മകളുടെ അച്ഛൻ ഒരിടത്തും അപമാനിക്കപെടരുതെന്ന് മഞ്ജു ആഗ്രഹിച്ചു! ഒരിടത്തും അയാളെ പറ്റി മോശം പറഞ്ഞില്ല; കുറിപ്പ്
കലാതിലകമായി സ്‌കൂള്‍ കാലഘട്ടത്തിലെ മലയാളികളുടെ മനസില്‍ കയറിയ മഞ്ജു വാര്യര്‍ ആ വഴിയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. തുടക്കത്തില്‍ തന്നെ നായിക വേഷം അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ നേടി. പിന്നീട് ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ അവതരിപ്പിച്ചാണ് മഞ്ജു ആരാധകരെ ഞെട്ടിച്ചത്. കണ്ണെഴുതി പൊട്ടും തൊട്ട്, കന്മദം തുടങ്ങിയ സിനിമകളിലെ പ്രകടനം മഞ്ജു വാര്യര്‍ എന്ന നായിക നടിയുടെ കരിയറിനെ ഉയരങ്ങളിലെത്തിച്ചു.
സൂപ്പര്‍നായിക എന്ന വിശേഷണം സ്വന്തമാക്കി വെള്ളിത്തിരയില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴാണ് മഞ്ജു പ്രണയത്തിലകപ്പെടുന്നത്. പിന്നീട് നടന്‍ ദിലീപുമായി നടന്ന വിവാഹവും വിവാഹമോചനവും സിനിമയിലേക്കുള്ള നടിയുടെ തിരിച്ച് വരവുമൊക്കെ മലയാൡകള്‍ക്ക് അറിയാവുന്നതാണ്. ഇപ്പോള്‍ കുറച്ച് ദിവസങ്ങളായി മഞ്ജു വാര്യരുടെ രണ്ട് കാലഘട്ടത്തെ കുറിച്ചുള്ള സംസാരമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

2025 ല്‍ എത്തി നില്‍ക്കുമ്പോള്‍ പത്ത് വര്‍ഷം മുന്‍പ് എങ്ങനെയായിരുന്നു എന്ന ട്രെന്‍ഡ് ആണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. 2015 ല്‍ നടി യുടെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ ദുരന്തവും പത്ത് വര്‍ഷത്തിനിപ്പുറം മഞ്ജുവിന് സംഭവിച്ച മാറ്റവുമാണ് ആരാധകരില്‍ ചിലര്‍ പടച്ച് വിട്ട വീഡിയോയിലുള്ളത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവായ ദിലീപുമായിട്ടുള്ള ബന്ധം നിയമപരമായി അവസാനിപ്പിച്ച് കോടതിയ്ക്ക് ഉള്ളില്‍ നിന്നും കരഞ്ഞോണ്ട് ഇറങ്ങി പോരുകയായിരുന്നു മഞ്ജു വാര്യര്‍.
മാധ്യമങ്ങള്‍ ചുറ്റും കൂടിയപ്പോള്‍ നിയന്ത്രിക്കാന്‍ കഴിയാതെ നടി വിതുമ്പുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. അതേ സമയം ദിലീപ് വളരെ കൂളായിട്ടാണ് നടന്ന് പോകുന്നതും. വിവാഹമോചനത്തിന് ശേഷമാണ് മഞ്ജു വീണ്ടും സിനിമയില്‍ നായികയായി തിളങ്ങുന്നത്. വൈകാതെ ലേഡീ സൂപ്പര്‍സ്റ്റാര്‍പട്ടവും ലഭിച്ചു. കുറഞ്ഞ കാലം കൊണ്ട് മലയാളികള്‍ മഞ്ജു വാര്യരെ ഏറ്റെടുത്തുവെന്ന് വേണമെങ്കില്‍ പറയാം. അന്ന് നാടന്‍ വീട്ടമ്മയെ പോലെ ജീവിച്ചിരുന്ന നടി ഇന്ന് സ്‌റ്റൈലിഷ് ലുക്കിലേക്ക് മാറി.
