അമ്മ തഞ്ചാവൂർക്കാരിയാണ്; മലയാളത്തിൽ നിന്നും മാറി നിൽക്കാൻ കാരണം മക്കൾ പറഞ്ഞ വാക്കുകൾ; ജയറാം
ജയറാം ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എബ്രഹാം ഒസ്ലർ. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ഇതിനകം വലിയ ഹൈപ്പ് ലഭിക്കുന്നുണ്ട്. ഏറെക്കാലമായി മലയാള സിനിമകളിൽ ജയറാമിനെ കണ്ടിരുന്നില്ല. തുടരെ വന്ന പരാജയ സിനിമകൾ കാരണം ജയറാമിന്റെ താരമൂല്യത്തിൽ ചെറുതല്ലാത്ത ഇടിവ് വന്നിട്ടുണ്ട്. ജയറാമിന്റെ വീഴ്ചയെന്ന പേരിൽ പ്രേക്ഷകർക്കിടയിൽ നടന്ന ചർച്ചകളും ചെറുതല്ല.
വിമർശനങ്ങൾക്കെല്ലാമുള്ള മറുപടിയായി എബ്രഹാം ഒസ്ലർ വലിയ വിജയം നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് ജയറാം. ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തിൽ ജയറാം പങ്കുവെച്ച അനുഭവങ്ങളും വിശേഷങ്ങളുമാണിപ്പോൾ ശ്രദ്ധ നേടുന്നത്. പൊന്നിയിൻ സെൽവൻ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചതിനെക്കുറിച്ച് ജയറാം സംസാരിച്ചു. കുട്ടിക്കാലം മുതൽ കേട്ടുവളർന്ന കഥയാണ് പൊന്നിയിൻ സെൽവനെന്ന് ജയറാം പറയുന്നു.

എന്റെ അമ്മ തമിഴ്നാട്ടിലെ തഞ്ചാവൂർക്കാരിയാണ്. തഞ്ചാവൂർ കുംഭകോണത്താണ് ഈ സംഭവങ്ങളൊക്കെ നടന്നത്. എന്റെ കുട്ടിക്കാലത്ത് ഇത്രയധികം തമിഴ് പുസ്തകം വരുത്തുന്ന വീടില്ല. ആനന്ദവികടൻ, കുമദും, ബൊമ്മെെ, കൽക്കി തുടങ്ങിയ പുസ്തകങ്ങൾ ആഴ്ചയിലും മാസത്തിലും അമ്മ വരുത്തിക്കും. കൽക്കിയുടെ നോവലിനായി അമ്മ കാത്തിരിക്കും. ഈ കഥ മുഴുവൻ എനിക്ക് പറഞ്ഞ് തരും. കുട്ടിക്കാലം മുതൽ അങ്ങനെയൊരു ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. കുട്ടിക്കാലത്ത് അച്ഛൻ ആവക്കഥകൾ പറഞ്ഞ് തരും. പിൽക്കാലത്ത് അതാണ് ഞാൻ മക്കൾക്ക് പറഞ്ഞ് കൊടുത്തത്.
കഥ പറയുമ്പോൾ അമ്മ നമ്പിയെക്കുറിച്ച് സംസാരിക്കും. നമ്പിയുടേതാണ് മുഴുവൻ ബുദ്ധിയും. നമ്പിക്ക് അറിയാത്ത വിഷയമില്ലെന്ന് അമ്മ പറഞ്ഞിരുന്നു. കുട്ടിക്കാലം മുതൽ നമ്പിയെ അറിയാവുന്നത് കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലും സഹായിച്ചിട്ടുണ്ടെന്ന് ജയറാം പറയുന്നു. മലയാള സിനിമയിൽ നിന്ന് വന്ന ഇടവേളയെക്കുറിച്ചും ജയറാം സംസാരിച്ചു.

എന്ത് കാര്യമുണ്ടെങ്കിലും ഞാൻ ഭാര്യയും മക്കളുമായാണ് സംസാരിക്കാറ്. 2020 ൽ കൊവിഡിൽ വീട്ടിലിക്കുമ്പോൾ അപ്പാ, മലയാളത്തിൽ കുറച്ചൂടെ നോക്കി ചെയ്യ്, വർഷത്തിൽ ഒരു പടം ചെയ്താലും പോരെയെന്ന് മക്കൾ പറഞ്ഞു. 365 ദിവസം ജോലി ചെയ്യാനുള്ളത് മറ്റ് ഭാഷകളിലുണ്ട്. അങ്ങനെ ചെയ്യെന്നും അവർ പറഞ്ഞെന്നും ജയറാം ഓർത്തു.
നോ പറയാൻ പണ്ട് ഭയങ്കര മടിയായിരുന്നു. അങ്ങനെ വേണ്ടാത്ത ഒരുപാട് സിനിമകൾ വന്നു. ഇപ്പോൾ നോ പറയാൻ പറ്റുന്നുണ്ടെന്നും ജയറാം വ്യക്തമാക്കി. ജനുവരി 11 നാണ് എബ്രഹാം ഒസ്ലർ റിലീസ് ചെയ്യുന്നത്. ജയറാമിന്റെ മകൻ കാളിദാസ് ജയറാമും മലയാള സിനിമാ രംഗത്ത് സജീവമല്ല. കരിയറിനപ്പുറം ജയറാമിന്റെ കുടുംബത്തിൽ ഇന്ന് വിശേഷങ്ങൾ ഏറെയാണ്. കാളിദാസിന്റെയും സഹോദരി മാളവികയുടെയും വിവാഹ നിശ്ചയം അടുത്തിടെയാണ് നടന്നത്. കാളിദാസിന്റെയും തരിണിയുടെയും വിവാഹ നിശ്ചയമാണ് ആദ്യം നടന്നത്.
മോഡലായ തരിണിയെയാണ് കാളിദാസ് വിവാഹം ചെയ്യുന്നത്. ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നു. നവനീത് ഗിരീഷ് എന്നാണ് മാളവികയുടെ വരന്റെ പേര്. യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്റാണ് നവനീത്. ഒരു മകനെകൂടി ലഭിച്ചെന്നാണ് വിവാഹ നിശ്ചയത്തിന് ശേഷം ജയറാം കുറിച്ചത്. താര കുടുംബത്തിലെ വിവാഹം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications