മറ്റാർക്കും നിന്നെ വിട്ടു നൽകില്ല, ജീവൻ പോയാലും നിനക്കൊപ്പം; ഭർത്താവിനെ ചേർത്ത് പിടിച്ച് മഹാലക്ഷ്മി
തമിഴ് ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ അടുത്തിടെ വലിയ ചർച്ചാ വിഷയം ആയിരുന്നു സീരിയൽ നടി മഹാലക്ഷ്മിയും നിർമാതാവ് രവീന്ദർ ചന്ദ്രശേഖറും തമ്മിലുള്ള വിവാഹം. വിവാഹ ചിത്രം പങ്കുവെച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് ഇത് വഴി വെച്ചു.
രവീന്ദറിന്റെ ശരീര ഭാരം ആയിരുന്നു ഇതിന് കാരണം. രവീന്ദറിനെതിരെ സൈബർ ആക്രമണം രൂക്ഷമാവുകയും ചെയ്തു. പണം കാണിച്ച് സുന്ദരിയായ പെണ്ണിനെ വിവാഹം കഴിച്ചു എന്നായിരുന്നു രവീന്ദറിന് നേരെ വന്ന വിമർശനം. മഹാലക്ഷ്മിക്കെതിരെയും കമന്റുകൾ വന്നു.

രവീന്ദറിന്റെ പണം കണ്ടാണ് വിവാഹത്തിന് തയ്യാറായതെന്നായിരുന്നു അധിക്ഷേപം. മഹാലക്ഷ്മിയും രവീന്ദറും ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞതാണ്. ആദ്യ വിവാഹത്തിൽ ഒരു മകനും മഹാലക്ഷ്മിക്ക് ഉണ്ട്.
എന്നാൽ സൈബർ അധിക്ഷേപങ്ങളെ ഒന്നും മഹാലക്ഷ്മിയോ രവീന്ദറോ കാര്യമാക്കിയില്ല. പൊതുവെ താരങ്ങൾ ഇത്തരം ട്രോളുകൾക്കെതിരെ രൂക്ഷമായി പ്രതികരിക്കാറുണ്ടെങ്കിലും രവീന്ദറും മഹാലക്ഷ്മിയും ട്രോളുകളെയും പരിഹാസങ്ങളെയും ചിരിച്ച് തള്ളുകയാണുണ്ടായത്.

തമാശ രൂപത്തിലാണ് പല വിമർശനങ്ങൾക്കും രവീന്ദർ മറുപടി നൽകാറ്. തന്നെ പറ്റി മോശമായി സംസാരിച്ച ഒരാളെക്കുറിച്ചും രവീന്ദർ കടുത്ത ഭാഷയിൽ വിമർശിച്ചിട്ടില്ല.
അതിനാൽ തുടക്ക കാലത്ത് വന്ന ഹേറ്റ് കമന്റുകൾ ഇപ്പോൾ കുറവാണ്. ഭാര്യക്കൊപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ രവീന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. പുതിയ ചിത്രങ്ങൾക്ക് ഭൂരിഭാഗവും സന്തോഷം പങ്കു വെച്ച് കൊണ്ടുള്ള കമന്റുകളാണ്.

മഹാലക്ഷ്മി അപൂർവമായേ ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കുവെക്കാറുള്ളൂ. ഇപ്പോഴിതാ മഹാലക്ഷ്മി രവീന്ദറിനൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്. രണ്ട് പേരും കറുത്ത വസ്ത്രമണിഞ്ഞ് നിൽക്കുന്ന ഫോട്ടോ ആണ്.
'ഈ ലോകം മനോഹരമാണ്, അത് പോലെ നീയും' എന്നാണ് മഹാലക്ഷ്മി പോസ്റ്റിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ എനൈ വിട്ട് ഉയിർ പോനാലും ഉനൈ വിട്ട് നാൻ പോവമാട്ടെ, ഉനൈ യാരിക്കും തരമാട്ടെ എന്ന ഗാനവും ബാക്ഗ്രൗണ്ടിൽ ചേർത്തിരിക്കുന്നു.

നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. രണ്ട് പേരെയും പ്രശംസിച്ച് കൊണ്ടുള്ള കമന്റുകളാണ് ഭൂരിഭാഗവും ചില കമന്റുകൾ അധിക്ഷേപിച്ചുമായിരുന്നു. രവീന്ദറിനെതിരെ വന്ന അധിക്ഷേപ കമന്റുകൾക്ക് എതിരെ നേരത്തെ മഹാലക്ഷ്മി സംസാരിച്ചിരുന്നു.
തന്റെ ഭർത്താവിനെ മാത്രമല്ല ആരെയും ശരീരത്തിന്റെ പേരിൽ കളിയാക്കരുത് എന്നാണ് മഹാലക്ഷ്മി ചൂണ്ടിക്കാണിച്ചത്. രവീന്ദറിന്റെ ശരീര ഭാരം തന്നെ സംബന്ധിച്ച് പ്രശ്നം അല്ലെന്നും മഹാലക്ഷ്മി വ്യക്തമാക്കിയിരുന്നു. വിവാഹം കഴിക്കുന്ന സമയത്ത് രവീന്ദറിന് ഇക്കാര്യത്തിൽ ആശങ്ക ഉണ്ടായിരുന്നു.

വിദേശത്ത് പോയി തടി കുറച്ചിട്ട് വിവാഹം കഴിക്കാം എന്ന് പറഞ്ഞതാണ്, എന്നാൽ താനാണ് വേണ്ടതെന്ന് പറഞ്ഞതെന്നായിരുന്നു മഹാലക്ഷ്മി ഒരു അഭിമുഖത്തിൽ പറഞ്ഞത്. ചിലരുടെ കമന്റ് കണ്ടാൽ മഹാലക്ഷ്മിയെ താൻ തട്ടിക്കൊണ്ട് വന്നതാണെന്ന് തോന്നുമെന്നും രവീന്ദറും പറഞ്ഞിരുന്നു. പരസ്പരം മനസ്സിലാക്കിയാണ് രണ്ട് പേരും വിവാഹം കഴിച്ചതെന്നും ഇദ്ദേഹം വ്യക്തമാക്കി.
രവീന്ദർ നിർമ്മിച്ച പ്രൊജക്ടിൽ മഹാലക്ഷ്മി അഭിനയിച്ചിരുന്നു. ഈ പരിചയമാണ് പിന്നീട് വിവാഹത്തിലെത്തിയത്. ആദ്യം പ്രൊപ്പോസ് ചെയ്തപ്പോൾ മഹാലക്ഷ്മി നോ പറയുകയായിരുന്നു. പിന്നീട് സുഹൃത്തുക്കൾ ആയ ശേഷമാണ് മഹാലക്ഷ്മി വിവാഹത്തിന് സമ്മതിച്ചത്.


Click it and Unblock the Notifications











