ഭാര്യ പ്രസന്നയും ഒപ്പം വേണം; അന്ന് സായ് കുമാർ ആവശ്യപ്പെട്ടത്; ദിനേശ് പണിക്കർ പറയുന്നു
നിർമാതാവാവായി ഒരു കാലത്ത് മലയാള സിനിമയിൽ പേരെടുത്ത വ്യക്തിയാണ് ദിനേശ് പണിക്കർ. കിരീടം, രജപുത്ര ഉൾപ്പെടെയുള്ള ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ ഇദ്ദേഹത്തിന് കഴിഞ്ഞു. പിൽക്കാലത്ത് സിനിമാ നിർമാണം വിട്ട് അഭിനയ രംഗത്തേക്കും ദിനേശ് പണിക്കർ കടന്ന് വന്നു. നിരവധി സീരിയലുകളിലും സിനിമകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
വർഷങ്ങൾക്ക് മുമ്പ് നടത്തിയ ഒരു ഗൾഫ് ഷോയുടെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ദിനേശ് പണിക്കർ ഇപ്പോൾ. 1991 ൽ നടത്തിയ ദുബായ് ഷോയെക്കുറിച്ചാണ് ഇദ്ദേഹം സംസാരിച്ചത്. തിലകന് പകരം എംജി സോമനെ ഷോയിൽ പങ്കെടുപ്പിച്ച സാഹചര്യം, സായ് കുമാർ വെച്ച നിബന്ധന തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഇദ്ദേഹം യൂട്യൂബ് ചാനലിൽ സംസാരിച്ചു.

ഷോയ്ക്ക് മുമ്പ് ഇടിത്തീ പോലെ ഒരു സംഭവം നടന്നു. തിലകൻ ചേട്ടന് ഹാർട്ടിന് അസുഖം വന്ന് ആശുപത്രിയിലായി. ബൈപ്പാസ് സർജറി വേണം. യാത്ര ചെയ്യാൻ പറ്റില്ല. സ്പോൺസർമാരെ വിളിച്ച് പറഞ്ഞു. എല്ലാ സ്പോൺസേർസിനെയും വിളിച്ചിരിക്കുന്നത് തിലകൻ ചേട്ടന്റെ പേര് പറഞ്ഞാണ്. അദ്ദേഹം ഒരു സ്റ്റാറല്ലേ. പകരം ആരെ കൊണ്ട് പോകുമെന്ന് ആലോചിച്ചു. അങ്ങനെ എംജി സോമനെ പരിഗണിച്ചു. അദ്ദേഹം സ്റ്റേജിൽ വന്നാൽ ഒരു കലക്ക് കലക്കും എന്ന് തോന്നി. അദ്ദേഹത്തെ പോയി കണ്ടെന്ന് ദിനേശ് പണിക്കർ പറയുന്നു.
ഒഴിവ് കഴിവ് പറഞ്ഞെങ്കിലും അദ്ദേഹം സമ്മതിച്ചു. സിനിമാ മേഖലയിൽ പലരും പകരം ആളായി പോകാൻ ആഗ്രഹിക്കുന്നവരല്ല. പക്ഷെ സോമേട്ടൻ സമ്മതിച്ചു. ഷോയിലുള്ള 70 ശതമാനം ആളുകളും ദുബായിൽ ആദ്യമായി പോകുന്നവരാണ്. നടി ചിത്ര, സുനിത, തെസ്നി ഖാൻ, ഹരിശ്രീ അശോകൻ, കലാഭവൻ റഹ്മാൻ, മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ, മാള അരവിന്ദൻ തുടങ്ങിയവരും ഷോയിൽ പങ്കെടുത്തിരുന്നു.

സോമൻ ചേട്ടൻ വളരെ ഫ്രണ്ട്ലിയാണ്. അദ്ദേഹം വെജിറ്റേറിയനാണ്. അത്യാവശ്യം സ്മോളടി ഉണ്ടായിരുന്നു. ഒരിക്കൽ പോലും അദ്ദേഹം മാന്യത വിട്ട് സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. പിന്നീട് ഞങ്ങൾ കണ്ട് മുട്ടുന്നത് രജപുത്ര എന്ന സിനിമയ്ക്കിടെയാണന്നും ദിനേശ് പണിക്കർ ഓർത്തു. സായ് കുമാറിനെ ഷോയുടെ ഭാഗമാക്കിയതിനെക്കുറിച്ചും ദിനേശ് പണിക്കർ സംസാരിച്ചു.
റൊമാന്റിക് ഹീറോയായി ഒരാൾ വേണമായിരുന്നു. സായ് കുമാർ അന്ന് ശ്രദ്ധിക്കപ്പെട്ട് നിൽക്കുന്ന സമയമാണ്. അങ്ങനെ സായ് കുമാറിനെ പോയി കണ്ടു. സായിയും ഞങ്ങളും സംസാരിച്ച് ധാരണയായി. പ്രതിഫലം കുറച്ചോളൂ, പക്ഷെ എന്റെ ഭാര്യ പ്രസന്ന കൂടെ വരും എന്ന് സായ് കുമാർ പറഞ്ഞു. മകൾ വൈഷ്ണവിയും ഭാര്യ പ്രസന്നയും സായ് കുമാറിന് ഒപ്പം വന്നെന്നും ദിനേശ് പണിക്കർ വ്യക്തമാക്കി.
സായ് കുമാറിന്റെ ആദ്യ ഭാര്യയാണ് പ്രസന്ന. 1988 ലാണ് അഭിനേത്രിയും ഗായികയുമായ പ്രസന്നകുമാരിയെ സായ് കുമാർ വിവാഹം ചെയ്തത്. ഈ ബന്ധത്തിലെ മകളാണ് വെെഷ്ണവി. 2007 ലാണ് സായ് കുമാറും പ്രസന്നയും വേർപിരിയുന്നത്. ഇതിന് ശേഷം ബിന്ദു പണിക്കറെ വിവാഹം ചെയ്തു. ഭർത്താവ് മരിച്ച ബിന്ദു പണിക്കരെ സായ് കുമാർ ഭാര്യയായി സ്വീകരിക്കുകയായിരുന്നു. ബിന്ദു പണിക്കറുടെ ആദ്യ വിവാഹബന്ധത്തിലെ മകൾ കല്യാണി ഇരുവർക്കും ഒപ്പമാണുള്ളത്.
ബിന്ദു പണിക്കർക്കെതിരെ പ്രസന്ന രംഗത്ത് വന്നിരുന്നെങ്കിലും വിവാഹമോചനത്തിന് കാരണം ബിന്ദു പണിക്കറല്ലെന്ന് സായ് കുമാർ പറഞ്ഞു. 2009 ലാണ് സായ് കുമാർ ബിന്ദു പണിക്കറെ വിവാഹം ചെയ്തത്. മകൾ കല്യാണിയുടെ സമ്മതപ്രകാരമായിരുന്നു വിവാഹം.


Click it and Unblock the Notifications