മകള്‍ മീനാക്ഷിയ്ക്ക് പോലും അമ്മയുടെ സൗന്ദര്യത്തിന്റെ മുന്നില്‍ ഏറ്റുമുട്ടേണ്ട അവസ്ഥയാണ്. അത്രത്തോളം മാറ്റമാണ് നടി ജീവിതത്തില്‍ കൊണ്ട് വന്നത്. ഇതിനൊപ്പം മഞ്ജു വാര്യരുടെ ജീവിതത്തെയും അതിജീവനത്തെ കുറിച്ചുമൊക്കെ പറഞ്ഞ് എഴുതിയ ഒരു കുറിപ്പ് മഞ്ജു വസന്തം എന്ന ഫാന്‍സ് ഗ്രൂപ്പിലൂടെ പ്രചരിക്കുകയാണ്.
'ചരിത്രം ഒരിക്കലും കണക്കു ചോദിക്കാതെ കടന്നു പോയിട്ടില്ല എന്നത് ഒരു വലിയ സത്യം ആണ്. സ്‌നേഹത്തിന്റെ പേരില്‍ കൈ പിടിച്ചവനെ വിശ്വസിച്ച് കലാജീവിതവും ഉപേക്ഷിച്ചു അവന്റെ ഭാര്യ ആയി ജീവിക്കാന്‍ തീരുമാനിച്ചു ഇറങ്ങിയൊരു പെണ്ണ്. ഭര്‍ത്താവിന്റെ കുടുംബത്തിന് വേണ്ടി കൈയടികളുടെയും അവാര്‍ഡുകളുടെയും ലോകത്തു നിന്നും അടുക്കളയിലേക്ക് അരങ്ങേറിയവള്‍. സ്‌നേഹിച്ചവനില്‍ നിന്നും ലഭിച്ച കണ്മണിയെ പൊന്നു പോലെ വളര്‍ത്തി വലുതാക്കിയവള്‍. തനിക്ക് നഷ്ടമായത് തന്റെ മകളിലൂടെ നേടണമെന്ന് സ്വപ്‌നം കണ്ടവള്‍...
അതിനായി ഊണിലും ഉറക്കത്തിലും മകള്‍ക്കു താങ്ങായി നടന്നവള്‍. വലിയൊരു ചതി നടക്കുന്നു എന്ന് ലോകം മുഴുവനും അറിഞ്ഞിട്ടും ഭര്‍ത്താവിനെ അവിശ്വസിക്കാതിരുന്നവള്‍. ഭര്‍ത്താവിന്റെ ഫോണിലേക്ക് കാമുകിയുടെ സന്ദേശങ്ങള്‍ വരുന്നത് കണ്ടു ചേമ്പില താളിലെ വെള്ളം ഊര്‍ന്നു പോകുന്നത് പോലെ അത്രയും കാലം തന്റെ സമ്പാദ്യം എന്ന് കരുതിയ ജീവിതം കൈയില്‍ നിന്നും ഒഴുകി പോകുന്നത് മരവിപ്പോടെ കണ്ടു നിന്നവള്‍.
എന്റെ ജീവിതം.. എന്റെ ഭര്‍ത്താവ്... എന്റെ കുടുംബം.. എനിക്ക് തിരികെ വേണമെന്ന് കരഞ്ഞു യാചിച്ചവള്‍. അവസാനം, തനിക്ക് നേരെ വച്ചു നീട്ടുന്ന ജീവിതം മറ്റൊരുത്തിയുടെ ഔദാര്യമാണെന്ന് തിരിച്ചറിഞ്ഞു താലി ഊരി വച്ചു ആത്മാഭിമാനത്തോടെ തല ഉയര്‍ത്തി ഇറങ്ങി പോന്നവള്‍. വട്ട പൂജ്യത്തില്‍ നിന്നും ജീവിതം തിരികെ പിടിക്കാന്‍ ഇറങ്ങുമ്പോള്‍ സമ്പന്നതയില്‍ നിന്നും ഒന്നുമില്ലായ്മയിലേക്ക് തന്റെ മകളെ കൂടി വലിച്ചിടരുതെന്നു ആഗ്രഹിച്ചവള്‍. വേര്‍പിരിയലിന് കാരണം തിരക്കിയവരെ മൗനം കൊണ്ട് നേരിട്ടവള്‍.
