കുട്ടികളെയും അങ്ങോട്ട് കൊണ്ട് പോയി, നോക്കാൻ മറ്റാരുമില്ല; നയൻതാര കുഞ്ഞുങ്ങളെ നോക്കുന്നതിങ്ങനെ; കല
തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാറായി അറിയപ്പെടുന്ന നയൻതാര ഇന്ന് കരിയറിനൊപ്പം കുടുംബത്തിനും തുല്യപ്രാധാന്യം കൊടുക്കുന്നുണ്ട്. ഉയിർ, ഉലകം എന്നീ ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായ നയൻതാര അടുത്തിടെയാണ് കുഞ്ഞുങ്ങളുടെ മുഖം ആരാധകരെ കാണിച്ചത്. അതേസമയം സോഷ്യൽ മീഡിയയിൽ പലപ്പോഴും കുറ്റപ്പെടുത്തലുകളും നടിക്ക് നേരിടേണ്ടി വരുന്നുണ്ട്. സറൊഗസി വഴി കുഞ്ഞുങ്ങളെ സ്വീകരിച്ചതിനാണ് നടിക്കെതിരെ സൈബറാക്രമണങ്ങൾ വരുന്നത്.
ബോളിവുഡിലെ താരങ്ങൾക്കിടയിൽ സറൊഗസി പുതിയ കാര്യമല്ലെങ്കിലും തെന്നിന്ത്യയിൽ ഈ മാർഗം അത്ര പരിചിതമല്ല. അതിനാൽ തന്നെ പലരും കൗതുകത്തോടെയാണ് സറൊഗസിയെ കണ്ടത്. നയൻതാരയുടെ മാതൃത്വത്തെ വരെ അധിക്ഷേപിക്കുന്ന കമന്റുകൾ സോഷ്യൽ മീഡിയയിൽ വരാറുണ്ട്. അതേസമയം നടിയെ പിന്തുണയ്ക്കുന്നവരും ഏറെയാണ്.

ഇപ്പോഴിതാ നയൻതാരയെയും വിഘ്നേശ് ശിവനെയും കുറിച്ച് സംസാരിക്കുകയാണ് ഡാൻസ് കൊറിയോഗ്രഫർ കലാ മാസ്റ്റർ. വിഘ്നേശും നയൻതാരയുമായി കുഞ്ഞുങ്ങളെ എപ്പോഴും നോക്കുന്നതെന്നും ഇതിനായി ജോലിക്കാരില്ലെന്നും കലാ മാസ്റ്റർ പറയുന്നു.
വളരെ നല്ല പെണ്ണാണ് നയൻതാര. എന്റെ സഹോദരിയെ പോലെയാണ് കാണുന്നത്. എല്ലാം തുറന്ന് സംസാരിക്കുന്ന ആളാണ്. വളരെയധികം അധ്വാനിക്കുന്ന നടി. കൃത്യം 9 മണിക്ക് ഷൂട്ടിനെത്തും. മനസ് മുഴുവൻ സീനിലേക്ക് നൽകും. വളരെ അപ്ഡേറ്റാണ്.

കുഞ്ഞുങ്ങൾ പിറന്നപ്പോൾ ആദ്യം ആശംസകൾ അറിയിച്ചത് ഞാനാണ്. ഒരവട്ടം കാണാൻ പോകാൻ നോക്കവെ അവർ ജവാന്റെ ഷൂട്ടിന് പോയി. കുട്ടികളെ നോക്കാൻ മറ്റാരുമില്ല. ഷൂട്ടിന് ഒപ്പം കൊണ്ട് പോകും. നയൻതാരയെ നിങ്ങൾ ഹീറോയിനായാണ് കണ്ടത്. പക്ഷെ അവൾ ഒരു വീട്ടമ്മ കൂടിയാണ്. തിരക്കുകൾ കാരണം കുട്ടികളെ കാണാൻ തനിക്കിതുവരെ പറ്റിയിട്ടില്ലെന്നും കലാ മാസ്റ്റർ വ്യക്തമാക്കി.
നേരത്തെയും നയൻതാരയെക്കുറിച്ച് കലാ മാസ്റ്റർ സംസാരിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളെ നയൻതാരയ്ക്ക് വളരെ ഇഷ്ടമാണെന്നും അമ്മയാകണമെന്ന് നയൻതാരയ്ക്ക് ആഗ്രഹമുണ്ടായിരുന്നെന്നും കലാ മാസ്റ്റർ അന്ന് പറഞ്ഞു . 37ാം വയസിലാണ് നയൻതാര ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായത്. സറൊഗസി ചട്ടങ്ങൾ ലംഘിച്ചോ എന്ന് പരിശോധിക്കാൻ തമിഴ്നാട് സർക്കാർ അന്വേഷണം നടത്തിയത് ചർച്ചയായിരുന്നു. ചട്ട ലംഘനം നടന്നിട്ടില്ലെന്ന് സർക്കാർ പിന്നീട് വ്യക്തമാക്കുകയുമുണ്ടായി.
കഴിഞ്ഞ വർഷം ജൂൺ മാസത്തിലാണ് നയൻതാരയും വിഘ്നേശും വിവാഹിതരായത്. ഏഴ് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നയൻതാരയും വിഘ്നേശും പ്രണയത്തിലാകുന്നത്. 2015 ൽ റിലീസ് ചെയ്ത നാനും റൗഡി താൻ രണ്ട് പേരുടെയും കരിയറിലെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്.
ജവാന് ശേഷം നയൻതാരയുടെ ഇരവൈൻ എന്ന സിനിമയും റിലീസ് ചെയ്തിട്ടുണ്ട്. ജയം രവിയാണ് ചിത്രത്തിലെ നായകൻ. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റമായ ജവാൻ ബോക്സ് ഓഫീസ് റെക്കോഡുകൾ തകർത്ത് കൊണ്ട് മുന്നേറുകയാണ്. ഷാരൂഖ് ഖാൻ നായകനായ ചിത്രം സംവിധാനം ചെയ്തത് അറ്റ്ലിയാണ്. സിനിമയിൽ നയൻതാരയ്ക്ക് പ്രാധാന്യം കുറഞ്ഞെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
സംവിധായകൻ അറ്റ്ലിയോട് നയൻതാരയ്ക്ക് ഇക്കാര്യത്തിൽ നീരസമുണ്ടെന്നും സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്കൊന്നും നയൻതാര വരാത്തതിന് കാരണം ഇതാണെന്നും ആക്ഷേപം ഉയർന്നു. എന്നാൽ അഭ്യൂഹങ്ങളോട് പ്രതികരിക്കാൻ നയൻതാര തയ്യാറായില്ല. അടുത്തിടെ ലോഞ്ച് ചെയ്ത തന്റെ സ്കിൻ കെയർ ബ്രാൻഡായ 9 സ്കിന്നുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് നയൻതാരയിപ്പോൾ. ബിസിനസ് രംഗത്തും താരം സജീവമാകുകാണ്. ലിപ് ബാം കമ്പനി എന്ന ബ്രാൻഡിന് ശേഷമാണ് മറ്റൊരു സ്കിൻ കെയർ ബ്രാൻഡുമായി നയൻതാര വീണ്ടുമെത്തുന്നത്.


Click it and Unblock the Notifications