ആമേന്‍ സിനിമയിലെ പള്ളി വിറക് വിലയ്ക്കാണ് പൊളിച്ച് കൊണ്ട് പോയത്, കുറിപ്പ് വൈറല്‍
ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളി എന്ന സിനിമയ്ക്ക് വേണ്ടി ഒരുക്കിയ സെറ്റ് ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് അടിച്ച് തകര്‍ത്തത് കഴിഞ്ഞ ദിവസമാണ്. അമ്പലത്തിനോട് ചേര്‍ന്ന് പള്ളി പണിതു എന്ന് ആരോപിച്ച് കൊണ്ടായിരുന്നു ഇത്തരമൊരു നീക്കം. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന് വരികയും ചെയ്തു.
അതേ സമയം സെറ്റ് പൊളിച്ചവരെ അനുകൂലിച്ചും കമന്റുകളുണ്ടായിരുന്നു. അതില്‍ ചിലര്‍ ചൂണ്ടി കാണിച്ചത് സെറ്റിട്ട പള്ളികള്‍ പ്രത്യേകിച്ച് ആമേന്‍ സിനിമയുടെ സെറ്റ് ഇപ്പോള്‍ ഒരു തീര്‍ഥാടന കേന്ദ്രമായി ഉപയോഗിക്കുന്നു എന്നതാണ്. ഇത് തികച്ചും അസത്യമാണെന്നും ആമേന്റെ സെറ്റ് വിറക് വിലയ്ക്കാണ് പൊളിച്ച് നീക്കിയതെന്നും പറയുകയാണ് ആമേന്‍ ഷൂട്ടിങ് നടന്നതിന് അടുത്ത് താമസിക്കുന്ന അനന്തു അജി.

'ആമേന്‍ സിനിമയ്ക്കായി 2013ല്‍ ഇട്ട കൃസ്ത്യന്‍ പള്ളിയുടെ സെറ്റ് സിനിമ ഷൂട്ടിംഗിന് ശേഷവും പൊളിച്ച് മാറ്റിയില്ലെന്നും അതിപ്പോഴൊരു 'തീര്‍ത്ഥാടനകേന്ദ്രമായി' മാറിയിരിക്കുകയാണെന്നുമൊക്കെ മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് പൊളിച്ച സംഘികള്‍ പറഞ്ഞു പരത്തുന്നുണ്ട്. ആമേന്‍ സിനിമയ്ക്കായി സെറ്റിട്ട പള്ളി എന്റെ നാട്ടിലാണ്.
ഉളവയ്പ്പില്‍, (ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്ക്). എന്റെ അറിവില്‍ ആമേന്‍ സിനിമയ്ക്കായി അന്ന് സെറ്റിട്ടത് ഈ ചിത്രത്തില്‍ കാണുന്ന ഒരേയൊരു പള്ളിയാണ്. അതും എന്റെ വീട്ടില്‍ നിന്ന് പത്തോ പതിനഞ്ചോ മിനിറ്റ് കഷ്ടി നടന്നാല്‍ എത്താവുന്ന ദൂരത്ത്. ചോറും കറിയുമൊക്കെ നേരത്തെ വെച്ച് സ്ത്രീകളടക്കമുള്ള ആളുകള്‍, കുട്ടികള്‍, പണിക്ക് അവധി കൊടുത്ത് ചേട്ടന്മാര്‍ ഒരു നാട് മൊത്തം ഷൂട്ടിംഗ് കാണാന്‍ എത്തുന്നത് ഞാനാദ്യമായി കാണുന്നത് അന്നാണ്.
അതിന് മുന്പും അതിന് ശേഷവും വാരിക്കുഴിയിലെ കൊലപാതകമടക്കം ഒരുപാട് സിനിമകള്‍ ഉളവയ്പ്പില്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. ഏതാണ്ട് ഒന്നൊന്നര മാസം നീണ്ടു നിന്ന ആമേന്റെ ഷൂട്ടിംഗിന് ശേഷം വിറക് വിലയ്ക്ക് ആ പള്ളി പൊളിച്ച് വില്‍ക്കുകയായിരുന്നു ഉണ്ടായത്. പക്ഷെ സംഘികള് പറയുന്ന ഇപ്പോഴും 'തീര്‍ത്ഥാടനകേന്ദ്രമായി' നില്‍ക്കുന്ന ആ പള്ളി ഏതാണ് എത്രയാലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല.

ഇനിയിപ്പോ ഞാനറിയാതെ എന്റെ തൊട്ടടുത്തെങ്ങാനും വേറൊരു 'തീര്‍ത്ഥാടനകേന്ദ്രം' ഉണ്ടോ ആവോ? അല്ല ഇല്യൂമിനാണ്ടിയുടെയൊക്കെ കാലമാണേ. ഒന്നും പറയാന്‍ പറ്റില്ല. പ്രധാന വിറ്റ് ഇതൊന്നുമല്ല. വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയ്ക്ക് വേണ്ടി സെറ്റ് ഇട്ട കൂട്ടത്തില്‍ ഒരു പാര്‍ട്ടി ഓഫീസും ഉണ്ടായിരുന്നു. അതിപ്പോ ഉളവയ്പ്പിലെ പാര്‍ട്ടിക്കാര്‍ ഓഫീസ് ആയിട്ട് ഉപയോഗിക്കുവാണെന്നെങ്ങാനും ഇവറ്റകള് പറയുവോന്നാ എന്റെ പേടി'.


Click it and Unblock the Notifications