തന്റെ മകളുടെ അച്ഛന്‍ ഒരിടത്തും അപമാനിക്കപെടരുത് എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചവള്‍. ഒരിടത്ത് പോലും അയാളെ കുറിച്ചൊരു മോശം വാക്ക് നാവില്‍ നിന്നും അറിയാതെ പോലും വീഴാതിരിക്കാന്‍ ശ്രദ്ധിച്ചവള്‍. തന്റെ കഴിവുകളില്‍ ഉള്ള ആത്മവിശ്വാസം കൊണ്ട് മാത്രം ജീവിതത്തോട് പൊരുതിയവള്‍. ഒരു സ്ത്രീ ചവിട്ടാവുന്ന കനലുകള്‍ എല്ലാം ചവിട്ടി കയറി പൊരുതി നേടിയവള്‍. സഹപ്രവര്‍ത്തകയ്ക്ക് ഉണ്ടായ ആക്രമണത്തില്‍ കോടതി മുറിയില്‍ കഴിഞ്ഞു പോയ തന്റെ ദാമ്പത്യ ജീവിതത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ആവുന്നത്ര ശ്രമിച്ച വക്കീലന്മാരുടെ മുന്നില്‍ സമനില നഷ്ടപ്പെടാതെ പിടിച്ചു നിന്നവള്‍.
ആരോപണങ്ങള്‍ അമ്പുകളായി കോടതി മുറിയില്‍ നെഞ്ചും കൂടിനെ തകര്‍ത്തിട്ടും സഹപ്രവര്‍ത്തകയ്ക്ക് വേണ്ടി തനിക്കറിയാവുന്ന സത്യങ്ങള്‍ തുറന്നു പറഞ്ഞു അഭിമാനം ആയവള്‍. 5 വര്‍ഷക്കാലം ഒരു കോള്‍ കൊണ്ട് പോലും മകളുടെ സാമീപ്യം നിഷേധിക്കപ്പെട്ട തന്റെ മുന്നില്‍ കോടതിയിലെ വിചാരണയുടെ തലേദിവസം മാത്രം അച്ഛനെതിരെ മൊഴി കൊടുക്കരുതെന്ന ആവശ്യവുമായി വന്ന മകളുടെ മുന്നില്‍ പതറാതെ നിന്നവള്‍.

ഇന്നത്തെ സ്ത്രീകള്‍ക്ക് പ്രചോദനവും രോമാഞ്ചവും ആയി ഉയര്‍ന്നു പറക്കുന്നവള്‍. ആ അവളെയാണ് മദ്യപാനിയും അവിഹിത ബന്ധക്കാരിയും മകളെ നോക്കാതെ സ്വന്തം ഇഷ്ടപ്രകാരം നടക്കുന്ന സ്ത്രീയുമായി ഈ കാലമത്രയും അപമാനിക്കാന്‍ ശ്രമിച്ചത്. അവള്‍ക്ക് കാലം കാത്ത് വച്ച നീതിയാണ്. ഇപ്പോള്‍ പുറത്തേക്ക് വരുന്ന ജീര്‍ണിച്ച കഥകള്‍. നുണകളുടെ എത്ര വലിയ ചില്ല് കൊട്ടാരം പണിതാലും അത് ഒരുനാള്‍ തകര്‍ന്നു വീഴുക തന്നെ ചെയ്യും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ല എന്നത് പ്രപഞ്ചസത്യം. ഇനിയും ഉയര്‍ന്നു പറക്കുക പ്രിയപെട്ടവളെ... കാലം നിന്നെ ഇവിടെ അടയാളപ്പെടുത്തട്ടെ...' എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
മഞ്ജു വാര്യര്‍ ആദ്യമായി നായികയായി അഭിനയിച്ച സല്ലാപം എന്ന സിനിമയിലെ നായകന്‍ ദിലീപായിരുന്നു. അന്ന് തുടങ്ങിയ അടുപ്പം പിന്നീട് പ്രണയത്തിലെത്തി. വിവാഹത്തിലൂടെ ഒന്നിക്കണമെന്ന് തീരുമാനിച്ച ഇരുവരും 1998 ലാണ് വിവാഹിതരാവുന്നത്. രണ്ട് വര്‍ഷം കഴിഞ്ഞ് 2000 ത്തിലാണ് ഇരുവര്‍ക്കും മകള്‍ മീനാക്ഷി ജനിക്കുന്നത്. മകളുടെ വരവോട് കൂടി പൂര്‍ണമായിട്ടും സിനിമ ഉപേക്ഷിക്കാന്‍ മഞ്ജു തീരുമാനിച്ചു. അങ്ങനെ പതിനാല് വര്‍ഷത്തോളം മുഴുവനുമായിട്ടും കുടുംബജീവിതം നയിച്ചു.
