ആ മലയാള സിനിമയുടെ സെറ്റിൽ ഞാൻ നാണം കെട്ടു; വിഘ്നേശ് ശിവന് മെസേജ് അയച്ചപ്പോൾ; ഗൗരി
96 എന്ന തമിഴ് ചിത്രത്തിലൂടെ വൻ ജനപ്രീതി നേടിയ താരമാണ് ഗൗരി കിഷൻ. നായികയായ തൃഷയുടെ കൗമാരക്കാലമാണ് ഈ ചിത്രത്തിൽ നടി അവതരിപ്പിച്ചത്. മികച്ച പ്രകടനം കാഴ്ച വെച്ച ഗൗരിക്ക് കൈനിറയെ അവസരങ്ങൾ ഈ സിനിമയ്ക്ക് ശേഷം വന്നു. എന്നാൽ പിന്നീടിങ്ങോട്ട് ഉയർച്ചകളും താഴ്ചകളും നടിയുടെ കരിയറിൽ ഒരുപോലെ വന്നു. അനുഗ്രഹീതൻ ആന്റണി, മാർഗംകളി, അനുരാഗം തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിച്ചെങ്കിലും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.
തമിഴിൽ നിന്നും തെലുങ്കിൽ നിന്നും നടിക്ക് അവസരങ്ങൾ വരുന്നുണ്ട്. ഗൗരിയുടെ ഏറ്റവും പുതിയ തമിഴ് സിനിമയാണ് അടിയെ. ജിവി പ്രകാശാണ് സിനിമയിൽ നായകനായെത്തുന്നത്. സിനിമയുടെ പ്രൊമോഷൻ പരിപാടികളുടെ തിരക്കിലാണ് രണ്ട് പേരും. ഗലാട്ട തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഗൗരി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു മലയാളം സിനിമയുടെ സെറ്റിൽ നാണം കെട്ട് പോയ സംഭവത്തെക്കുറിച്ച് ഗൗരി സംസാരിച്ചു. ദിലീപ് പോത്തന്റെ ഓ ബേബി എന്ന സിനിമ താൻ കണ്ടിരുന്നു. സിനിമ ഇഷ്ടമായെന്ന് പറഞ്ഞ് മെസേജും അയച്ചു.

താൻ അഭിനയിക്കുന്ന സിനിമയുടെ സെറ്റിൽ ഓ ബേബിയെക്കുറിച്ച് സംസാരിച്ചു. ലാൽ ജോസും മറ്റൊരു പ്രമുഖ സംവിധായകനും സെറ്റിലുണ്ട്. ജോജു ജോർജ് സിനിമയിൽ ഗംഭീരമായിട്ടുണ്ടെന്ന് ഞാൻ പറഞ്ഞു. അദ്ദേഹം എന്നെ നോക്കി. ജോജു ജോർജോ എന്ന് ചോദിച്ചു. അതെയെന്ന് ആത്മവിശ്വാസത്തോടെ ഞാനും. ദിലീഷ് പോത്തന് പകരം ജോജു ജോർജ് എന്ന് പേര് മാറിപ്പോയതായിരുന്നു. ആ സിനിമയുടെ സെറ്റിൽ താൻ നാണം കെട്ട് പോയെന്ന് ചിരിച്ച് കൊണ്ട് ഗൗരി പറഞ്ഞു.
അഭിമുഖത്തിലെ ഗെയിം ഷോയിൽ ഒരു സെലിബ്രിറ്റിയെ പ്രശംസിച്ച് വോയിസ് മെസേജ് അയക്കാൻ ഗൗരിയോട് ആവശ്യപ്പെട്ടു. സംവിധായകൻ വിഘ്നേശ് ശിവനാണ് നടി മെസേജ് അയച്ചത്. 'വിക്കി സാർ, നിങ്ങൾ വളരെ നല്ലയാളാണ്. അപ്രോച്ചബിളാണ്. നമ്മൾ ഒരുമിച്ച് വർക് ചെയ്തിട്ടില്ല. ഒന്നോ രണ്ടോ തവണ മാത്രമേ കണ്ടിട്ടുള്ളൂ. എനിക്ക് പിന്തുണയും പ്രചോദനവും നിങ്ങൾ നൽകി'

'ചില സിനിമകളുടെ റിലീസിന് മുമ്പ് നിങ്ങൾ എന്നോട് സംസാരിക്കുകയും എന്റെ അഭിപ്രായത്തിന് വിലയുണ്ടെന്ന് തോന്നിക്കുകയും ചെയ്തു. ഭാവിയിൽ നമ്മൾക്കൊരുമിച്ച് വർക്ക് ചെയ്യാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു,' എന്നാണ് ഗൗരി അയച്ച മെസേജ്.
മെസേജിന് വിഘ്നേശിന്റെ മറുപടിയും വന്നു. നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി, നല്ല പ്രൊജക്ട് വന്നാൽ തീർച്ചയായും സമീപിക്കുമെന്നാണ് വിഘ്നേശ് നൽകിയ മറുപടി. സയൻസ് ഫിക്ഷൻ റൊമാന്റിക് ചിത്രമാണ് ഗൗരിയുടെ റിലീസിന് ഒരുങ്ങുന്ന അടിയെ. വെങ്കട്ട് പ്രഭുവും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു. വിഘ്നേശ് കാർത്തിക്കാണ് സിനിമയുടെ സംവിധായകൻ.
96 ന് ശേഷം അത് പോലെ ശ്രദ്ധേയമായ വേഷം ഗൗരിക്ക് ലഭിച്ചിട്ടില്ല. അടിയെ മികച്ച വിജയം നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 2018 ലാണ് 96 റിലീസ് ചെയ്തത്. പുതുമുഖം ആദിത്യ ഭാസ്കറിന്റെ ജോഡിയായാണ് സിനിമയിൽ ഗൗരി അഭിനയിച്ചത്. രണ്ട് പേരും വൻ ജനശ്രദ്ധ സിനിമയിലൂടെ നേടി. വിജയ് സേതുപതി, തൃഷ എന്നിവരാണ് 96 ലെ പ്രധാന വേഷങ്ങൾ ചെയ്തത്.


Click it and Unblock the Notifications











