മഞ്ജു വാര്യരെ അവഗണിച്ച് നയൻതാര; ഈഗോയില്ലാതെ മഞ്ജു; ലേഡി സൂപ്പർസ്റ്റാറുകൾ ചർച്ചയിൽ
താരമൂല്യത്തിൽ തെന്നിന്ത്യയിൽ മറ്റേത് നടിയേക്കാളും മുന്നിലാണ് നയൻതാര. ഇന്ന് ഏത് പുതുമുഖവും കൊതിക്കുന്ന കരിയർ ഗ്രാഫുള്ള നടി. സിനിമാ രംഗത്ത് 20 വർഷമായി നടി മുൻനിരയിൽ തുടരുന്നു എന്നത് ശ്രദ്ധേയമാണ്. ഒപ്പം വന്ന പല നടിമാരുടെ മാർക്കറ്റ് മൂല്യം ഇതിനിടെ ഇടിഞ്ഞു. ചിലർ സിനിമാ രംഗം വിട്ടു. എന്നാൽ സിനിമയോടുള്ള പാഷൻ ഒരിക്കലും നയൻതാരയെ വിട്ട് പോയില്ല. ദീർഘകാലം ഇൻഡസ്ട്രിയിൽ നിൽക്കണമെന്ന് ഉറച്ച് തന്നെയാണ് നയൻതാര മുന്നോട്ട് നീങ്ങിയതും.
അനാവശ്യമായി പൊതുവിടങ്ങളിലോ അഭിമുഖങ്ങളിലോ വരില്ലെന്ന് വർഷങ്ങൾക്ക് മുമ്പേ നടിയെടുത്ത തീരുമാനമാണ്. ഇതിന് കാരണവും നയൻതാര തുറന്ന് പറഞ്ഞിട്ടുണ്ട്. അഭിമുഖങ്ങളിൽ മുഖം കൊടുക്കാത്തത് ബോധപൂർവമാണെന്ന് താരം വ്യക്തമാക്കി. വർഷങ്ങളായി അഭിനയ രംഗത്തുള്ള താൻ അഭിമുഖങ്ങളിലും പരസ്യങ്ങളിലും തുടരെ വന്നാൽ കാണുന്ന പ്രേക്ഷകർക്ക് മടുക്കുമെന്നും നടി അന്ന് ചൂണ്ടിക്കാട്ടി.

സോഷ്യൽ മീഡിയയിലും നടിക്ക് ഔദ്യോഗിക അക്കൗണ്ട് ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ നടി അക്കൗണ്ട് തുടങ്ങി. മക്കളായ ഉയിരിന്റെയും ഉലകത്തിന്റെയും മുഖം ആദ്യ പോസ്റ്റിലൂടെ നടി ആരാധകരെ കാണിക്കുകയും ചെയ്തു. ജവാൻ സിനിമയുടെ റിലീസിനോടടുപ്പിച്ചാണ് നടി സോഷ്യൽ മീഡിയയിലേക്ക് കടന്ന് വന്നിരിക്കുന്നത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കൂടിയാണ് തീരുമാനമെന്ന സൂചനയുമുണ്ട്.
ഇൻസ്റ്റഗ്രാമിലേക്ക് കടന്ന് വന്ന് ഒരു ദിവസം പൂർത്തിയാകുന്നതിന് മുമ്പേ താരത്തിന്റെ ഫോളോവേഴ്സിന്റെ എണ്ണം ഒരു മില്യൺ പിന്നിട്ടിരിക്കുകയാണ്. നയൻതാരയുടെ ജനപ്രീതി എത്രത്തോളമാണെന്ന് ഇത് തെളിയിക്കുന്നു. അതേസമയം നയൻതാര ഫോളോ ചെയ്യുന്നവരുടെ എണ്ണം കുറവാണ്. 10 പേരെ മാത്രമാണ് ഇതുവരെ നടി ഫോളോ ചെയ്തിട്ടുള്ളത്. വിഘ്നേശ് ശിവൻ, ഷാരൂഖ് ഖാൻ, അനിരുദ്ധ്, പ്രിയങ്ക ചോപ്ര, സമാന്ത മിഷേൽ ഒബാമ ഉൾപ്പെടെയുള്ളവരാണിത്. സമാന്ത നയൻതാരയ്ക്കൊപ്പം കാത്തുവാക്ക്ല രണ്ട് കാതൽ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

