കല്യാണം കഴിഞ്ഞ് ഗൾഫിൽ ജീവിച്ച് കാവ്യ തിരിച്ച് വന്ന സമയം; അപ്പോഴാണ് വിളിക്കുന്നത്; നടിയെക്കുറിച്ച് കമൽ
2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ മലയാളത്തിലെ ഏറ്റവും തിരക്കേറിയ നടിയായിരുന്നു കാവ്യ മാധവൻ. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന കാവ്യ നായികയായപ്പോഴും വൻ സ്വീകാര്യത ലഭിച്ചു. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലാണ് കാവ്യ ആദ്യമായി നായികയായി അഭിനയിക്കുന്നത്. പിന്നീട് നിരവധി അവസരങ്ങൾ കാവ്യയെ തേടി വന്നു. മറ്റു ഭാഷകളിലേക്ക് പോകാതെ മലയാളത്തിൽ തന്നെ കാവ്യ സജീവമായി തുടർന്നു. അതേസമയം കൊമോഴ്ഷ്യൽ സിനിമകളിലെ നായികയായെങ്കിലും നായികാ പ്രാധാന്യമുള്ള സിനിമകൾ കുറച്ച് മാത്രമേ കാവ്യക്ക് ലഭിച്ചിട്ടുള്ളൂ.
പെരുമഴക്കാലം, ഗദ്ദാമ തുടങ്ങിയവയാണ് കാവ്യയ്ക്ക് ലഭിച്ച അഭിനയ പ്രാധാന്യമുള്ള സിനിമകൾ. 2011 ലാണ് ഗദ്ദാമ റിലീസ് ചെയ്യുന്നത്. കമൽ സംവിധാനം ചെയ്ത സിനിമയിലെ പ്രധാന കഥാപാത്രമാണ് കാവ്യക്ക് ലഭിച്ചത്. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ഈ സിനിമയിലൂടെ കാവ്യക്ക് ലഭിച്ചു. സിനിമയിൽ കാവ്യയെ നായികയാക്കിയതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ കമൽ. ആദ്യ വിവാഹ ബന്ധം പിരിഞ്ഞ് നിൽക്കുന്ന ഘട്ടത്തിലാണ് കാവ്യയെ ഗദ്ദാമയിലെ നായികയാക്കിയതെന്ന് കമൽ പറയുന്നു.

കാവ്യ മാധവനെയാണ് ഗദ്ദാമയായി തീരുമാനിച്ചത്. ആദ്യത്തെ കല്യാണം കഴിഞ്ഞ് ഗൾഫിൽ ജീവിച്ച് തിരിച്ച് വന്ന് വീണ്ടും സജീവമായ സമയത്താണ് ഈ വേഷം അഭിനയിക്കാൻ ഞാൻ കാവ്യയെ വിളിക്കുന്നത്. ഗൾഫിലെ കഥയും കാര്യങ്ങളുമെല്ലാം പറഞ്ഞ് കഴിഞ്ഞപ്പോൾ ആ ക്യാരക്ടർ ചെയ്യാൻ കാവ്യ തയ്യാറായെന്നും കമൽ പറഞ്ഞു. കൗമുദി മൂവീസിനോടാണ് പ്രതികരണം.സിനിമ സാമ്പത്തികമായി വിജയമല്ലായിരുന്നെന്നും കമൽ പറയുന്നുണ്ട്.
ഗദ്ദാമയെക്കുറിച്ചുള്ള മറ്റ് ഓർമകളും കമൽ പങ്കുവെച്ചു. സൗദിയാണ് സിനിമയുടെ കഥാപശ്ചാത്തലം. എന്നാൽ ഷൂട്ടിംഗിന് അനുമതിയില്ലാത്തതിനാൽ യുഎഇയിലാണ് ഷൂട്ടിംഗ് നടന്നത്. ഗദ്ദാമയുടെ പ്രദർശനം ഗൾഫിൽ നിരോധിച്ചിരുന്നെന്നും കമൽ വ്യക്തമാക്കി. സൗദിയിലെ അറബി കുടുംബത്തിൽ ജോലിക്കാരിയായെത്തുന്ന സ്ത്രീ നേരിടുന്ന പ്രശ്നങ്ങളാണ് ഗദ്ദാമയിലെ കഥ.

സുരാജ് വെഞ്ഞാറമൂട്, ബിജു മേനോൻ, അരുൺ ഗോപി, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് ഗദ്ദാമയിലെ മറ്റ് പ്രധാന വേഷം ചെയ്തത്. വീട്ടുജോലിക്ക് ഗൾഫ് രാജ്യങ്ങളിലെത്തുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ സിനിമയിലൂടെ പ്രേക്ഷകരിലേക്കെത്തിക്കാനായി. സിനിമാ ലോകത്ത് നിന്ന് ഏറെക്കാലമായി മാറി നിൽക്കുകയാണ് കാവ്യ മാധവൻ. 2016 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. ദിലീപുമായുള്ള രണ്ടാം വിവാഹത്തോടെയാണ് കാവ്യ കരിയർ വിട്ടത്.
നടി സിനിമാ രംഗത്തേക്ക് തിരിച്ച് വരണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. കാവ്യ മാധവനൊപ്പം കരിയറിൽ സജീവമായിരുന്ന നവ്യ നായർ, മീര ജാസ്മിൻ തുടങ്ങിയ നടിമാർ കുറേക്കാലം മാറി നിന്നെങ്കിലും ഇവർ ഇപ്പോൾ സിനിമാ രംഗത്ത് സജീവമാണ്. കാവ്യയും ഇവരെ പോലെ തിരിച്ച് വരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കഴിഞ്ഞ ദിവസം മാളവിക ജയറാമിന്റെ മകളുടെ വിവാഹത്തിനെത്തിയ കാവ്യയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.


Click it and Unblock the Notifications