ചേച്ചി ഞങ്ങളെ സംരക്ഷിക്കുന്ന മാലാഖ; മരിച്ച ശേഷം എല്ലായിടത്തും അദ്ദേഹം ഫോട്ടോ കൊണ്ട് പോയി; ഗോകുൽ
മലയാള സിനിമയിൽ താരപുത്രൻമാരിൽ ശ്രദ്ധേയനാണ് ഗോകുൽ സുരേഷ്. സുരേഷ് ഗോപിയുടെ മകനാണെങ്കിലും ഗോകുലിനെ സംബന്ധിച്ച് കരിയറിൽ ശ്രദ്ധിക്കപ്പെടുകയെന്നത് അത്ര എളുപ്പം ആയിരുന്നില്ല. 2016 ൽ പുറത്തിറങ്ങിയ മുത്തുഗവു എന്ന സിനിമയിലൂടെയാണ് ഗോകുൽ അഭിനയ രംഗത്ത് തുടക്കം കുറിക്കുന്നത്. നവാഗതനായ വിപിൻ ദാസ് സംവിധാനം ചെയ്ത സിനിമ പക്ഷെ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.
അച്ഛൻ സുരേഷ് ഗോപിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന പരിഹാസങ്ങൾ ഏറ്റവും കൂടുതൽ അസ്വസ്ഥതപ്പെടുത്താറ് ഗോകുൽ സുരേഷിനെയാണ്. ഒന്നിലേറെ തവണ ഗോകുൽ സുരേഷ് ഇതിനെതിരെ പ്രതികരിച്ചിട്ടുമുണ്ട്. അച്ഛനെക്കുറിച്ച് സംസാരിക്കുകയാണ് ഗോകുൽ സുരേഷ്. കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

അച്ഛൻ വളരെ സോഫ്റ്റാണ്. ചില സമയങ്ങളിൽ ദേഷ്യപ്പെട്ടതും പുള്ളി ചെയ്ത സിനിമകളിലെ പരിവേഷവും കണ്ട് ദേഷ്യക്കാരാണെന്ന് ആളുകൾക്ക് തോന്നി. ഞാൻ പക്ഷെ തിരിച്ചാണ്. വളരെ അഗ്രസീവാണ്. സിനിമയിൽ വന്ന് കഷ്ടപ്പാടുകളൊക്കെ കണ്ടപ്പോൾ അത് കുറഞ്ഞു. സിനിമാ മേഖലയിൽ വന്നിട്ട് തന്നെക്കുറിച്ച് പരിധിയിൽ കൂടുതൽ ആക്ഷേപങ്ങൾ വന്നിട്ടില്ലെന്നും ഗോകുൽ സുരേഷ് ചൂണ്ടിക്കാട്ടി. സുരേഷ് ഗോപിക്കെതിരെ വരുന്ന ആക്ഷേപങ്ങളെക്കുറിച്ചും മകൻ സംസാരിച്ചു.
അച്ഛൻ ഒരു അഴിമതിക്കാരനായിരിക്കുകയും എനിക്കൊരു ഹെലികോപ്ടർ വരെ വാങ്ങിത്തരികയും ചെയ്തിട്ടാണ് ഈ ആക്ഷേപങ്ങൾ കേൾക്കുന്നതെങ്കിൽ ഞാനിതൊന്നും മൈൻഡ് ചെയ്യില്ലായിരുന്നു. പക്ഷെ എനിക്ക് എൻജോയ് ചെയ്യാനുള്ളത് വരെ എടുത്ത് പുറത്ത് കൊടുത്തിട്ട് തെറി കേൾക്കേണ്ട ആവശ്യമില്ല. അത്തരം സാഹചര്യങ്ങളിൽ താൻ പ്രതികരിക്കുമെന്ന് ഗോകുൽ സുരേഷ് വ്യക്തമാക്കി.

