സംവിധായകൻ ഉദ്ദേശിച്ചത് മറ്റൊന്ന്, ദിലീപിന്റെ നിർദ്ദേശം; തിളക്കം അടിമുടി മാറി; സിനിമയ്ക്ക് സംഭവിച്ചത്
ദിലീപ് ചിത്രങ്ങൾ ഒരുകാലത്ത് ഉണ്ടാക്കിയ തരംഗം ചെറുതല്ല. ജനപ്രിയ നായകനായി ദിലീപ് അറിയപ്പെട്ടിരുന്ന കാലത്ത് വന്ന നടന്റെ ഒട്ടുമിക്ക സിനിമകളും ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. കല്യാണരാമൻ, മീശമാധവൻ, തിളക്കം, സിഐഡി മൂസ, ഗ്രാമഫോൺ തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ ഒരു നിര തന്നെ അക്കാലത്ത് പുറത്തിറങ്ങി. ദിലീപ് ചിത്രങ്ങളിലെ കോമഡി ഇന്നും പ്രേക്ഷകരെ ചിരിപ്പിക്കുന്നു. ഒരു ഘട്ടത്തിൽ താരത്തിന്റെ ഗ്രാഫ് താഴ്ന്നു.
പതിവു ശൈലികളിൽ വരുന്ന സിനിമകൾ പ്രേക്ഷകർ സ്വീകരിക്കാതെയായി. ഇതിനിടെ വന്ന വിവാദങ്ങൾ ദിലീപിനെ കാര്യമായി ബാധിച്ചു. അടുത്ത കാലത്താണ് നടൻ കരിയറിൽ വീണ്ടും സജീവമായി തുടങ്ങിയത്. പക്ഷെ നടന്റെ ഒരു ഹിറ്റ് സിനിമ പുറത്തിറങ്ങിയിട്ട് ഏറെക്കാലമായി. ശക്തമായ തിരിച്ച് വരവിനുള്ള ശ്രമത്തിലാണ് ദിലീപ്.

റാഫി-മെക്കാർട്ടിൻ കൂട്ടുകെട്ടിലുണ്ടാകുന്ന തിരക്കഥകളിൽ ദിലീപ് നായകനായി എത്തുമ്പോൾ വൻ വിജയമാകുന്ന ഒരു കാലഘട്ടം മലയാള സിനിമയ്ക്കുണ്ടായിരുന്നു. ഈ ഹിറ്റോ കോബോയിലുണ്ടായ ചിത്രമാണ് 2003 ൽ പുറത്തിറങ്ങിയ തിളക്കം. ജയരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ ദിലീപ്, കാവ്യ മാധവൻ എന്നിവരാണ് പ്രധാന വേഷം ചെയ്തത്.
ഒരു ഗ്രാമവും ഗ്രാമത്തിലെ രസകരമായ നിമിഷങ്ങളുമെല്ലാം മനോഹരമായി ചിത്രത്തിൽ കാണിച്ചു. നായകനും നായികയ്ക്കുമപ്പുറം ക്യാരക്ടർ റോളുകളിൽ വന്നവരെല്ലാം തിളങ്ങിയ സിനിമയാണ് തിളക്കം. ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ, നെടുമുടി വേണു, കെപിഎസി ലളിത, സലിം കുമാർ, ബിന്ദു പണിക്കർ, കൊച്ചു പ്രേമൻ തുടങ്ങിയ അഭിനേതാക്കളെല്ലാം തകർപ്പൻ പ്രകടനം ചിത്രത്തിൽ കാഴ്ച വെച്ചു.

ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്തുകളിൽ ഒരാളായ മെക്കാർട്ടിൻ. ദിലീപിന്റെ നിർദ്ദേശം കാരണമാണ് തിളക്കം ഫാമിലി എന്റർടെയ്നർ ചിത്രമായി പ്രേക്ഷകർക്ക് മുമ്പിൽ എത്തിയതെന്ന് ഇദ്ദേഹം പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.
തിളക്കം ശരിക്കും നടന്ന കഥയാണെന്നും മെക്കാർട്ടിൻ പറയുന്നു. പത്രത്തിൽ വന്ന വാർത്തയായിരുന്നു അത്. നഷ്ടപ്പെട്ട കുട്ടിയെ പിൽക്കാലത്ത് തിരിച്ച് കിട്ടി. ചികിത്സിച്ച് ഭേദമാക്കിയപ്പോഴാണ് ഞാനല്ല എന്ന് പറയുന്നത്. നടന്ന ഒരു സംഭവം എഴുതിക്കൊണ്ട് വന്ന് തന്നതാണ്. ഇത് അവാർഡ് പടം പോലെയാക്കാനായിരുന്നു ജയരാജിന്റെ ഉദ്ദേശ്യം. അപ്പോഴാണ് ദിലീപ് വഴി നമ്മുടെ അടുത്ത് വരുന്നത്. കൊമേഴ്ഷ്യലാക്കിയാൽ കൂടുതൽ സ്കോപ്പുണ്ടെന്ന് പറഞ്ഞാണ് നമ്മുടെ അടുത്ത് വരുന്നത്.
ആ ഘടകം വെച്ച് തിരക്കഥ വികസിപ്പിക്കുകയായിരുന്നെന്ന് മെക്കാർട്ടിൻ പറയുന്നു. പവി കെയർ ടേക്കറാണ് ദിലീപിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വിനീത് കുമാറാണ് ചിത്രത്തിലെ നായകൻ. സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ദിലീപിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications