'ഇഷ്ടമില്ലാതെ വായിൽ കുത്തിക്കയറ്റുന്നു', അമ്മ അന്ന് ഒരുപാട് വിഷമിച്ചു; ഇങ്ങനെ പറയാൻ എന്തവകാശം; പാർവതി
മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നടനാണ് ജഗതി ശ്രീകുമാർ. ഓടി നടന്ന് ഒട്ടനവധി സിനിമകളിൽ അഭിനയിച്ചിരുന്നു ജഗതി സിനിമകളിൽ നിന്ന് മാറി നിന്നിട്ട് വർഷങ്ങളേറെ കഴിഞ്ഞു. അന്നും ഇന്നും ജഗതി ശ്രീകുമാറിന് ഒരു പകരക്കാരൻ വന്നിട്ടില്ല. സിനിമാ ലോകത്ത് നിരവധി പ്രമുഖർ ജഗതിയുടെ അഭാവത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. 2012 ൽ മലപ്പുറത്ത് വെച്ചാണ് ജഗതിക്ക് വാഹനാപകടമുണ്ടാവുന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് സാരമുള്ളതായിരുന്നു.

ഏറെ നാൾ കിടപ്പിലായ ജഗതിയുടെ ആരോഗ്യ നിലയിൽ ഇന്ന് മെച്ചമുണ്ട്. കുടുംബത്തിന്റെ സംരക്ഷണയിലാണ് ജഗതി ഇപ്പോഴുള്ളത്. മകൾ പാർവതി ജഗതി ശ്രീകുമാറിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ജഗതി ശ്രീകുമാറിന്റെ ഫോട്ടോ പങ്കുവെക്കുമ്പോൾ വരുന്ന നെഗറ്റീവ് കമന്റുകളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പാർവതി. സീ മലയാളം ന്യൂസിനോടാണ് പ്രതികരണം.

'ഞാനും പപ്പയും കൂടി ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്താലും കമന്റും ലൈക്കും കിട്ടാനാണെന്ന് പറയും. അങ്ങനെ ചിന്തിക്കേണ്ട കാര്യമില്ല, അദ്ദേഹം ഒരു കലാകാരനാണ്. അദ്ദേഹത്തെക്കുറിച്ച് അറിയാൻ പബ്ലിക്കിന് അവകാശമുണ്ട്'
'അദ്ദേഹത്തിന്റെ ഒഫീഷ്യൽ പേജിലും എന്റെ പേജിലുമാണെങ്കിൽ ഫോട്ടോയുമായി ബന്ധപ്പെട്ട കാര്യങ്ങളും പറയും. അവർക്കതറിയാൻ അവകാശമുണ്ട്. കലാകാരൻമാർ തനിയെ വളരുന്നതല്ല. പബ്ലിക്കാണ് അവരെ കൊണ്ട് വരുന്നത്. പബ്ലിക്കാണ് ഏതാണ് നല്ല പടമെന്ന് തീരുമാനിക്കുന്നത്'

'നാളെ ഇദ്ദേഹത്തിന് എന്തെങ്കിലും അപകടം വന്നാൽ പബ്ലിക്കിന് ചോദിക്കാനുള്ള അവകാശവുണ്ട്. നമ്മൾ അങ്ങനെയാണ് നോക്കുന്നത്'
'എനിക്കിപ്പോഴും ഓർമ്മയുണ്ട്. ഓണത്തിന് അച്ഛന് അമ്മ വാരിക്കൊടുക്കുന്ന വീഡിയോ കണ്ടിട്ട് താഴെ വന്ന കമന്റ് ആ തള്ളയ്ക്ക് ഇഷ്ടമില്ലാതെ വായിൽകുത്തിക്കേറ്റുന്നു എന്നായിരുന്നു. ഇവർക്കെന്ത് അവകാശമുണ്ട് ഇങ്ങനെ പറയാൻ'

'ഞാനൊന്നും മൈൻഡ് ചെയ്യാറില്ല. ഒരു നെഗറ്റീവ് കമന്റിനും മറുപടി നൽകാറില്ല. അത് പത്ത് ആളുകൾ വേറെ കാണും, അങ്ങനെ ലൈക്കുണ്ടാക്കാനിരിക്കുന്ന ആളുകളാണ്. എനിക്ക് നല്ല പോലെ അറിയാം എന്റെ പപ്പയെ എങ്ങനെയാണ് നോക്കുന്നതെന്ന്. കുഞ്ഞുപിള്ളാരെ പോലെയാ നോക്കുന്നത്'
'എന്റമ്മ ആദ്യമായല്ല വാരിക്കൊടുക്കുന്നത്. പുള്ളി നല്ല പോലെ ഇരുന്നപ്പോഴും വാരിക്കൊടുത്തിട്ടുണ്ട്. പപ്പ കഴിക്കുമ്പോൾ ഞങ്ങൾക്കും ഒരുരുള തരും. ഞങ്ങളിപ്പോഴും മീൻ കറി വെച്ചാൽ ചട്ടിക്കകത്ത് ചോറ് വാരിയിട്ട് അമ്മ എനിക്കും പപ്പയ്ക്കും എല്ലാവർക്കും വാരിക്കൊടുക്കും. അതൊരു സ്നേഹമാണ്'

'ഈ നെഗറ്റീവ് കമന്റുകൾ വായിച്ചിട്ട് അമ്മയ്ക്ക് വിഷമമായിരുന്നു. പതിനായിരം നല്ല കമന്റുകൾക്കിടയിലായിരിക്കും ഒന്നോ രണ്ടോ ചൊറി കമന്റുകൾ വരുന്നത്. അത് അവഗണിക്കുക. പപ്പ മുമ്പ് സോഷ്യൽ മീഡിയയുമായി യാതൊരു ബന്ധവുമില്ലാത്ത ആളായിരുന്നു'
'ഇപ്പോൾ ഞങ്ങൾ ഓരോ വീഡിയോകളൊക്കെ കാണിക്കും. പപ്പയുടെ സോഷ്യൽ മീഡിയ മാനേജ് ചെയ്യുന്നത് ഞാനാണ്. ജഗതി ശ്രീകുമാർ എന്റർടെയ്ൻമെന്റ്സ് എന്ന പേരിൽ എന്റെ സഹോദരൻ കൾച്ചറൽ ആക്ടിവിറ്റികൾ നടത്തുന്നുണ്ട്,' പാർവതി പറഞ്ഞു.
സിനിമാ ലോകത്തേക്ക് ജഗതിക്ക് ഒരു തിരിച്ച് വരവുണ്ടാവുമെന്ന് തന്നെയാണ് പ്രേക്ഷകരെ പോലെ കുടുംബവും പ്രതീക്ഷിക്കുന്നത്. ആരോഗ്യ നിലയിൽ മെച്ചമുണ്ടെന്നും സിനിമ മാത്രമായിരുന്നു അച്ഛന്റെ മനസ്സിലെന്നും പാർവതി നേരത്തെ പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications