For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൈസ നല്ല വൃത്തിയായെണ്ണി ബാഗിലിടുന്നവരാണവര്‍! ആ നാല് നായികമാരെ കുറിച്ച് വൈറല്‍ പോസ്റ്റ്!

|

2019-06-01മലയാള സിനിമയിലെ മുന്‍നിര നായികമാരാണ് ഐശ്വര്യ ലക്ഷ്മിയും പാര്‍വ്വതിയും. അരങ്ങേറ്റ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടവരാണ് ഗ്രേസ് ആന്റണി, അന്ന ബെന്‍ എന്നീ നടിമാര്‍. കുമ്പളങ്ങി നൈറ്റ്‌സിലൂടെയായിരുന്നു ഇരുവരും ആദ്യമായി അഭിനയിക്കുന്നത്. കഴിഞ്ഞ വര്‍ഷം വരത്തന്‍, അതിന് മുന്‍പ് മായാനദി എന്നീ ചിത്രങ്ങളിലൂടെയാണ് ഐശ്വര്യ ലക്ഷ്മി ശ്രദ്ധിക്കപ്പെടുന്നത്. പാര്‍വ്വതിയുടെ ഉയരെ എന്ന ചിത്രത്തിലെ കഥാപാത്രവും പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നവയാണ്.

ഈ നാല് പേരും ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച നടിമാരാണ്. ഈ കഥാപാത്രങ്ങളെ വിശകലനം ചെയ്ത് കൊണ്ടുള്ള ലക്ഷ്മി എന്ന യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്. വിദ്യാഭ്യാസവും ജോലിയും നേടി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരായ കഥാപാത്രങ്ങളാണ് ഇവരെല്ലാം. ചില സ്ത്രീകഥാപാത്രങ്ങളുടെ സവിശേഷതകള്‍ ചൂണ്ടി കാണിച്ച് കൊണ്ടും നായകന്മാരുടെ കഴിവ് കേടുകളെ കുറിച്ചുമെല്ലാമാണ് ലക്ഷ്മി സംസാരിച്ചിരിക്കുന്നത്.

 വൈറലായ ലക്ഷ്മിയുടെ പോസ്റ്റ്

വൈറലായ ലക്ഷ്മിയുടെ പോസ്റ്റ്

മലയാള സിനിമയില്‍ അടുത്ത കാലത്ത്, (രണ്ടു വര്‍ഷത്തിനിടയില്‍) ഇറങ്ങിയ നാല് സിനിമകളുണ്ട്. പല കാരണങ്ങളാലും എനിക്ക് ഇഷ്ടപ്പെടാതിരിക്കുകയും അതേസമയം പല കാരണങ്ങളാലും പ്രസക്തമാണെന്ന് കരുതുന്നതുമായ സിനിമകളാണ് അവ. സ്ത്രീപക്ഷ വായനകള്‍ എല്ലാം ഈ നാല് സിനിമകളെ സംബന്ധിച്ചും ധാരാളമായി വന്നുകഴിഞ്ഞതാണ്. ഈ നാലു സിനിമകളെയും ഒന്നിച്ച് ഒരു കൂട്ടമായി കാണാന്‍ എന്നെ പ്രേരിപ്പിക്കുന്ന ഒരു സവിശേഷത ഇവയ്ക്കുണ്ട്. ഈ സിനിമകളില്‍ നാലിലും റിലേഷന്‍ഷിപ്പുകള്‍ക്കുള്ളില്‍ നിര്‍ണായകമായ ചില തീരുമാനങ്ങളെടുക്കുന്നത് സ്ത്രീകളാണ്. ഈ സ്ത്രീകള്‍ തൊഴിലെടുക്കുന്നവരാണ്. ലാഭത്തെയും നഷ്ടത്തെയും കുറിച്ച് സംസാരിക്കുന്നവരാണ്. പൈസ നല്ല വൃത്തിയായി എണ്ണി ബാഗിലിടുന്നവരാണ്.

പൈസ എണ്ണുന്നവരാണ് എന്ന് പറഞ്ഞത് വെറുതെ ആലങ്കാരികമായല്ല. ഒരു രാത്രി, ഏതോ കല്യാണ റിസപ്ഷന്റെ വേദിക്കു പുറകില്‍ നിന്ന് പൈസ എണ്ണി നോക്കുന്ന അപര്‍ണയെയാണ് മായാനദിയില്‍ എനിക്കാദ്യം ഓര്‍മ വരിക. റിസപ്ഷനുകളിലും മറ്റും അവതാരകയായി ജോലി ചെയ്ത് പൈസ ഉണ്ടാക്കിയാണ് കാമുകന്‍ വരുത്തിവെച്ച കടം താന്‍ വീട്ടിയതെന്ന് അവള്‍ക്കോര്‍മ്മയുണ്ട്. അല്ലെങ്കിലും പൈസയായാലും വിശ്വാസമായാലും നഷ്ടപ്പെട്ടവര്‍ക്ക് അത് തിരിച്ചുപിടിച്ചേ പറ്റൂ. നഷ്ടം വരുത്തിവെച്ചവര്‍ക്ക് മാത്രമാണ് കാല്പനികതകള്‍ അവശേഷിക്കുന്നത്. നഷ്ടം വരുത്തിയത് മാത്തനാണ്. അപ്പുവിന്റെ പൈസ മാത്രമല്ല വിശ്വാസവും അതോടൊപ്പം അയാള്‍ക്ക് നഷ്ടമാകുന്നു. വിശ്വാസങ്ങളെ, വികാരങ്ങളെ, ബന്ധങ്ങളെ എല്ലാം പൈസ കൊണ്ടുവരികയും കൊന്നുകളയുകയും ചെയ്യും. കാല്പനികതയുടെ പുതപ്പുകളില്‍ ചുരുണ്ടുകൂടി പ്രേമത്തെപ്പറ്റി പറഞ്ഞു കൊണ്ടിരിക്കാന്‍ ജീവിച്ചുപോകാന്‍ നില്‍ക്കക്കള്ളിയില്ലാത്തവര്‍ക്കാകണമെന്നില്ല.

സ്വന്തമായി അധ്വാനിച്ച് പൈസ ഉണ്ടാക്കുന്നവളാണ് അപര്‍ണ. തനിക്ക് 'ബെറ്റര്‍ ലൈഫ് ' വേണമെന്നത് അവളുടെ വാശിയാണ്. അവള്‍ അവള്‍ക്കു നല്‍കുന്ന വാഗ്ദാനമാണ് ആ ബെറ്റര്‍ ലൈഫ്. കൂട്ടുകാരി ഉപയോഗിച്ചുപേക്ഷിക്കുന്ന ഡ്രസ് ഇടേണ്ടി വരാത്ത, പ്രതിഫലം കൂടുതല്‍ കിട്ടാന്‍ ബാംഗ്ലൂര്‍ മോഡലാണെന്ന് കളവു പറയേണ്ടതില്ലാത്ത ഒരു ജീവിതം. സിനിമയില്‍ അഭിനയിക്കുകയാണെങ്കില്‍ അതില്‍ നായികയായി തന്നെ വേണമെന്ന് അവള്‍ സ്വയം നിര്‍ബന്ധിച്ചു കൊണ്ടിരിക്കുന്നത് ആ ബെറ്റര്‍ ലൈഫിലേക്കെത്താനാണ്. അത്രയും നിശ്ചയദാര്‍ഢ്യമുള്ള കാമുകിക്കു മുന്നില്‍ വന്നു നില്‍ക്കാന്‍ ആ കാമുകന് ശക്തി വരുന്നതോ കുറേ കളളപ്പണം കൈയ്യില്‍ വരുമ്പോള്‍ മാത്രമാണ്. അതുവരെ അപര്‍ണയുടെ ഇന്‍സ്റ്റഗ്രാം ഫോട്ടോസ് പ്രണയപൂര്‍വ്വം നോക്കിക്കൊണ്ടിരിക്കാനുള്ള ധൈര്യമേ അയാള്‍ക്കുള്ളൂ. അവളെ വീണ്ടും ജീവിതത്തിലേക്ക് ക്ഷണിക്കാനും 'എന്നോട് ഒരു തരി സ്‌നേഹം പോലും തോന്നുന്നില്ലേ ' എന്നു ചോദിക്കാനും അവളുടെ കണ്‍മുന്നില്‍ വന്നു നില്‍ക്കാന്‍ പോലും മാത്തന് സാധിക്കുന്നത്, തനിക്കര്‍ഹതയില്ലാത്ത പണപ്പെട്ടിയുടെ ഭാരം കൊണ്ടാണ്. അല്ലാതെ ദിവസേന നൂറ് പുഷ് അപ് എടുത്തുണ്ടാക്കിയെടുത്ത ഭാരിച്ച ശരീരം അവനൊരിക്കലും ഒരു ബലമാകുന്നതേയില്ല.

വരത്തനിലും പ്രിയക്കും എബിക്കും ഇടയില്‍ ജോലിയും പൈസയും കടന്നു വരുന്ന രംഗങ്ങളുണ്ട്. ജോലി നഷ്ടപ്പെട്ട, നഷ്ടപ്പെട്ട ജോലിയുടെ പേരില്‍ ഭാര്യ വീട്ടുകാരുടെ കുത്തുവാക്കു കേള്‍ക്കേണ്ടി വരുന്ന എബിക്ക് പ്രിയയുടെ മുന്നില്‍ അനുഭവിക്കേണ്ടി വരുന്ന ആത്മവിശ്വാസ കുറവുകളാണ് അവിടെ നിറയുന്നത്. പരമാവധി പ്രശ്‌നങ്ങളില്‍ നിന്നൊഴിഞ്ഞ്, റിസ്‌കുകളേറ്റെടുക്കാതെ, ഹെഡ്‌ഫോണുകള്‍ ചെവിയില്‍ തിരുകി, പുറംലോകത്തിന്റെ ശബ്ദങ്ങളെയവഗണിച്ച് ജീവിക്കാനയാളെ പ്രേരിപ്പിക്കുന്നത് അയാളുടെ അതേ ആത്മവിശ്വാസക്കുറവാണ്. പ്രിയക്ക് തനിക്ക് ജീവിക്കേണ്ട ജീവിതത്തെ പ്രതി, തന്റെ സ്വാതന്ത്ര്യങ്ങളെ പ്രതി വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. (അവസാനഭാഗത്ത് സിനിമ വെറും ആണ്‍ബോധങ്ങളിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും) തന്റെ ജീവിതത്തില്‍, ഇനി അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റില്ല എന്ന് പങ്കാളിയോട് തുറന്നു പറയുന്ന പ്രിയയുടെ ബലം അവളുടെ സാമ്പത്തിക പ്രിവിലേജു തന്നെയാണെന്ന് ഞാന്‍ കരുതുന്നു.

കുമ്പളങ്ങി നൈറ്റ്‌സ് എന്നെ സംബന്ധിച്ച് തുടര്‍ച്ചയായി ബൈനറികളെ അവതരിപ്പിച്ചു കൊണ്ടേയിരിക്കുന്ന ഒരു കഥയാണ്. ബേബി മോള്‍ക്ക് തന്റെ പങ്കാളിയെ തിരഞ്ഞെടുക്കാന്‍, ധൈര്യപൂര്‍വ്വം തീരുമാനങ്ങളെടുക്കാന്‍, വീട്ടുകാര്‍ക്കു മുന്നില്‍ സ്വന്തം അഭിപ്രായങ്ങളിലുറച്ചു നില്‍ക്കാനെല്ലാം സാധിക്കുകയും സിമിക്ക് അവസാന രംഗമാകും വരെ അത്തരമൊരു ധൈര്യം ഇല്ലാതിരിക്കുകയും ചെയ്യുന്നു. ബേബി മോളെ എടീ പോടീന്ന് വിളിക്കരുതെന്ന വാചകം പറഞ്ഞു കഴിഞ്ഞപ്പോഴായിരിക്കാം അത്തരമൊരു ശബ്ദവും തനിക്കുണ്ടെന്ന് സിമി തിരിച്ചറിയുന്നത്. ബേബി വീടിനു പുറത്തിറങ്ങി ജോലി ചെയ്തു സമ്പാദിക്കുന്നവളാകുകയും സിമി വീട്ടിനകത്ത് പണിയെടുത്ത് തളരുന്നവള്‍ മാത്രമാകുകയും ചെയ്യുന്നു. സ്വന്തം കാലില്‍ നില്‍ക്കുന്ന ബേബിക്ക് കാമുകനോട് താന്‍ ' ഊളയെ പ്രേമിച്ച പെണ്‍കുട്ടി ' യാണെന്ന് വിളിച്ചുപറയാം.

