ജീവിതം പഠിക്കുന്നയാളാണ് വിജയ് ബാബുവെന്ന് ഇന്ദ്രൻസ്; ഹോമിലെത്തിയത് ശ്രീനിവാസന് പകരം
ഹോം എന്ന സിനിമയെക്കുറിച്ചും സിനിമയിലെ കാസ്റ്റിംഗിനെക്കുറിച്ചും സംസാരിച്ച് നിർമാതാവും നടനുമായ വിജയ് ബാബു. ഒരുപാട് പേർ നിരസിച്ച സിനിമയാണിതെന്ന് വ്യക്തമാക്കിയ വിജയ് ബാബു സിനിമയിൽ ഇന്ദ്രൻസ് മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും അഭിപ്രായപ്പെട്ടു. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം.

'ഹോം സിനിമ അവാർഡിന് പരിഗണിക്കാതെ പോയോ എന്ന ചർച്ചയുണ്ടായല്ലോ. ഞാനതിനെക്കുറിച്ച് ചിന്തിക്കാറില്ല. നല്ല ഒരു കണ്ടന്റ് ചെയ്യുന്നു. അതിന് ജനങ്ങളുടെ പ്രശംസയാണ് ഏറ്റവും നല്ല അവാർഡെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ഒരു സിനിമ ചെയ്യുന്നത് അവാർഡ് വാങ്ങിക്കാനല്ല'
'കിട്ടുന്നെങ്കിൽ കിട്ടട്ടെ. അത് നമുക്ക് പ്രചോദനം തരും. പ്രൊഡ്യൂസറെന്ന നിലയിൽ ഞാൻ സിനിമ ചെയ്യുന്നത് കൊമേഴ്ഷ്യൽ സക്സസിന് വേണ്ടിയാണ്. അടുത്ത സിനിമ ചെയ്യാൻ ഞാനുണ്ടാവണം എന്ന് വിചാരിച്ച് തന്നെയാണ് സിനിമ ചെയ്യുന്നത്. അതിനപ്പുറം കിട്ടുന്നതെല്ലാം ബോണസാണ്. ആ സമയത്ത് ഞാൻ പ്രതികരിക്കാതിരുന്നതും ഇത് കൊണ്ട് തന്നെയാണ്. ഇന്ദ്രൻസ് ചേട്ടൻ അത് പറഞ്ഞിരുന്നു'

'ഇന്ദ്രൻസ് ചേട്ടൻ ഒരു ഗംഭീര പെർഫോമൻസാണ് അതിൽ ചെയ്തത്. മഞ്ജുവിനും ഇന്ദ്രൻസ് ചേട്ടനും എന്തെങ്കിലുമൊരു പ്രശംസ കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു. ഇങ്ങനെയൊരു സിനിമ വല്ലപ്പോഴും സംഭവിക്കുന്നതാണ്. ലോകമെമ്പാട് നിന്നും പതിനായിരത്തോളം മെസേജുകൾ ഈ സിനിമയ്ക്ക് വന്നിട്ടുണ്ട്'
'അത്രയും നല്ല മെസേജ് നൽകിയ സിനിമയ്ക്ക് എന്തെങ്കിലുമൊക്കെ അംഗീകാരമാവാമായിരുന്നു. സിനിമയുടെ കാസ്റ്റിഗ് ഞാൻ തന്നെ ചെയ്തതാണ്. പല വട്ടം മാറ്റി വെച്ച സിനിമയാണിത്'

'ഇന്ദ്രൻസേട്ടൻ സിനിമയിൽ നൻമയുളള മനുഷ്യനാണ്. ഞാൻ മലയാളം ഇൻഡസ്ട്രിയിൽ കണ്ടിട്ടുള്ള ഏറ്റവും ജെനുവിനായ, ഹംമ്പിളായ, ഡൗൺ ടു എർത്തായ ബ്രില്യന്റ് ആക്ടറാണ്, വിജയ് ബാബു പറഞ്ഞു. വിജയ് ബാബുവിനെ പറ്റി ഫോണിലൂടെ ഇന്ദ്രൻസും സംസാരിച്ചു.
ഞാൻ സാറിനെ ആദ്യം കാണുന്നത് അമ്മ നടത്തുന്ന ഷോയിൽ ചാനലിന്റെ ഹെഡ് ആയാണ്. അപ്പോൾ തന്നെ ഞാനാലോചിച്ചിരുന്നു ഇയാൾക്കൊരു സിനിമാ നടനായിക്കൂടേയെന്ന്. ജീവിതം പഠിക്കുന്നയാളാണ് വിജയ് ബാബുവെന്നും ഇന്ദ്രൻസ് പറഞ്ഞു.

ഹോം എന്ന സിനിമ പിറന്നതിനെക്കുറിച്ചും വിജയ് ബാബു സംസാരിച്ചു. 'റോജിൻ മങ്കിപെന്നിന് ശേഷം പിന്നെ ഒരു സിനിമയേ ചെയ്തുള്ളു. അതിന് ശേഷം ഞങ്ങളോടൊപ്പം സിനിമ ചെയ്യാൻ കഥയൊക്കെ പ്ലാൻ ചെയ്തു. വേറെ ഏതോ ഒരു കാരണം കൊണ്ട് അത് മാറ്റി വെച്ചു'
'പെട്ടെന്ന് റോജിൻ അപ്സെറ്റായി. വേറെന്തെങ്കിലും ചെയ്യാം ഒരു കഥ പറയൂ എന്ന് ഞാൻ പറഞ്ഞു. ഒരു ചെറിയ കഥ പറഞ്ഞപ്പോൾ ഇത് ചെയ്യാം ഡെവലപ് ചെയ്യൂ എന്ന് പറഞ്ഞു, അത് ഡവലപ് ചെയ്ത് കൊണ്ടേയിരുന്നു. ആര് ചെയ്യും എന്നായി'

കാസ്റ്റിംഗ് പല രീതിയിൽ നോക്കി. ആദ്യം ഡബിൾ റോൾ ചെയ്യാം എന്ന രീതിയിൽ ഒരു ആക്ടറുമായി സംസാരിച്ച് നോക്കി. അത് നടന്നില്ല. പിന്നെ ശ്രീനിയേട്ടനെ നോക്കി. അപ്പോഴാണ് അദ്ദേഹത്തിന് അസുഖം വരുന്നത്. ശ്രീനിയേട്ടന് ശരിയാവുമ്പോൾ ചെയ്യാം എന്ന് പറഞ്ഞ് മാറ്റി വെച്ചിരുന്നു.
ഒരുപാട് പേർ റിജക്ട് ചെയ്ത സിനിമയാണിത്. എന്നെങ്കിലും ഈ സിനിമ നടക്കുമോ എന്ന രീതിയിൽ നിൽക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ കൊവിഡിന്റെ പീക്കിലെത്തിയപ്പോൾ ഇതൊരു അനിവാര്യതയായി എനിക്ക് തോന്നി. അങ്ങനെയാണ് ഇന്ദ്രൻസിനെയും മഞ്ജു പിള്ളയെയും വെച്ച് സിനിമ ചെയ്യുന്നതെന്നും വിജയ് ബാബു വ്യക്തമാക്കി.


Click it and Unblock the Notifications











