ഈ പ്രണയദിനത്തിൽ ഞാൻ സിംഗിൾ അല്ല; കാമുകിക്കൊപ്പം കാളിദാസ്; കമന്റുമായി ആരാധികമാർ
ബാലതാരമായെത്തി പ്രേക്ഷക ഹൃദയം കവർന്ന നടനാണ് കാളിദാസ് ജയറാം. എന്റെ വീട് അപ്പുവിന്റെയും, കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്നീ സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന കാളിദാസ് അന്ന് ഏറെ പ്രശംസ പിടിച്ചു പറ്റി. ചെറിയ പ്രായത്തിലേ അസാമാന്യ പ്രകടനം കാഴ്ച വെച്ച കാളിദാസിന്റെ നായകനായുള്ള വരവിൽ പ്രേക്ഷകർക്ക് ഏരെ പ്രതീക്ഷയുണ്ടായിരുന്നു.
പ്രതീക്ഷയ്ക്ക് വിപരീതമായി നായകനായി മലയാളത്തിൽ തിളങ്ങാൻ കാളിദാസിന് കഴിഞ്ഞില്ല. പൂമരം എന്ന ആദ്യ സിനിമ നിരൂപക പ്രശംസ ഏറ്റുവാങ്ങിയെങ്കിലും സിനിമ ബോക്സ് ഓഫീസ് വിജയമായില്ല.

കാളിദാസിന് മലയാള സിനിമാ കരിയറിൽ പറ്റിയ പിഴവ് എപ്പോഴും ചർച്ചയാവാറുണ്ട്. കഴിവുണ്ടായിട്ടും എന്ത് കൊണ്ടാണ് ഈ നടനെ തേടി നല്ല സിനിമകളെത്താത്തതെന്ന ചോദ്യവും വരാറുണ്ട്. മലയാളത്തിൽ നടന്റെ ഒടുവിൽ പുറത്തിറങ്ങിയ ജാക്ക് ആന്റ് ജിൽ എന്ന സിനിമ പൂർണ പരാജയമായിരുന്നു.
സിനിമയ്ക്കെതിരെ നിരവധി ട്രോളുകളും വന്നു. അതേസമയം തമിഴ് സിനിമയിൽ ഇതിനകം നല്ല അവസരങ്ങൾ കാളിദാസ് ജയറാമിനെ തേടിയെത്തി. തമിഴിൽ നിരവധി ആരാധകരും കാളിദാസിനുണ്ട്.

കുടുംബത്തോടൊപ്പം ചെന്നെെയിലാണ് കാളിദാസ് താമസിക്കുന്നത്. ഇപ്പോഴിതാ പ്രണയദിനത്തിൽ തന്റെ കാമുകിക്കൊപ്പം പങ്കുവെച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്. മോഡലായ തരിണി കലിംഗരായവരാണ് കാളിദാസിന്റെ കാമുകി.
അവസാനം ഈ പ്രണയദിനത്തിൽ ഞാൻ സിംഗിളല്ലാതായെന്നാണ് ചിത്രത്തിന് കാളിദാസ് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. തരിണിയും കമന്റുമായെത്തി. ഒരുപാട് മിസ് ചെയ്യുന്നു എന്നാണ് തരിണിയുടെ കമന്റ്.

നിരവധി ആരാധികമാർ നടൻ സിംഗിളല്ലെന്നതിൽ വിഷമിച്ച് കൊണ്ട് കമന്റിട്ടു. ജയറാമിന്റെ കുടുംബവുമായും നല്ല ബന്ധമാണ് തരിണിക്കുള്ളത്. കാളിദാസിന്റെ അമ്മ പാർവതിയുടെയും സഹോദരി മാളവികയുടെയും നല്ല സുഹൃത്ത് കൂടിയാണ് തരിണി.
സോഷ്യൽ മീഡിയയിൽ സജീവമായ കാളിദാസും തരിണിയും ഇടയ്ക്കിടെ തങ്ങളുടെ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. അടുത്തിടെ കാളിദാസിന്റെ ഒരു ബന്ധുവിന്റെ വിവാഹത്തിന് തരിണിയുമെത്തിയിരുന്നു.

ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും തരിണിയെ പരിചയപ്പെടുത്തിക്കൊടുക്കുന്ന കാളിദാസിന്റെ വീഡിയോയും പുറത്ത് വന്നിരുന്നു. പാ രഞ്ജിത്ത് സംവിധാനം ചെയ്ത നച്ചത്തിരം നകർക്കിരത് എന്ന തമിഴ് സിനിമയിലാണ് കാളിദാസിനെ അവസാനമായി കണ്ടത്.
സിനിമ ഏറെ നിരൂപക പ്രശംസ ഏറ്റു വാങ്ങിയിരുന്നു. രജ്നിയാണ് കാളിദാസിന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. മലയാളത്തിൽ നടന്റേതായി സിനിമകളൊന്നും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. നടൻ ജയറാമും മലയാള സിനിമയിൽ പഴയത് പോലെ സജീവമല്ല.

മകൾ എന്ന സത്യൻ അന്തിക്കാട് സിനിമയിലാണ് ജയറാം അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. സിനിമ സമ്മിശ്ര പ്രതികരണമായിരുന്നു നേടിയത്. മലയാളത്തിൽ നാളുകളായി ജയറാമിന് ഒരു ഹിറ്റ് സിനിമയില്ല. നടന്റെ മലയാള സിനിമയിലെ കരിയർ മോശം ഘട്ടത്തിലാണുള്ളതെന്ന് സിനിമാ ലോകത്ത് സംസാരമുണ്ട്.
എന്നാൽ ആരാധകർ നടന്റെ നല്ലൊരു തിരിച്ചു വരവിനായി കാത്തിരിക്കുന്നു. മലയാളത്തിൽ ഒരു കാലത്ത് സിനിമകളിൽ നിറഞ്ഞ് നിന്ന നടനാണ് ജയറാം. കുടുംബ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നിരവധി ഹിറ്റ് സിനിമകളിൽ ജയറാമിന് അക്കാലത്ത് അഭിനയിക്കാൻ കഴിഞ്ഞു.


Click it and Unblock the Notifications