ഒരാളുടെ വേദന അതിന് പിന്നിലുണ്ട്; ജയസൂര്യ എന്നെ വിളിക്കേണ്ടതായിരുന്നു; ദുഖമുണ്ടെന്ന് ദേവൻ
വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ദേവനെ സുന്ദരനായ വില്ലൻ എന്നാണ് ആരാധകർ വിളിച്ചിരുന്നത്. വർഷങ്ങൾ നീണ്ട കരിയറിൽ നിരവധി ശ്രദ്ധേയ വേഷങ്ങൾ ദേവൻ ചെയ്തു. നാദം എന്ന സിനിമയിലൂടെയാണ് ദേവൻ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്.കരിയറിൽ അഭിനയിച്ച സിനിമകളേക്കാൾ ദേവന് പ്രിയം താൻ നിർമ്മിച്ച വെള്ളം എന്ന സിനിമയാണ്. 1985 ൽ ഹരിഹരിന്റെ സംവിധാനത്തിൽ പുറത്ത് വന്ന സിനിമയാണ് വെള്ളം.
പ്രേം നസീർ, മധു, കെആർ വിജയ, ശ്രീവിദ്യ, സാത്താർ, സുകുമാരി തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ ചെയ്തത്. നിർമാണ ഘട്ടത്തിൽ നേരിട്ട പ്രശ്നങ്ങൾ കാരണം അഞ്ച് വർഷമെടുത്താണ് സിനിമ പൂർത്തിയായത്. റിലീസ് ചെയ്തപ്പോൾ ശ്രദ്ധിക്കപ്പെട്ടതുമില്ല. ദേവൻ കടുത്ത സാമ്പത്തിക പ്രശ്നങ്ങൾ ഇക്കാലത്ത് നേരിട്ടു.
നഷ്ടമുണ്ടാക്കിയ സിനിമയാണെങ്കിലും കലാമൂല്യമുള്ള വെള്ളം എന്ന സിനിമ ഇന്നും അഭിമാനത്തോടെയാണ് താൻ ഓർക്കുന്നതെന്ന് ദേവൻ പറയുന്നു. 2021 ൽ പുറത്തിറങ്ങിയ ജയസൂര്യ ചിത്രത്തിന് വെള്ളം എന്ന പേരിട്ടത് വിഷമിപ്പിച്ചെന്നും ദേവൻ തുറന്ന് പറഞ്ഞു. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈയിടെ വെള്ളം എന്ന് പറഞ്ഞ് വേറൊരു സിനിമ വന്നു. അതിന്റെ പ്രൊഡക്ഷൻ കൺട്രോളറോ മറ്റോ എന്നെ വിളിച്ചു. വെള്ളം എന്ന ടൈറ്റിൽ ഈ സിനിമയ്ക്ക് കൊടുക്കാൻ പോവുകയാണ്. ചേട്ടനോട് ചോദിക്കാൻ പറഞ്ഞെന്ന് പറഞ്ഞു. നിയമപരമായി എനിക്ക് അവകാശമില്ല. പേര് ആർക്ക് വേണമെങ്കിലും ഉപയോഗിക്കാം. പക്ഷെ വെള്ളം സിനിമയുടെ പ്രൊഡ്യൂസർ എന്ന മേൽവിലാസം എനിക്കുണ്ട്. അത് നഷ്ടപ്പെട്ട് പോകുന്നു എന്നതിൽ എനിക്ക് വേദനയുണ്ട്. അത് അവരോട് പറയൂ എന്ന് ഞാൻ മറുപടി നൽകി.
ഒരാളുടെ വേദന അതിന് പിന്നിൽ ഉണ്ട്. ജയസൂര്യ മനസ്സിലാക്കേണ്ടതായിരുന്നു. ജയസൂര്യ അങ്ങനെയൊരു സിനിമ ചെയ്യാൻ പോകുമ്പോൾ കുറഞ്ഞത് എന്നെ വിളിക്കേണ്ടതായിരുന്നു. അത് ജയൻ ചെയ്തില്ല എന്നൊരു ദുഖമുണ്ട്. ഞാൻ ഒരു സിനിമാ നടനാവാൻ കാരണം വെള്ളം എന്ന സിനിമയുടെ പരാജയമാണെന്നും ദേവൻ പറഞ്ഞു.
24 ലക്ഷം രൂപയായിരുന്നു സിനിമയ്ക്ക് കണക്ക് കൂട്ടിയ ബഡ്ജറ്റ്. പക്ഷെ 37 ലക്ഷം രൂപയായി. ഏകദേശം 14 ലക്ഷം രൂപയുടെ നഷ്ടം സിനിമയുണ്ടാക്കി. അവസാന സമയമായപ്പോഴേക്കും ഫണ്ട് പ്രശ്നം വന്നു. എന്റെ ഒറ്റ ഉദ്ദേശ്യം ഈ സിനിമ എങ്ങനെയെങ്കിലും തീർക്കുക എന്നതായിരുന്നു. സിനിമ തീർക്കാനുള്ള പണത്തിനായി ഫെെനാൻസറെ കണ്ടു.
പടം തീർക്കാനുള്ള പണം തന്നതിന് പകരം സിനിമയുടെ മുഴുവൻ റൈറ്റ്സും എഴുതി കൊടുത്തു.

എനിക്ക് ഒരു അവകാശം ഇല്ലാതായി. പക്ഷെ ഇദ്ദേഹം സിനിമ ഓരോ ജില്ലാ അടിസ്ഥാനത്തിൽ റിലീസ് ചെയ്തു. അതാണ് സിനിമയുടെ പരാജയത്തിന് കാരണമായതെന്നും ദേവൻ പറഞ്ഞു. എന്റെ ജീവിതത്തെ മാറ്റി മറിച്ച സിനിമയാണ് വെള്ളം. കേസ്, റൗഡികളുടെ ആക്രമണം തുടങ്ങി ഒരുപാട് പ്രശ്നങ്ങൾ അന്ന് അഭിമുഖീകരിച്ചെന്നും ദേവൻ ഓർത്തു.
സംവിധായകൻ പ്രജേഷ് സെൻ സംവിധാനം ചെയ്ത സിനിമയാണ് ജയസൂര്യ നായകനായ വെള്ളം. സംയുക്ത, സിദ്ദിഖ് തുടങ്ങിയവരാണ് സിനിമയിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്. പേര് ഒന്ന് തന്നെയായിരുന്നെങ്കിലും രണ്ട് സിനിമകളുടെയും പ്രമേയം തീർത്തും വ്യത്യസ്തമാണ്.


Click it and Unblock the Notifications











