ആ തെറ്റിദ്ധാരണ കാരണം അവസാന നിമിഷം സുരേഷ് ഗോപി പിന്മാറി; ഫ്രണ്ട്സിലേക്ക് ജയറാം എത്തിയതിങ്ങനെ
മലയാളത്തിലെ സൂപ്പർ താരങ്ങളിൽ ഒരാളായ സുരേഷ് ഗോപി ഇന്ന് സിനിമയേക്കാളും രാഷ്ട്രീയത്തിലേക്കാണ് ശ്രദ്ധ നൽകുന്നത്. സുരേഷ് ഗോപിയുടെ കരിയർ ഗ്രാഫ് സിനിമാ ലോകത്ത് പലപ്പോഴും ചർച്ചയായിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം താരമൂല്യമുള്ള നടനാണ് സുരേഷ് ഗോപി. എന്നാൽ പലപ്പോഴും കരിയറിൽ ചില വീഴ്ചകൾ ഇദ്ദേഹത്തിന് സംഭവിച്ചു. പൊലീസ് വേഷങ്ങളിൽ സുരേഷ് ഗോപി തളയ്ക്കപ്പെട്ട ഒരു കാലഘട്ടവും ഉണ്ടായിരുന്നു. ഒരു ഘട്ടത്തിൽ വലിയ ഇടവേളയും കരിയറിൽ വന്നു.
പല ഹിറ്റ് സിനിമകളും സുരേഷ് ഗോപിക്ക് നഷ്ടമായിട്ടുണ്ട്. ഇതിലൊന്നാണ് സിദ്ദിഖ്-ലാൽ ചിത്രം ഫ്രണ്ട്സ്. ജയറാം ചെയ്ത വേഷത്തിന് ആദ്യം പരിഗണിച്ചത് സുരേഷ് ഗോപിയെ ആയിരുന്നു. എന്നാൽ നടൻ ഈ സിനിമ ചെയ്യാൻ തയ്യാറായില്ല. ആദ്യം സമ്മതം പറഞ്ഞെങ്കിലും പിന്നീട് താരം പിന്മാറുകയാണുണ്ടായത്. ഇതേക്കുറിച്ച് അന്തരിച്ച സംവിധായകൻ സിദ്ദിഖ് മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

സിനിമ വിഷുവിന് റിലീസ് ചെയ്യുമെന്ന് കാർഡ് അടിക്കണം. മുകേഷും ശ്രീനിവാസനും സുരേഷ് ഗോപിയും കൂടെ ഫോട്ടോ എടുക്കണം. സുരേഷ് ഗോപി ഇവരെ രണ്ട് പേരെയും ചേർത്ത് പിടിച്ച് കൊണ്ട് നിൽക്കുന്ന ഫോട്ടോ. ഫോട്ടോ എടുക്കാൻ മൂന്ന് പേരെയും ഒരുമിച്ച് കിട്ടിയില്ല. അവസാനം കാർഡ് അടിക്കേണ്ട ദിവസം വന്നപ്പോൾ ഫോട്ടോ ഇതുവരെ എടുക്കാൻ പറ്റിയിട്ടില്ല. അങ്ങനെയാണെങ്കിൽ വരപ്പിക്കാം എന്ന് പറഞ്ഞു. ഒരു കാർട്ടൂണിസ്റ്റിനെ കൊണ്ടാണ് വരപ്പിച്ചത്. പക്ഷെ ആരെയും കണ്ടാൽ മനസിലാവുന്നില്ല.
മാറ്റി വരക്കാനുള്ള സമയവും ഇല്ല. കാരണം നാളെ പ്രിന്റിംഗിന് പോയാലെ കാർഡ് കിട്ടൂ. ഫോട്ടോയുടെ താഴെ എല്ലാവരുടെയും പേര് എഴുതാൻ തീരുമാനിച്ചു. ആദ്യം നിൽക്കുന്നത് മുകേഷാണ്. മുകേഷിന്റെ പേര് ആദ്യം എഴുതി. ഈ കാർഡ് ആരോ സുരേഷ് ഗോപിയെ കാണിച്ച് തെറ്റദ്ധരിപ്പിച്ചു. നീയല്ല മെയിൻ റോൾ മുകേഷാണ് എന്ന് പറഞ്ഞു. സുരേഷ് നേരിട്ട് വിളിച്ച് ചോദിച്ചില്ല. അന്ന് മമ്മൂക്കയും ലാലും സുരേഷും ഏതാണ്ട് ഒപ്പം നിൽക്കുന്ന താരങ്ങളാണെന്നും സിദ്ദിഖ് അന്ന് ചൂണ്ടിക്കാട്ടി.
ഡേറ്റ് പറയാൻ വേണ്ടി ചെല്ലുമ്പോൾ സുരേഷ് ഗോപി പറഞ്ഞു, അത് ആലോചിക്കണം, വിഷുവിന് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു. അതിന് മുമ്പ് അരോമയുടെ പടം ഏറ്റിട്ടുണ്ടെന്നും പറഞ്ഞു. ഒരു വർഷം മുമ്പാണ് സുരേഷ് ഗോപിയെ ഞങ്ങൾ സമീപിച്ചത്. സുരേഷ് ഗോപിയെ മാറ്റാമെന്ന് താനും ലാലും തീരുമാനിച്ചു. അഭിനയിക്കാൻ പറ്റില്ലെന്ന് നടൻ തീർത്ത് പറഞ്ഞിരുന്നെന്നും സിദ്ദിഖ് ഓർത്തു.


Click it and Unblock the Notifications