'രഞ്ജിനി ജോസ് വീട്ടിൽ നിന്നും ഇറങ്ങി; അന്നതിൽ വിഷമം തോന്നി; ദീപ്തിക്ക് ഒരു ഗുണവും അതുണ്ടാക്കിയില്ല'
ചുരുങ്ങിയ കാലം കൊണ്ട് കരിയറിൽ ശ്രദ്ധിക്കപെടാൻ കഴിഞ്ഞ ഗായികയാണ് രഞ്ജിനി ജോസ്. സ്റ്റേജ്, ടെലിവിഷൻ ഷോകളിലൂടെ ലൈം ലൈറ്റിൽ പ്രേക്ഷക ശ്രദ്ധ നേടിയത് ഗായികയെ തുണച്ചു. റെഡ് ചില്ലീസ് എന്ന മോഹൻലാൽ ചിത്രത്തിൽ രഞ്ജിനി ജോസ് അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് താരം. മോശം കമന്റുകൾക്ക് മറുപടി നൽകാനും താരം മടിക്കാറില്ല. അടുത്തിടെ തന്നെക്കുറിച്ച് വന്ന തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾക്കെതിരെ തുറന്നടിച്ച് രഞ്ജിനി രംഗത്തെത്തിയിരുന്നു.
സിനിമകളിൽ സാന്നിധ്യം അറിയിച്ചെങ്കിലും പിന്നണി ഗാനരംഗത്താണ് രഞ്ജിനി ശ്രദ്ധ നൽകിയത്. രഞ്ജിനി ജോസിനെ തന്റെ സിനിമയിലെ നായികാ സ്ഥാനത്ത് നിന്ന് മാറ്റിയ സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് നിർമാതാവായ ദിനേശ് പണിക്കർ. ചിരിക്കുടുക്ക എന്ന തന്റെ സിനിമയിൽ ആദ്യം നായികയാകാനിരുന്നത് രഞ്ജിനി ജോസ് ആയിരുന്നു. എന്നാൽ രഞ്ജിനിക്ക് പകരം ആ സിനിമയിൽ നായികയായത് വിധു പ്രതാപിന്റെ ഭാര്യ ദീപ്തി പ്രസാദാണ്.
സിനിമ കനത്ത നഷ്ടമായെന്ന് തുറന്ന് പറഞ്ഞ ദിനേശ് പണിക്കർ സിനിമയുടെ അണിയറയിൽ നടന്ന സംഭവങ്ങളും വിശദീകരിച്ചു. ഭീകരമായ നഷ്ടമാണ് ഈ സിനിമയുണ്ടാക്കിയത്. വിനാശകാലേ വിപരീത ബുദ്ധി എന്നാണ് ഈ സിനിമ നിർമ്മിച്ച തീരുമാനത്തെക്കുറിച്ച് പിന്നീട് തനിക്ക് പിന്നീട് തോന്നിയത്. സിനിമയിലേക്ക് ജഗദീഷിനെ വിളിച്ചപ്പോൾ ഈ സബ്ജക്ട് വേണോ എന്ന് ചോദിച്ചിരുന്നെന്നും ദിനേശ് പണിക്കർ ഓർത്തു.

നായകനും നായികയും പുതുമുഖമാകാം എന്ന ചിന്തയിൽ മുന്നോട്ട് പോയി. കൂട്ടിക്കൽ ജയചന്ദ്രനെയാണ് നായകനാക്കിയത്. അന്ന് അവന് അത്യാവശ്യം വയറുണ്ട്. ഒരു മാസത്തിനുള്ളിൽ വയറൊക്കെ കുറയ്ക്കണമെന്ന് പറഞ്ഞു. നായികയായി അന്ന് മനസ്സിൽ കണ്ടത് രഞ്ജിനി ജോസിനെയാണ്. രഞ്ജിനിയെ വിളിച്ചപ്പോൾ അവർക്ക് വലിയ താൽപര്യമൊന്നും ഇല്ല. അച്ഛനെ വിളിച്ചപ്പോൾ നോക്കാമെന്ന് പറഞ്ഞു.
ഷൂട്ടിംഗിനെത്താൻ രഞ്ജിനി തയ്യാറാവുകയായിരുന്നു. നായികയായി രഞ്ജിനി പോരെന്ന് തിരക്കഥാകൃത്ത് ബിനു കിരിയത്ത് പറഞ്ഞു. പകരം ദീപ്തി പ്രസാദിനെ നായികയാക്കിയാലോ എന്ന് ചോദിച്ചു. അവരുടെ ഫോട്ടോ കാണിച്ചു. ഒരാളോട് വാക്ക് പറഞ്ഞതല്ലേ, ഇനി മാറ്റണോ എന്ന് ഞാൻ ചോദിച്ചു. ദീപ്തി പ്രസാദാണ് നന്നാവുകയെന്ന് ബിനു കിരിയത്ത് പറഞ്ഞു. ഒടുവിൽ താൻ സമ്മതിച്ചെന്നും ദിനേശ് പണിക്കർ ഓർത്തു.

ഞങ്ങൾ ദീപ്തി പ്രസാദിനെ വിളിച്ചു. ഇതിനിടെ ഷൂട്ടിംഗിനെത്താനായി രഞ്ജിനി ജോസും അച്ഛൻ ബാബു ജോസും ഇറങ്ങി. ഞാൻ വിളിക്കുമ്പോൾ അവർ വീട് പൂട്ടി ഇറങ്ങാൻ നിൽക്കുന്ന സമയത്താണ്. പരാജയപ്പെട്ട ആ ചിത്രത്തിൽ നിന്ന് രഞ്ജിനി ജോസ് രക്ഷപ്പെടുകയായിരുന്നു. ദൈവത്തിന്റെ കൃപ കൊണ്ടാണ് രഞ്ജിനി ഒഴിവായത്. ഒരുപക്ഷെ ആ സിനിമയിൽ അഭിനയിച്ചിരുന്നെങ്കിൽ ഇത്രയും വലിയ ഗായികയാകാനുള്ള ഭാഗ്യം ചിലപ്പോൾ കിട്ടിയെന്ന് വരില്ല.
രഞ്ജിനി അന്ന് വരാത്തതിൽ ഞാൻ കുറേനാൾ വിഷമിച്ചിരുന്നു. പക്ഷെ ഇന്ന് ഒട്ടും വിഷമമില്ല. സിനിമയിൽ നായികയായി വന്ന ദീപ്തി പ്രസാദിന് ഒരു മൈലേജും ആ സിനിമ കൊണ്ട് കിട്ടിയില്ല. പക്ഷെ സ്വന്തം കഴിവ് കൊണ്ട് ദീപ്തി പ്രസാദ് പിന്നീട് ശ്രദ്ധ നേടിയെന്നും ദിനേശ് പണിക്കർ ചൂണ്ടിക്കാട്ടി. തിയറ്ററിൽ കനത്ത പരാജയമായ ചിരിക്കുടുക്ക നായകനായ കൂട്ടിക്കൽ ജയചന്ദ്രനും കരിയറിൽ സഹായകരമായില്ല.


Click it and Unblock the Notifications