തൊഴില്‍രഹിതയായ സിമിക്ക് 'അകത്ത് കേറ്, വെയിലു കൊള്ളണ്ട' എന്ന് ഭര്‍ത്താവ് പറയുമ്പോള്‍ വീട്ടിനകത്തേക്ക് കയറുകയുമാകാം. ആ വീടിനകത്തുനിന്നുകൊണ്ട് ശബ്ദിച്ചു തുടങ്ങിയ സിമിയെ സിനിമ കാണിച്ചു എന്നതാണ് വ്യക്തിപരമായി എനിക്കിഷ്ടപ്പെട്ട സംഗതി. സിമി പിന്നീട് വീടിനു പുറത്തിറങ്ങിയോയെന്ന് നമുക്കറിയില്ലയെങ്കിലും. (അതുവരെ കണ്ട കാമുകനല്ല ബോബി പിന്നീടി. സ്വന്തമായി പൈസയൊന്നുമില്ലാതിരുന്ന കാലത്ത് ബേബി തീരുമാനിക്കുന്നതയാള്‍ക്ക് അംഗീകരിച്ചേ പറ്റുമായിരുന്നുള്ളൂ. ഒരു 'ഏട്ട'ന്റെ നിയന്ത്രണങ്ങളില്‍ നിന്നിറങ്ങി ഒന്നിലേറെ 'ഏട്ടന്മാരുടെ ' നിയന്ത്രണങ്ങളിലേക്ക് കയറിച്ചെന്നതു പോലെയാണ് ബേബിയുടെ കഥയെ ഞാന്‍ കണ്ടത്. തനിക്ക് കുട്ടിയുണ്ടാകണമോ വേണ്ടയോ എന്നെല്ലാം ഭര്‍ത്താവിന്റെ സഹോദരന്മാര്‍ തീരുമാനിക്കുമ്പോള്‍ മതി എന്നു കരുതുന്നതില്‍ വലിയ പ്രശ്‌നമൊന്നും തോന്നാത്ത മാനസികാവസ്ഥയൊക്കെയേ ബേബിമോള്‍ക്കും ഉള്ളൂ).

