'എല്ലാവരും ചോദിച്ചതോടെ പ്രകാശ് രാജിന് ചമ്മലായി; മദ്യപിക്കാൻ വിളിച്ചിട്ടും ഞാൻ പോയില്ല'
കോമഡി വേഷങ്ങളിലൂടെ തരംഗം സൃഷ്ടിച്ച നടനാണ് ഹരിശ്രീ അശോകൻ. ഹരിശ്രീ അശോകന്റെ പല കോമഡി ഡയലോഗുകളും ഇന്നും പ്രേക്ഷക മനസ്സിലുണ്ട്. ഇവയിന്നും ട്രോളുകളിലും മറ്റും ഉപയോഗിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ദിലീപ്-ഹരിശ്രീ അശോകൻ കൂട്ടുകെട്ടിൽ തുടരെ ഹിറ്റ് സിനിമകൾ പുറത്തിറങ്ങിയ ഒരു കാലവും ഉണ്ടായിരുന്നു. സിഐഡി മൂസ, പഞ്ചാബി ഹൗസ്, തിളക്കം, ചെസ്, പറക്കും തളിക തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്.
കരിയറിന്റെ ഒരു ഘട്ടത്തിൽ ഹരിശ്രീ അശോകന് കോമഡി നടനെന്ന നിലയിലുണ്ടായിരുന്ന സ്ഥാനം മറ്റ് നടൻമാരിലേക്ക് എത്തി. പിന്നീട് സീരിയസ് വേഷങ്ങളിലും ഹരിശ്രീ അശോകനെ പ്രേക്ഷകർ കണ്ടു. മിന്നൽ മുരളി എന്ന ചിത്രത്തിൽ നടൻ ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. കുറച്ച് സമയം മാത്രമേ മിന്നൽ മുരളിയിൽ ഹരിശ്രീ അശോകനെ കാണുന്നുള്ളൂ. എങ്കിലും നടൻ ചെയ്ത വേഷം വലിയ പ്രേക്ഷക പ്രീതി നേടി. ഹരിശ്രീ അശോകൻ നിറഞ്ഞാടിയ സിനിമയാണ് 2005 ൽ പുറത്തിറങ്ങിയ പാണ്ടിപ്പട.
സിനിമയിൽ പ്രകാശ് രാജിനൊപ്പം അഭിനയിച്ചപ്പോഴുള്ള രസകരമായ അനുഭവം പങ്കുവെക്കുകയാണ് നടനിപ്പോൾ. സെെന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഹരിശ്രീ അശോകൻ. പുള്ളിയുടെ തമിഴ് കലർന്ന മലയാളം വളരെ രസമായിരുന്നെന്ന് ഹരിശ്രീ അശോകൻ ഓർത്തു. സർ എന്നാണ് എല്ലാവരെയും അദ്ദേഹം വിളിക്കുക. തമിഴ് സിനിമകളിലെ കൾച്ചർ ആണത്. പുള്ളി പല ദിവസങ്ങളിലും രാത്രി എന്നെ വിളിക്കും. മലയാളത്തിലാണെങ്കിലും തമാശകൾ പുള്ളിക്ക് ഇഷ്ടമാണ്. മിമിക്രിയിലെയും സ്കിറ്റിലെയും തമാശകൾ ഞാൻ പറയും. പ്രകാശ് രാജ് സർ ഭയങ്കരമായി ചിരിക്കും.

അങ്ങനെ ഒരു ദിവസം രാത്രി എന്നെ വിളിച്ചു. മദ്യപിക്കാനാണ്. വലിയ നടനായതിനാൽ എനിക്ക് അദ്ദേഹത്തോടൊപ്പം മദ്യപിക്കാൻ ചമ്മലായി. കുറേ ദിവസം വിളിച്ചിട്ടും ഞാൻ പോയില്ല. ഒരു ദിവസം എന്തായാലും വരണമെന്ന് പറഞ്ഞു. ഞങ്ങൾ ചീട്ട് കളിച്ചു. തോറ്റാൽ 500 രൂപ കൊടുക്കണം. ആദ്യത്തെ കളി ഞാൻ തോറ്റു. ഞങ്ങൾ കുറേപേർ ഉണ്ട്. സീനത്തും കാണാൻ വന്നിട്ടുണ്ടായിരുന്നെന്നും ഹരിശ്രീ അശോകൻ ഓർത്തു.
ചീട്ടുകളിയിൽ അവസാനം പുള്ളി തോറ്റു. 8000 രൂപ അദ്ദേഹത്തിന് പോയി. സീനത്ത് ഇത് കണ്ട് അമ്പരന്നു. പിറ്റേ ദിവസം സെറ്റിൽ ചെന്നപ്പോൾ ഇക്കാര്യം പ്രകാശ് രാജ് സാറോട് പലരും ചോദിച്ചു. പലരും പല ടോണിലും ചോദിച്ചതോടെ പുള്ളിക്ക് ചമ്മലായി. ഞാനവിടെ നിൽക്കുന്നുണ്ട്.

സെറ്റിലെ മൈക്കെടുത്ത് അദ്ദേഹം സംസാരിച്ചു. 'എല്ലാവരും ഒന്ന് കേൾക്കണം, ഇന്നലെ ഞാനും അശോക് സാറും ചീട്ട് കളിച്ച് 8000 രൂപ എനിക്ക് പോയി, താങ്ക് യൂ' എന്ന് പ്രകാശ് രാജ് പറഞ്ഞെന്നും ഹരിശ്രീ അശോകൻ ഓർത്തു. ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകൻ ഇന്ന് യുവനിരയിൽ ശ്രദ്ധേയ നടനാണ്. മകനെക്കുറിച്ചും ഹരിശ്രീ അശോകൻ സംസാരിച്ചു.
എനിക്ക് ഒരുപാട് നേരം ചിരിച്ചാൽ തലവേദന വരും. ഫംങ്ഷന് പോയാൽ സ്റ്റേജിൽ കയറുമ്പോൾ ചിരിക്കണമെന്ന് എന്റെ മോൻ എന്നോട് പറയും. വെറുതെ ചിരിക്കാൻ പറ്റുമോ ആൾക്കാർ പറയും എനിക്ക് ഭാന്ത്രാണെന്ന് ഞാൻ മറുപടി നൽകി. അതല്ല, അച്ഛൻ ചിരിക്കണം, സീരിയസ് ഫേസാണെന്നാണ് മകൻ പറഞ്ഞത്. അതെന്റെ കുഴപ്പമല്ലെന്ന് ഞാനും. പൊതുവെ വെറുതെ ചിരിക്കാൻ ഇഷ്ടപെടാത്ത ആളാണ് താനെന്നും ഹരിശ്രീ അശോകൻ വ്യക്തമാക്കി.


Click it and Unblock the Notifications











