ഒരു വീട്ടിലെ രണ്ടാളുകൾ; പക്ഷെ അമിതാഭിനെ കണ്ട് മടങ്ങി; ജയ ബച്ചനെ കാണാൻ വീണ്ടും വന്നു; കാരണം എന്തെന്ന് കരൺ ജോഹർ
ബോളിവുഡിലെ നെടുംതൂണായി അറിയപ്പെടുന്ന ഫിലിം മേക്കറാണ് കരൺ ജോഹർ. ഹിന്ദി സിനിമാ രംഗത്തെ ഇന്ത്യൻ സിനിമയുടെ മുഖമാക്കിയതിൽ കരൺ ജോഹറിനും വലിയ പങ്കുണ്ട്. ബോളിവുഡിന്റെ നിറപ്പകിട്ടിലാണ് എന്നും കരൺ ജീവിച്ചത്. സിനിമാ കുടുംബത്തിൽ ജനിച്ച കരൺ അച്ഛൻ യാഷ് ജോഹറുടെ പാത പിന്തുടർന്ന് ഫിലിം മേക്കിംഗിലേക്ക് കടന്ന് വന്നു. കഭി ഖുശി കഭി ഗം, കൽ ഹോ നാ ഹോ തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകൾ കരൺ ജോഹർ പ്രേക്ഷകർക്ക് മുമ്പിൽ എത്തിച്ചു.
കരിയറിന്റെ ഒരു ഘട്ടത്തിൽ സംവിധാനത്തിൽ നിന്ന് മാറി നിർമാണ രംഗത്തേക്ക് മാത്രം കരൺ ശ്രദ്ധ നൽകി. അതേസമയം മികച്ച ഫിലിം മേക്കർ ആണെങ്കിലും കരണിനെതിരെ ഹേറ്റേഴ്സിന്റെ വലിയൊരു നിര തന്നെയുണ്ട്. ബി ടൗണിൽ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ആക്രമണങ്ങൾ നേരിടേണ്ടി വന്ന താരമാണ് കരൺ ജോഹർ. ചരിത്രത്തിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് ബോളിവുഡ് കടന്ന് പോകുന്നത്. ഇതിന് പ്രധാന കാരണം കരൺ ജോഹർ ഇൻഡസ്ട്രിയെ പരുവപ്പെടുത്തിയ രീതിയാണെന്ന് വിമർശകർ ആരോപിക്കുന്നു.

കുടുംബവാഴ്ചയാണ് ബോളിവുഡിനെതിരെ ഉയരുന്ന പ്രധാന വിമർശനം. കരൺ ജോഹറാണ് ഇത്തരം പ്രവണതകൾ വളർത്തിയെടുത്തെന്നാണ് ആരോപണം. താരങ്ങളുടെ മക്കൾക്ക് മാത്രമേ കരൺ അവസരങ്ങൾ നൽകുന്നുള്ളൂയെന്നും വിമർശനമുണ്ട്. എന്നാൽ എത്രയൊക്കെ വിമർശിച്ചാലും കരൺ ജോഹർ എന്ന ഫിലിം മേക്കറെ ആർക്കും തള്ളിക്കളയാൻ സാധിക്കില്ല. ഇതിനേറ്റവും വലിയ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് 2001 ൽ പുറത്തിറങ്ങിയ കഭി ഖുശി കഭി ഗം എന്ന സിനിമയാണ്.
വർഷങ്ങൾക്കിപ്പുറവും ഈ സിനിമ പ്രേക്ഷകരുടെ മനസിൽ നിലനിൽക്കുന്നു. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ജയ ബച്ചൻ, ഹൃതിക് റോഷൻ, കജോൾ, കരീന കപൂർ തുടങ്ങി വൻതാര നിരയാണ് സിനിമയിൽ അണിനിരന്നത്. സിനിമയിലെ കാസ്റ്റിംഗിനെക്കുറിച്ച് സംസാരിക്കുകയാണ് കരൺ ജോഹർ ഇപ്പോൾ. സിനിമയെഴുതുമ്പോൾ തന്നെ ഈ താരങ്ങളെയെല്ലാം മനസിൽ കണ്ടിരുന്നെന്ന് കരൺ ജോഹർ പറയുന്നു.

ഓരോരുത്തരെയായി കണ്ട് കഥ പറയുകയായിരുന്നു. സീനിയോരിറ്റി കണക്കിലെടുത്ത് ബച്ചനെയാണ് ആദ്യം സമീപിച്ചത്. അമിതാഭ് ബച്ചനെ കണ്ട് കഥ പറഞ്ഞ ശേഷം തിരിച്ച് പോയി. ജയ ബച്ചനോട് കഥ പറയാൻ കുറച്ച് മിനുട്ടുകൾക്ക് ശേഷം ഇതേ വീട്ടിലേക്ക് വീണ്ടും പോയെന്ന് കരൺ വ്യക്തമാക്കി. ഇതിന് കാരണം എന്തെന്ന് ഇദ്ദേഹം വിശദീകരിച്ചു.
അമിതാഭ് ബച്ചന്റെ ഭാര്യ എന്നതിനപ്പുറം ഒരു വ്യക്തിയെന്ന നിലയിൽ ജയ ബച്ചനെ പരിഗണിക്കുന്നതിനായാണ് അങ്ങനെ ചെയ്തതെന്ന് കരൺ ജോഹർ വ്യക്തമാക്കി. സിനിമയുടെ കഥ കേട്ട ഷാരൂഖ് ഉടനെ സമ്മതം പറഞ്ഞു. കജോളിനോട് കഥ പറയാൻ ചെന്നപ്പോൾ നടി ഇമോഷണലായി. കരീനയ്ക്ക് തന്റെ കഥാപാത്രം എന്താണെന്ന് മാത്രമായിരുന്നു അറിയേണ്ടിയിരുന്നത്.
ഈ കഥാപാത്രം ഐക്കോണിക്കായി മാറുമെന്ന് അന്ന് കരീന പ്രവചിച്ചെന്നും കരൺ ജോഹർ ഓർത്തു. കരീന മുൻകൂട്ടി കണ്ടത് പോലെ സിനിമയിലെ പൂജ ശർമ കഥാപാത്രം വൻ ജനശ്രദ്ധ നേടി. കരീനയുടെ കരിയറിൽ ഇന്നും ആരാധകർ എടുത്ത് പറയുന്ന കഥാപാത്രമാണിത്.


Click it and Unblock the Notifications