ഞാൻ സിനിമയിലേക്ക് വരുന്ന സമയത്ത് അച്ഛൻ രാഷ്ട്രീയത്തിലേക്ക് മാറിയിട്ടുണ്ട്. അച്ഛൻ എന്തിനാണ് ഇവരുടെ വായിലിരിക്കുന്നത് കേൾക്കുന്നതെന്ന് അമ്മയോട് ഞാൻ ചോദിക്കുമായിരുന്നു. അച്ഛനോട് ചോദിക്കില്ല. അച്ഛനതാണ് ഇഷ്ടം. എനിക്ക് അച്ഛൻ സിനിമയിൽ നിൽക്കുന്നതാണ് ഇഷ്ടം. അദ്ദേഹത്തിന്റെ വഴിയും തീരുമാനങ്ങളുമാണ്.
ഒരു പ്രൊഫഷണൽ ജോലി ഇല്ലാത്ത ഏതൊരു വലിയ താരത്തിന്റെ ഭാര്യയെ പോലെ തന്നെയാണ് എന്റെ അമ്മയും. വീട്ടുകാര്യങ്ങളെല്ലാം മാനേജ് ചെയ്യും. ചേച്ചിയുടെ ട്രസ്റ്റിന്റെ കാര്യങ്ങളൊക്കെ നോക്കും. എന്റെ നല്ല പെരുമാറ്റത്തെക്കുറിച്ച് പറയുമ്പോൾ അച്ഛന്റെ മോനല്ലേ എന്ന് ആളുകൾ പറയും. അമ്മയാണ് ഞങ്ങളെ വളർത്തിയതെന്ന് അവരോട് ഞാൻ തിരുത്തും. അച്ഛനും ഇപ്പോൾ അങ്ങനെയാണ് പറയുന്നതെന്നും ഗോകുൽ സുരേഷ് വ്യക്തമാക്കി.
മരിച്ച് പോയ ചേച്ചി ലക്ഷ്മിയെക്കുറിച്ചും ഗോകുൽ സംസാരിച്ചു. ചേച്ചി ജീവിച്ചിരുന്ന സമയത്ത് ഞാനില്ല. മരിച്ച് ഒന്നരവർഷം കഴിഞ്ഞാണ് ഞാൻ ജനിക്കുന്നത്. എനിക്ക് ഒരുപാട് ഇമോഷൻ അകത്തിട്ട് വീർപ്പ് മുട്ടി പറയേണ്ടി വന്നിട്ടില്ല. ഞങ്ങളുടെ ഗാർഡിയൻ എയ്ഞ്ചൽ പോലെയാണ് ചേച്ചി. എനിക്കെന്തെങ്കിലും വിഷമം വന്നാൽ ആകാശത്തേക്ക് നോക്കും. എന്റേതായ ഫാസിനേഷൻ. ഏതെങ്കിലും നക്ഷത്രത്തെ ഞാൻ ചേച്ചിയായി സങ്കൽപ്പിക്കും. എന്തെങ്കിലുമൊക്കെ ചോദിക്കും. അതിനുത്തരവും കിട്ടിയിട്ടുണ്ട്. പറഞ്ഞാൽ അതിന്റെ ഭംഗി പോകും.
ചേച്ചിയുടെ ഫോട്ടോ വീട്ടിൽ വെച്ചിട്ടുണ്ട്. അങ്ങോട്ട് അധികമാരും പോകാറില്ല. ഞാൻ ഇടയ്ക്ക് പോയി നോക്കിയിരിക്കും. ചേച്ചിയുടെയും അച്ഛന്റെ അച്ഛന്റെയും ഫോട്ടോ അങ്ങോട്ടും ഇങ്ങോട്ടും ഫേസ് ചെയ്താണുള്ളത്. മുത്തശ്ശന് ഏറ്റവും പ്രിയപ്പെട്ട ആളായിരുന്നു ചേച്ചി. മരിച്ച ശേഷം അദ്ദേഹത്തിന്റെ കൈയിൽ എപ്പോഴും ചേച്ചിയുടെ ഫോട്ടോ ഉണ്ടാകുമായിരുന്നെന്നും ഗോകുൽ സുരേഷ് ഓർത്തു. ഒന്നര വയസിലാണ് സുരേഷ് ഗോപിയുടെ ആദ്യത്തെ മകൾ ലക്ഷ്മി വാഹനാപകടത്തിൽ മരിച്ചത്.


Click it and Unblock the Notifications