വിവാഹമോചിതയും കുഞ്ഞിന്റെ അമ്മയും?; അന്ന് ഞാൻ ഞെട്ടി; എ പടത്തിൽ അഭിനയിക്കുന്നെന്ന് പ്രചരിച്ചതിന് പിന്നിൽ; ഹിമ
അഭിനയ രംഗത്ത് ഏറെക്കാലമായി തുടരുന്ന നടിയാണ് ഹിമ ശങ്കർ. സോഷ്യൽ മീഡിയയിൽ പലപ്പോഴും ചർച്ചയായ ഹിമ ശങ്കർ ബിഗ് ബോസ് ഒന്നാം സീസണിൽ മത്സരാർത്ഥിയായി എത്തിയിരുന്നു. അന്ന് നടിക്ക് നേരെ വ്യാപക ട്രോളുകളും സൈബറാക്രമണങ്ങളും വന്നു. സിനിമയേക്കാൾ നാടകത്തിലാണ് ഹിമ ശങ്കർ കൂടുതൽ സാന്നിധ്യമറിയിച്ചിട്ടുള്ളത്. ആക്ടിവിസ്റ്റ് എന്ന ലേബൽ തനിക്ക് വന്നിട്ടുണ്ടെന്നും ഇനിയങ്ങോട്ട് കരിയറിലേക്ക് ശ്രദ്ധ കൊടുക്കാനാണ് താൽപര്യമെന്നും അടുത്തിടെ ഹിമ ശങ്കർ വ്യക്തമാക്കുകയുമുണ്ടായി.
തന്നെക്കുറിച്ച് വന്ന ഗോസിപ്പുകളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ഹിമ ശങ്കർ. മൈൽസ്റ്റോൺ മേക്കേർസിലാണ് നടി മനസ് തുറന്നത്. താൻ എ പടത്തിൽ അഭിനയിക്കുന്നു എന്ന പ്രചരണം ഒരു സമയത്തുണ്ടായിരുന്നെന്ന് ഹിമ ശങ്കർ പറയുന്നു. ഫെസ്റ്റിവലിന് വേണ്ടിയെടുത്ത സിനിമയിലെ ഫോട്ടോകൾ കണ്ട് എ പടമാണെന്ന് പലരും കരുതി. എല്ലാവരും മെസേജ് അയക്കുകയും പലരും പല അർത്ഥത്തിൽ ചോദിക്കുകയും ചെയ്തപ്പോഴാണ് പ്രതികരിച്ചത്.

സിനിമയുടെ ഷൂട്ട് കഴിഞ്ഞിരുന്നില്ല. ഫോട്ടോഷൂട്ടിലെ ചിത്രങ്ങളായിരുന്നു. ആ സിനിമ നടന്നതുമില്ല. ഇതിനെതിരെ പ്രതികരിച്ചപ്പോഴാണ് താൻ ആദ്യം വിവാദ നായികയായതെന്ന് ഹിമ പറയുന്നു. ഫോട്ടോഷൂട്ട് കഴിഞ്ഞ് മൂന്നോ നാലോ വർഷങ്ങൾ കഴിഞ്ഞ ശേഷം പെട്ടെന്ന് പുറത്തേക്ക് വരികയാണ് ചെയ്തത്. അത് എങ്ങനെയാണ് എന്താണെന്ന് അറിയില്ല. സംവിധായകൻ രൂപേഷ് പോളിനെ വിളിച്ചപ്പോൾ അറിയില്ലെന്ന് പറഞ്ഞു. ഫോട്ടോകൾ പുറത്ത് വന്നതിനെതിരെ പ്രതികരിച്ച് കുറിപ്പ് എഴുതി. അതോടെ ഞാൻ വിവാദ നായികയായി. പിറ്റേ ദിവസം പത്രത്തിൽ വരെ വന്നു. അങ്ങനെയാണ് ആക്ടിവിസ്റ്റ് ലേബൽ കിട്ടുന്നത്.
എഴുതിക്കഴിഞ്ഞപ്പോളാണ് പണി പാളി എന്ന് മനസിലാകുന്നത്. നമ്മുടെ ഭാഗത്ത് നിന്നുള്ള സത്യസന്ധമായ പ്രതികരണമാണ്. എനിക്ക് കിട്ടിയ മറുപടികൾ വളരെ മോശമായിരുന്നു. ഇപ്പോഴത്തെ ലിബറൽ ആൾക്കാർ വരെ അന്നത്തെ കാലത്ത് സദാചാര വാദികളായിരുന്നെന്നും ഹിമ ശങ്കർ പറയുന്നു. തന്നെക്കുറിച്ച് വന്നൊരു ഗോസിപ്പിനെക്കുറിച്ചും ഹിമ സംസാരിച്ചു.

ഞാൻ കല്യാണം കഴിച്ച് ഡിവോഴ്സായെന്നും കുട്ടിയുണ്ടെന്നും ആരോ പറഞ്ഞ് നടന്നു. എന്നോടൊരാൾ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ആരാ പറഞ്ഞതെന്ന് ചോദിച്ചു. പെട്ടെന്ന് ചോദിച്ചപ്പോൾ ഞെട്ടിപ്പോയെന്നും ഹിമ പറയുന്നു. ഞാൻ വയലന്റായി പ്രതികരിക്കുമെന്ന് പലരും കരുതാറുണ്ട്. എന്നാൽ എപ്പോഴും താനങ്ങനെയല്ലെന്നും ഹിമ വ്യക്തമാക്കി.
ബിഗ് ബോസ് ഷോയ്ക്ക് ശേഷം ജീവിതത്തിൽ വന്ന മാറ്റത്തെക്കുറിച്ചും ഹിമ സംസാരിച്ചു. നെഗറ്റിവിറ്റിയെ കൂടെ ജീവിതത്തിൽ ഉൾപ്പെടുത്തി. മുമ്പ് നെഗറ്റീവ് എനർജിയെ ബോധപൂർവം ഒഴിവാക്കുമായിരുന്നു. എന്നാലിപ്പോൾ നെഗറ്റീവ് എനർജിയെ അഭിമുഖീകരിക്കണം എന്ന് മനസിലാക്കിയെന്നും ഹിമ വ്യക്തമാക്കി.
തനിക്ക് കരിയറിൽ അവസരങ്ങൾ നഷ്ടമായതിനെക്കുറിച്ച് അടുത്തിടെ മറ്റൊരു അഭിമുഖത്തിൽ ഹിമ ശങ്കർ സംസാരിച്ചിട്ടുണ്ട്. ചിലർ മനപ്പൂർവം തന്റെ അവസരങ്ങൾ ഇല്ലാതാക്കിയെന്നാണ് ഹിമ ആരോപിച്ചത്. സിനിമകളിൽ നിന്ന് തന്നെ ഒഴിവാക്കാൻ വിളിച്ച് പറയുന്നു. അവസരം ഇല്ലാതാക്കാൻ ശ്രമിച്ചവരുടെ പേര് കേട്ടപ്പോൾ താൻ ഞെട്ടിപ്പോയെന്നും ഹിമ ശങ്കർ അന്ന് തുറന്ന് പറഞ്ഞു.


Click it and Unblock the Notifications











