പ്രണയം എപ്പോൾ സംഭവിക്കും എന്ന് പറയാൻ പറ്റില്ല; കമ്മിറ്റഡായ ശേഷവും സംഭവിക്കാം; ദിലീപ്
നടൻ ദിലീപിന്റെ വ്യക്തി ജീവിതം എക്കാലവും മലയാള സിനിമാ രംഗത്തും ആരാധകർക്കിടയിലും ചർച്ചാ വിഷയമാണ്. അപ്രതീക്ഷിതമായ പല സംഭവങ്ങളും ദിലീപിന്റെ ജീവിതത്തിൽ സംഭവിച്ചു. മലയാളത്തിൽ മുൻനിരയിലിള്ള മറ്റൊരു നടന്റെയും വിവാഹജീവിതം ഇത്രത്തോളം ചർച്ചയായിട്ടില്ല. മലയാള സിനിമ നെഞ്ചോട് ചേർത്ത മഞ്ജു വാര്യരുമായുള്ള വിവാഹവും വേർപിരിയലും, കാവ്യ മാധവന്റെ കടന്ന് വരവ് തുടങ്ങി പല ഘടകങ്ങൾ ഇതിന് കാരണമാണ്. മകൾ മീനാക്ഷിയും ജനശ്രദ്ധയാകർഷിക്കുന്നു.
താനിത്രയധികം വാർത്തകളിൽ നിറയുന്നതിനെക്കുറിച്ച് ദിലീപ് തന്നെ മുമ്പ് സംസാരിച്ചിട്ടുണ്ട്. അടുത്ത കാലത്തൊന്നും സിനിമാ റിലീസില്ലായിരുന്നിട്ടും തന്റെ പേര് തുടരെ ചർച്ചയാകുന്നുണ്ടെന്ന് നടൻ ചൂണ്ടിക്കാട്ടി. വിമർശകരെ പോലെ തന്നെ ആരാധകരും ദിലീപ്-കാവ്യ താര ദമ്പതികൾക്കുണ്ട്. സിനിമയിലെ ഹിറ്റ് ജോഡി ജീവിതത്തിലും ഒന്നിച്ചപ്പോൾ ആരാധകർ ആഘോഷമാക്കി. കാവ്യയുടെ സിനിമാ കരിയറിൽ ആദ്യമായി നായകനായെത്തിയത് ദിലീപാണ്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി അരങ്ങേറുന്നത്.

കാവ്യ അവസാനമായി അഭിനയിച്ച പിന്നെയും എന്ന സിനിമയിലും ദിലീപായിരുന്നു നായകൻ. പ്രണയത്തെക്കുറിച്ച് പൊതുവായി ദിലീപ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ബിഹൈന്റ്വുഡ്സുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. 'നമ്മളൊരാളെ കാണുന്നു. അവരോട് ഇഷ്ടം തോന്നുന്നു. പക്ഷെ അവർ അറിയുന്നില്ല'
'പിന്നെ അവരുടെ ശ്രദ്ധയിൽ പെടാൻ വേണ്ടി നടക്കുന്ന കാലഘട്ടം. നമ്മൾ തമാശ പറയുമ്പോൾ അവർ ചിരിക്കുന്നു. പിന്നെ സംസാരം തുടങ്ങുന്നു. വലിയ പ്രോസസാണ് പ്രണയം എന്നത്. ഇപ്പോൾ ഭയങ്കര ഫാസ്റ്റ് ആണ്. അത് വേറൊരു ഫീൽ തന്നെയാണ്. ഡിവൈൻ പ്രോസസാണ് പ്രണയം എന്നത്. കാണുമ്പോൾ നെഞ്ചിടിക്കുന്നതൊക്കെ അനുഭവിച്ച ആളാണ് ഞാനും'
'ആരൊക്കെ ഒന്നിക്കണം എന്ന് മുകളിൽ ഒരാൾ സ്ക്രിപ്റ്റ് എഴുതി വെച്ചിട്ടുണ്ട്. ആ സ്ഥലത്തേക്കേ ഇതൊക്കെ കറങ്ങി വരൂ. നമ്മുടെ കൈയിൽ അല്ല. ഒരു പ്രണയം എപ്പോൾ സംഭവിക്കുമെന്ന് പറയാൻ പറ്റില്ല. കമ്മിറ്റഡ് ആയിരിക്കാം. പക്ഷെ പ്രണയം സംഭവിക്കാം. മനസ്സിന് ഒരുപാട് അറകളുള്ളത് പോലെയാണ്'
'ഒരാൾക്ക് എല്ലാവരോടും പ്രണയം ഉണ്ടാകാം. ചിലത് വർക്ക് ഔട്ട് ആകും. ചിലത് വർക്കൗട്ട് ആവില്ല. ചിലപ്പോൾ അവർ വേറൊരാളുടെ ഭാര്യയോ ഭർത്താവോ ആയിട്ടുണ്ടാകും. പക്ഷെ അവരിൽ സുഹൃദ്ബന്ധം ഇപ്പോഴും ഉണ്ടാകും,' ദിലീപ് പറഞ്ഞതിങ്ങനെ. ദിലീപിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

ദിലീപും കാവ്യയും ഒരുമിച്ചുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. വിവാഹശേഷം അഭിനയ രംഗം വിട്ട കാവ്യ മാധവൻ സോഷ്യൽ മീഡിയയിൽ നിന്ന് പോലും മാറി നിൽക്കുകയാണ്. കാവ്യ അഭിനയ രംഗത്തേക്ക് തിരിച്ച് വരണമെന്ന് ആരാധകർക്ക് ആഗ്രഹമുണ്ട്. വോയ്സ് ഓഫ് സത്യനാഥൻ എന്ന സിനിമയിലൂടെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം പ്രേക്ഷകർക്ക് മുന്നിലെത്താൻ പോകുകയാണ് ദിലീപ്.
ജൂലൈ 28 ന് ചിത്രം തിയറ്ററുകളിൽ എത്തും. അടുത്ത കാലത്ത് വലിയ ഹിറ്റുകളൊന്നും അവകാശപ്പെടാനില്ലാത്ത ദിലീപിന് കരിയറിൽ ശക്തമായ തിരിച്ച് വരവിന് വോയ്സ് ഓഫ് സത്യനാഥൻ വഴിയൊരുക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ദിലീപിന്റെ മകൾ മീനാക്ഷി സിനിമാ രംഗത്തേക്ക് കടന്ന് വരുമെന്ന പ്രതീക്ഷയും പ്രേക്ഷകർക്കുണ്ട്. കഴിഞ്ഞ ദിവസം മീനാക്ഷി പങ്കുവെച്ച ഡാൻസ് വീഡിയോ വൻ ജനശ്രദ്ധ പിടിച്ചു പറ്റി.


Click it and Unblock the Notifications