ഏറ്റവുമവസാനം ഉയരെയില്‍ ഗോവിന്ദിന് 'കൊള്ളാവുന്ന' ഒരു ജോലിയില്ല. പല്ലവിക്ക് ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന ഒരു ജോലി ലഭിക്കുന്നു. അവന്റെ ഭാഷയില്‍ പറഞ്ഞാല്‍ അവള്‍ സെറ്റില്‍ഡാവുന്നു. സേഫാകുന്നു. അതാണ് പ്രധാന പ്രശ്‌നം. അല്ലെങ്കില്‍ അതൊരു പ്രധാന പ്രശ്‌നം തന്നെയാണ്. അച്ഛന്‍ ജോലി ചെയ്യുകയും അമ്മ വീട്ടിലിരിക്കുകയും ചെയ്തിരുന്ന ഒരു ഗാര്‍ഹികാന്തരീക്ഷത്തില്‍ നിന്നാണ് ഗോവിന്ദ് വരുന്നത്. താന്‍ നല്ല നിലയിലെത്തുമെന്ന് അയാള്‍ക്കൊരു പ്രതീക്ഷയുമില്ല. അഥവാ ഇന്റ്റര്‍വ്യൂവില്‍ തനിക്ക് ജോലി കിട്ടിയാല്‍ അതയാള്‍ക്കൊരു 'മഹാത്ഭുതം' ആയിരിക്കും. പല്ലവിക്ക് താന്‍ ആഗ്രഹിച്ച ജോലി ഒരു മഹാത്ഭുതമല്ല. അത് യാഥാര്‍ത്ഥ്യമാകാന്‍ വേണ്ടി അവള്‍ ആഗ്രഹിച്ചിട്ടുണ്ട്. കഷ്ടപ്പെട്ടിട്ടുണ്ട്. താന്‍ വീട്ടുകാര്‍ക്ക് ഒരു ഭാരമാവരുതെന്ന് അവള്‍ക്ക് നിര്‍ബന്ധമുണ്ട്. ആസിഡ് വീണു മുഖം പൊള്ളിയിട്ടും കമ്പനി സെക്രട്ടറി കോച്ചിങിനു പോകാനവള്‍ പരിശ്രമിക്കുന്നെങ്കിലുമുണ്ട്. ജോലിയുള്ള, പരിശ്രമിശാലിയായ പല്ലവിക്കാണ് 'എന്റെ ജീവിതത്തില്‍ നിന്ന് പോ' എന്ന് ഗോവിന്ദിനോട് പറയാന്‍ പറ്റുന്നത്. ഒരു ബാഗ് വാങ്ങണമെങ്കില്‍ അച്ഛന് പൈസ തികയുമോ എന്ന് സംശയിക്കേണ്ടിയിരുന്ന പ്രായത്തില്‍ പല്ലവിയില്‍ ഡിസിഷന്‍ മേക്കിങ്ങ് പവര്‍ ഇത്രത്തോളം ശക്തമായിരുന്നില്ല.

ഉയരെയിലും ഉണ്ട് ബൈനറികള്‍. പല്ലവിയുടെ അച്ഛനും ഗോവിന്ദിന്റെ അച്ഛനും, അല്ലെങ്കില്‍ വിശാലിന്റെ അച്ഛനും പല്ലവിയുടെ അച്ഛനും മാത്രമല്ല ഈ ബൈനറി. നിശ്ചയദാര്‍ഢ്യമുള്ള പല്ലവിയും ഭാവിയെക്കുറിച്ച് ഉദാസീനനായ ഗോവിന്ദും മാത്രമല്ല ഈ ബൈനറിയില്‍ ഉള്ളത്. പല്ലവിയും പല്ലവിയുടെ ചേച്ചിയും പ്രധാനപ്പെട്ട ബൈനറികളാണ്. തൊഴില്‍രഹിതയായ ചേച്ചിക്ക് ഒന്നിലുമൊരഭിപ്രായവുമില്ല. ഉള്ളത് കുറേ ആശങ്കകള്‍ മാത്രം. ഒരേ വീട്ടില്‍ നിന്ന് വന്നിട്ടും, കോളേജ് വിദ്യാഭ്യാസം നേടിയിട്ടും ഭര്‍ത്തൃവീട്ടുകാരുടെ സൗകര്യം നോക്കി മാത്രം സഞ്ചരിക്കാനാകുന്ന ചേച്ചിയും എന്തു പ്രതിബന്ധങ്ങളെയും മറികടന്ന് പറക്കണമെന്ന് തീരുമാനിക്കുന്ന പല്ലവിയും സ്ത്രീയുടെ ഡിസിഷന്‍ മേക്കിങ് പവറില്‍ സാമ്പത്തികഭദ്രതക്ക്, സ്വാശ്രയത്വത്തിന് എത്ര വലിയ സ്ഥാനമാണുള്ളതെന്ന് വ്യക്തമാക്കുന്നു.

English summary
Viral facebook post about Malayalam Actress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more