സഹപ്രവർത്തകരായ തൃഷ, അനുഷ്ക ഷെട്ടി തുടങ്ങിയവരൊന്നും നയൻതാരയെയോ നയൻതാര ഇവരെയോ ഫോളോ ചെയ്യുന്നില്ല. തൃഷ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇരുവരും ഒരേ കാലഘട്ടത്തിൽ സിനിമാ രംഗത്തേക്ക് വന്നവരാണ്. ഒരു സമയത്ത് ഇരുവരും സുഹൃത്തുക്കളായിരുന്നെങ്കിലും പിന്നീട് അകന്നു.
കാത്ത് വാക്ക്ല രണ്ട് കാതൽ എന്ന ചിത്രം ആദ്യം സമാന്തയ്ക്ക് പകരം തൃഷയെയാണ് പരിഗണിച്ചത്. എന്നാൽ നയൻതാരയ്ക്ക് പ്രാധാന്യം അധികം ലഭിച്ചേക്കും എന്ന് തോന്നിയ നടി സിനിമ വേണ്ടെന്ന് വെക്കുകയായിരുന്നു. അടുത്ത സൗഹൃദമില്ലെങ്കിലും തങ്ങൾ തമ്മിൽ മത്സരമൊന്നും ഇല്ലെന്ന് അടുത്തിടെ തൃഷ വ്യക്തമാക്കിയിട്ടുമുണ്ട്.
നടി മഞ്ജു വാര്യർ നയൻതാരയെ ഫോളോ ചെയ്യുന്നുണ്ടെങ്കിലും നടി തിരിച്ച് ഫോളോ ചെയ്തിട്ടില്ല. ലേഡി സൂപ്പർസ്റ്റാറായി അറിയപ്പെടുന്ന രണ്ട് നടിമാരാണ് നയൻതാരയും മഞ്ജു വാര്യരും. എന്നാൽ എന്തുകൊണ്ട് മഞ്ജുവിനെ നടി ഫോളോ ചെയ്യുന്നില്ലെന്ന ചോദ്യം ആരാധകർക്കുണ്ട്. തന്നെ ഫോളോ ചെയ്യാത്തതിന്റെ പേരിൽ മഞ്ജു നയൻതാരയെ അൺ ഫോളോ ചെയ്തിട്ടുമില്ല. പാെതുവെ നായിക നടിമാരുമായി അടുത്ത സൗഹൃദം നയൻതാരയ്ക്കില്ല. പലപ്പോഴും നടിമാരുമായി അത്ര സ്വര ചേർച്ചയും നയൻതാരയ്ക്കുണ്ടായിട്ടില്ല.
അടുത്തിടെ നടി മംമ്ത മോഹൻദാസ് നയൻതാരയെക്കുറിച്ച് പരോക്ഷമായി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. കുചേലൻ എന്ന സിനിമയിൽ അഭിനയിക്കവെയുണ്ടായ അനുഭവമാണ് മംമ്ത പങ്കുവെച്ചത്. ഈ രജിനികാന്ത് ചിത്രത്തിൽ ഗാനരംഗത്തിൽ അഭിനയിക്കാനെത്തിയ തന്റെ സീനുകൾ വെട്ടിച്ചുരുക്കി. മറ്റൊരു നടിയുണ്ടെങ്കിൽ ഷൂട്ടിനെത്തില്ല എന്ന് സിനിമയിലെ പ്രധാന നടി പറഞ്ഞതിനെ തുടർന്ന് സീനുകൾ ഒഴിവാക്കിയതെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് മംമ്ത തുറന്ന് പറഞ്ഞു.


Click it and Unblock the Notifications