശിച്ച വീഡിയോ ലക്ഷ്മി പങ്കുവെച്ചതോടെ നിരവധി പേരാണ് പ്രാർത്ഥനകൾ നേർന്ന് എത്തിയത്. അപൂർവ്വം ചില ഭർത്താക്കന്മാരിൽ ഒരാൾ ആണ് സുജിത്ത്... എന്നും നന്മകൾ മാത്രം ആശംസിക്കുന്നു, ലിജി എത്രയും പെട്ടന്ന് എല്ലാം ശരിയായി തിരിച്ചുവരും. ഞങ്ങളുടെ പ്രാർത്ഥനയുണ്ട് കൂടെ... ലക്ഷ്മിയുടെ നല്ല മനസിന് ബിഗ് സല്യൂട്ട് എന്നിങ്ങനെയാണ് കമന്റുകളിൽ ഏറെയും.


Click it and Unblock the Notifications