ഈ കാലയളവില്‍ നര്‍ത്തകിയായിരുന്നിട്ട് പോലും ഡാന്‍സ് കളിക്കാനോ അഭിനയിക്കാനോ ഒന്നും മഞ്ജു ശ്രമിച്ചിട്ടില്ല. പിന്നീടാണ് ദിലീപുമായിട്ടുള്ള ദാമ്പത്യ ജീവിതത്തില്‍ പൊട്ടിത്തെറികളുണ്ടാവുന്നത്. നടന്റെ പേരിലുണ്ടായ പല പ്രശ്‌നങ്ങളും ഇവരുടെ കുടുംബത്തെ വല്ലാതെ ബാധിച്ചു. ഒടുവില്‍ വിവാഹമോചനമെന്ന തീരുമാനത്തിലേക്ക് മഞ്ജു എത്തുകയായിരുന്നു. അങ്ങനെ 2014 ലാണ് താരദമ്പതിമാര്‍ നിയമപരമായ വിവാഹമോചനത്തിന് കേസ് ഫൈല്‍ ചെയ്യുന്നത്. തൊട്ടടുത്ത വര്‍ഷം ഔദ്യോഗികമായ വേര്‍പിരിയലും സംഭവിച്ചു.
അച്ഛനും അമ്മയും വേര്‍പിരിയുമ്പോള്‍ മകള്‍ ആരുടെ കൂടെ പോകുമെന്ന ചോദ്യത്തിന് മീനാക്ഷി അച്ഛന്റെ പേരാണ് പറഞ്ഞത്. അങ്ങനെ അന്ന് മുതല്‍ ദിലീപിന്റെ സംരക്ഷണയിലാണ് മകള്‍ മീനൂട്ടി വളരുന്നത്. ചില അത്യാവശ്യ സാഹചര്യങ്ങളില്‍ മഞ്ജുവും മകളും തമ്മില്‍ കാണാറുണ്ടെങ്കിലും പരസ്യമായ കൂടിച്ചേരലുകള്‍ ഇതുവരെയും ഉണ്ടായിട്ടില്ല. ഇതിന് ശേഷമാണ് മഞ്ജു വാര്യര്‍ സിനിമയിലേക്ക് തിരിച്ച് വരവ് നടത്തുന്നത്.
കുഞ്ചാക്കോ ബോബന്റെ നായികയായി ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിന്റെ റിഎന്‍ട്രി. സ്വന്തം ജീവിതത്തില്‍ നടന്ന സംഭവങ്ങളെ കുറിച്ചൊക്കെ സൂചിപ്പിച്ച് കൊണ്ടുള്ള സിനിമ വലിയ വിജയമായി. മഞ്ജുവിന്റെ കരിയറിനും അത് ഗുണം ചെയ്തു. പിന്നാലെ കൈനിറയെ സിനിമകളാണ് നടിയെ തേടി എത്തിയത്. എല്ലാം ഒന്നിനൊന്ന് ഹിറ്റായി തുടങ്ങിയതോടെ പണ്ട് കിട്ടിയിരുന്നതിനെക്കാളും പിന്തുണയും സ്‌നേഹവുമൊക്കെ മഞ്ജുവിന് ലഭിച്ചു. ഇന്ന് മലയാളത്തിന് പുറമേ തമിഴടക്കം മറ്റ് ഭാഷകളിലും സജീവമാണ് മഞ്ജു വാര്യര്‍.


Click it and Unblock the Notifications











