'വേദിയിൽ വെച്ചേ നയൻതാരയ്ക്ക് ഇഷ്ടപ്പെട്ടില്ല', പ്രശ്നങ്ങൾ കാരണം മീനയ്ക്ക് പകരം സ്നേഹയോ; സത്യാവസ്ഥ
കഴിഞ്ഞ ദിവസമായിരുന്നു നയൻതാര-സുന്ദർ സി ചിത്രം മൂക്കുത്തി അമ്മൻ 2 വിന്റെ ഷൂട്ടിംഗ് പൂർത്തിയായത്. നയൻതാര നായികയാകുന്ന ചിത്രത്തിൽ സ്നേഹ, ഉർവശി തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. ആറ് മാസത്തിലേറെയായി 2000 ടെക്നീഷ്യൻസ് ഈ സിനിമയ്ക്ക് വേണ്ടി വർക്ക് ചെയ്യുകയായിരുന്നെന്നാണ് സുന്ദർ സി പറയുന്നത്. ഷൂട്ടിംഗ് അവസനിച്ചു എന്നറിയിച്ചുള്ള വീഡിയോയിൽ മൂക്കുത്തി അമ്മൻ 2 വിൽ പ്രവർത്തിച്ച അഭിനേതാക്കളെയും ടെക്നീഷ്യൻസിനെയും കാണാം. എന്നാൽ നടി മീനയെ കാണുന്നില്ല.
നേരത്തെ ചിത്രത്തിന്റെ പൂജാ ചടങ്ങിൽ മീന ഉണ്ടായിരുന്നു. വേദിയിലെത്തി നയൻതാരയ്ക്കൊപ്പം ഫോട്ടോ എടുത്തതുമാണ്. നേരത്തെ ദേവീ വേഷങ്ങൾ ചെയ്ത് കയ്യടി നേടിയ താരമാണ് മീന. മീനയെ മുക്കുത്തി അമ്മനിൽ കാണാനാകുമെന്ന് ആരാധകർ പ്രതീക്ഷിച്ചു. എന്നാൽ മീനയില്ല. മീന പ്രൊജക്ടിൽ നിന്ന് ഒഴിവായി പകരം സ്നേഹ എത്തിയതാണോ എന്ന ചോദ്യം വരുന്നുണ്ട്.

പൂജ ചടങ്ങുകൾ പുറത്ത് വന്നപ്പോൾ മീനയെയും നയൻതാരയെയും നെറ്റിസൺസ് താരതമ്യം ചെയ്തിരുന്നു. ചടങ്ങിൽ മിക്കവരും ശ്രദ്ധിച്ചത് മീനയെയാണ്. ഏവരോടും സൗമ്യമായി സംസാരിക്കുന്ന മീനയുടെ ദൃശ്യങ്ങൾ ആരാധകർ ചൂണ്ടിക്കാട്ടി. നയൻതാരയുടെ മുഖത്ത് അഹങ്കാരമുള്ളത് പോലെ തോന്നുന്നു, മീന വലിയ താരമായിട്ടും എത്ര സൗമ്യമായാണ് പെരുമാറുന്നതെന്നെന്ന് കമന്റുകൾ വന്നിരുന്നു.
മീനയുൾപ്പെടെയുള്ളവരുടെ സാന്നിധ്യം നയൻതാരയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്നും വാദം വന്നിരുന്നു. ഇതെല്ലാമാണോ മീന മൂക്കുത്തി അമ്മൻ 2 വിന്റെ ഭാഗമല്ലാത്തതെന്ന ചോദ്യം വരുന്നുണ്ട്. എന്നാൽ യഥാർത്ഥത്തിൽ മീന ഈ സിനിമയുടെ ഭാഗമായിരുന്നില്ല. പൂജ ചടങ്ങളിൽ അതിഥിയായി വന്നതാണ്. നയൻതാര-മീന പ്രശ്നങ്ങൾ എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ഉയരുന്ന വാദവും തെറ്റാണ്. കാരണം മീനയ്ക്കൊപ്പം സന്തോഷത്തോടെ നയൻതാര സംസാരിക്കുന്ന ദൃശ്യങ്ങൾ പിന്നീട് പുറത്ത് വന്നിരുന്നു.
മൂക്കുത്തി അമ്മനുമായി ബന്ധപ്പെട്ട് പിന്നെയും നയൻതാരയെക്കുറിച്ച് ഗോസിപ്പുകൾ വന്നിരുന്നു, യൻതാരയും സംവിധായകൻ സുന്ദർ സിയും തമ്മിൽ പ്രശ്നങ്ങളുണ്ടായെന്നും ഷൂട്ടിംഗ് നിർത്തി വെക്കേണ്ടി വന്നെന്നുമായിരുന്നു സംസാരം. നയൻതാരയ്ക്ക് ഒരു കോസ്റ്റ്യൂം കൊടുത്തപ്പോൾ ഈ കോസ്റ്റ്യൂമിൽ അഭിനയിക്കില്ലെന്ന് പറഞ്ഞു. ഇതിന്റെ പേരിൽ കോസ്റ്റ്യൂം ഡിസെെനറുമായി പ്രശ്നമുണ്ടായി, ഇതിന് പുറമെ നയൻതാരയുടെ നിബന്ധനകളും കാരണം സുന്ദർ സി നായിക സ്ഥാനത്തേക്ക് നയൻതാരയ്ക്ക് പകരം തമന്നയെ പരിഗണിക്കുന്നു എന്നായിരുന്നു വാർത്ത. എന്നാൽ ഈ വാർത്ത സുന്ദർ സിയുടെ ഭാര്യ നടി ഖുശ്ബു തള്ളിക്കളഞ്ഞു.
അടുത്ത കാലത്തായി നയൻതാരയുടെ ഇമേജിന് വലിയ കോട്ടം വന്നിട്ടുണ്ട്. അഹങ്കാരമുള്ള താരമാണ് നയൻതാരയെന്ന് വ്യാപക വിമർശനം വന്നു. ഇതിന് പല കാരണങ്ങളുണ്ട്. ചില പൊതുവിടങ്ങളിൽ വെച്ചുള്ള നയൻതാരയുടെ പെരുമാറ്റം വിമർശനത്തിന് വഴി വെച്ചു. ഒരു ഇവന്റിൽ വെച്ച് വേദിയിലേക്ക് നയൻതാര നടക്കവെ പിറകിൽ നിന്നും ഒരാളോട് നടിയുടെ ഗൗണിൽ ചവിട്ടിപ്പോയി. ഇതിൽ ദേഷ്യം വന്ന നയൻതാര ആ വ്യക്തിയെ രൂക്ഷമായി നോക്കി. നയൻതാരയുടെ കടുത്ത നിബന്ധനകളും സിനിമാ ലോകത്ത് ചർച്ചയായി.


Click it and Unblock the Notifications











