മുംബൈയിലെത്തിയപ്പോൾ ആളാകെ മാറി; പൊതുവേദിയിൽ പോലും മരുമകളെ നിയന്ത്രിച്ച ശിവകുമാർ; ജ്യോതിക നേരിട്ടത്
തെന്നിന്ത്യൻ സിനിമാ ലോകത്ത് വലിയ ചർച്ചയായതാണ് സൂര്യയും ജ്യോതികയും തമ്മിലുള്ള പ്രണയവും വിവാഹവും. ഹിറ്റ് ജോഡിയായ ഇരുവരും ജീവിതത്തിലും ഒരുമിച്ചപ്പോൾ ആരാധകർ ഏറെ സന്തോഷിച്ചു. അതേസമയം സൂര്യയുടെ കുടുംബം ഈ പ്രണയ ബന്ധത്തെ എതിർത്തിരുന്നു. പ്രത്യേകിച്ചും സൂര്യയുടെ പിതാവ് ശിവകുമാറാണ് ഏറ്റവും കൂടുതൽ എതിർപ്പ് പറഞ്ഞത്. മുംബൈക്കാരിയാണ് ജ്യോതിക. വളർന്ന് വന്ന പശ്ചാത്തലമെല്ലാം വ്യത്യസ്തം. അന്ന് തമിഴ് സംസാരിക്കാൻ അറിയില്ല. സിനിമാ നടിയും.
ഇക്കാരണങ്ങൾ നിരത്തിയാണ് ശിവകുമാർ ബന്ധത്തെ എതിർത്തത്. കുടുംബത്തിന്റെ കെട്ടുറപ്പിന് വലിയ പ്രാധാന്യം നൽകുന്ന ആളാണ് ഇദ്ദേഹം. എന്നാൽ ജ്യോതിക തന്നെയാണ് തന്റെ ജീവിത പങ്കാളിയെന്ന് സൂര്യ ഉറപ്പിച്ചു. അച്ഛന്റെ സമ്മതം ലഭിക്കും വരെ കാത്തിരുന്നു, സിനിമാ ലോകത്ത് അക്കാലത്ത് ഇത് വലിയ ചർച്ചയായി. ഒടുവിൽ ശിവകുമാറിന്റെ സമ്മതം ലഭിച്ച ശേഷം വിവാഹം നടന്നു. വിവാഹ ശേഷം ജ്യോതിക അഭിനയ രംഗം വിട്ടു.

സൂര്യ സൂപ്പർതാരമായി വളർന്നു. സൂര്യയുടെ കൂട്ടുംകുടുംബത്തിലെ മരുമകളായി ജ്യോതിക ജീവിതം നയിച്ചു. രണ്ട് മക്കളുടെ അമ്മയായി. എന്നാൽ വർഷങ്ങൾക്കിപ്പുറം സാഹചര്യം മാറി. ജ്യോതിക അഭിനയ രംഗത്തേക്ക് തിരിച്ച് വന്നു. കുറച്ച് വർഷങ്ങൾക്കുള്ളിൽ സൂര്യയും ജ്യോതികയും മക്കളോടൊപ്പം മുംബൈയിലേക്ക് താമസം മാറി.
ഇതിനെല്ലാം പിന്നിൽ എന്തൊക്കെയോ അസ്വാരസ്യങ്ങളുണ്ടെന്നാണ് തമിഴകത്ത് ഏറെ നാളായി തുടരുന്ന സംസാരം. ജ്യോതിക അഭിനയ രംഗത്ത് തുടരുന്നതിൽ ശിവകുമാറിന് താൽപര്യമില്ലെന്നും ഇത് കാരണമുള്ള അസ്വാരസ്യമാണ് ജ്യോതിക മുംബെെയിലേക്ക് പോകാൻ കാരണമെന്നും വാദങ്ങൾ വന്നു. എന്നാൽ ജ്യോതിക ഗോസിപ്പുകൾ നിഷേധിക്കുകയാണുണ്ടായത്. ഭർതൃപിതാവ് തന്റെ കരിയറിന് പിന്തുണ നൽകുന്നുണ്ടെന്ന് പറഞ്ഞ നടി ഇദ്ദേഹത്തെ പ്രശംസിച്ച് ഒന്നിലേറെ അഭിമുഖങ്ങളിൽ സംസാരിച്ചു.

എന്നാൽ യഥാർത്ഥത്തിൽ ശിവകുമാറും ജ്യോതികയും തമ്മിൽ അസ്വാരസ്യമുണ്ടെന്നാണ് ആരാധകർ വാദിക്കുന്നത്. ജ്യോതിക സിനിമാ രംഗത്ത് തിരിച്ച് വന്നതിലെ ആശങ്ക ഒരിക്കൽ ശിവകുമാർ പരസ്യമായി സൂചിപ്പിച്ചിട്ടുമുണ്ട്. 2015 ൽ 36 വയതിനിലെ എന്ന സിനിമയിലൂടെയാണ് ജ്യോതിക തിരിച്ചെത്തിയത്. ഈ സിനിമയുടെ ഇവന്റിൽ വെച്ചാണ് ശിവകുമാർ ഇക്കാര്യം തുറന്ന് പറഞ്ഞത്.
'ഈ സിനിമയിലൂടെ നല്ല വരവേൽപ്പ് ലഭിക്കുന്ന ജ്യോതിക തുടർന്നും സിനിമകൾ ചെയ്യും. എത്ര ചെയ്താലും മുൻഗണന കുടുംബം, കുട്ടികൾ, ഭർത്താവ് എന്നിവർക്കാണ്. അതിന് ശേഷമേയുള്ളൂ സിനിമ' എന്ന് ശിവകുമാർ പറഞ്ഞു. അന്ന് ഈ പരാമർശം ചർച്ചയായി. 36 വയതിനിലൂടെ തിരിച്ച് വന്നെങ്കിലും മുംബൈയിലേക്ക് മാറിയ ശേഷമാണ് ജ്യോതിക സിനിമാ രംഗത്ത് കൂടുതൽ സജീവമായത്.
നടിയുടെ ലുക്കിലും ഇന്ന് മാറ്റങ്ങൾ ഏറെയാണ്. വളരെ സ്റ്റെെലിഷായാണ് മുംബൈയിൽ ജ്യോതികയെ കാണുന്നത്. ശിവകുമാറിന്റെ വീട്ടിലെ മരുമകൾ എന്നതിനപ്പുറം തന്റെതായ സ്ഥാനവും പേരും സിനിമാ ലോകത്തുണ്ടെന്ന് ജ്യോതിക തെളിയിച്ചു. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications