നയൻതാരയെ വെല്ലുന്ന കൂർമ്മ ബുദ്ധി; കീർത്തി സുരേഷ് മുന്നിൽ കണ്ടത് പണവും ഇമേജും?
വളരെ പെട്ടെന്ന് സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞ നടിയാണ് കീർത്തി സുരേഷ്. താരപുത്രിയായതിനാൽ തന്നെ അവസരങ്ങൾക്ക് കീർത്തിക്ക് ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല. നീലത്താമര ഉൾപ്പെടെ നിരവധി സിനിമകളിലേക്ക് ഓഫർ വന്നെങ്കിലും പിതാവിന്റെ എതിർപ്പ് മൂലം കീർത്തി ഇവയൊന്നും ചെയ്തില്ല. ഒടുവിൽ പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലിയിലൂടെയാണ് നടി അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. മലയാളത്തിലാണ് തുടക്കമെങ്കിലും നടി പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലേക്ക് ശ്രദ്ധ നൽകി.
കൈനിറയെ അവസരങ്ങൾ കീർത്തിയെ തേടി തമിഴകത്ത് നിന്നും വന്നു. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കീർത്തി സ്വന്തമാക്കി. തെന്നിന്ത്യയിൽ ഇന്ന് മുൻനിരയിൽ നിൽക്കുന്ന നായികയാണ് കീർത്തി സുരേഷ്. വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള തൃഷ, നയൻതാര എന്നവർക്ക് ഒപ്പത്തിനൊപ്പം താരമൂല്യമുള്ള നടി. സിനിമകളുടെ തെരഞ്ഞെടുപ്പിലെ കൃത്യതയാണ് കീർത്തിയെ തുണയ്ക്കുന്നത്. വാണിജ്യ സിനിമകളുടെ ഭാഗമാകുമ്പോൾ തന്നെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ നടി തെരഞ്ഞടുക്കുന്നു.

പൊന്നിയിൻ സെൽവൻ എന്ന ചിത്രം കീർത്തി നിരസിച്ചത് വിമർശിക്കപ്പെട്ടെങ്കിലും നടിയുടെ തീരുമാനം തെറ്റല്ലെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. റിപ്പോർട്ടുകൾ പ്രകാരം പൂങ്കുഴലി എന്ന കഥാപാത്രത്തിനായാണ് കീർത്തിയെ സംവിധായകൻ മണിരത്നം പരിഗണിച്ചത്. നോവലിലെ പ്രധാന കഥാപാത്രമാണെങ്കിലും സിനിമയായപ്പോൾ പൂങ്കുഴലിക്ക് വലിയ പ്രാധാന്യം ലഭിച്ചിട്ടില്ല.
മാർക്കറ്റ് മൂല്യം നോക്കി കൃത്യമായാണ് കീർത്തി സിനിമകൾ തെരഞ്ഞെടുക്കുന്നതെന്നാണ് ഇപ്പോൾ ഉയരുന്ന അഭിപ്രായം. ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് റിലീസ് ചെയ്യാനിരിക്കുന്ന ഭോലാ ശങ്കർ എന്ന സിനിമയും. ചിത്രത്തിൽ ചിരഞ്ജീവിയുടെ സഹോദരിയുടെ വേഷമാണ് കീർത്തി ചെയ്യുന്നത്. മുൻനിര നായിക നടി സഹോദരി വേഷം ചെയ്യുന്നത് ഒറ്റ നോട്ടത്തിൽ പലർക്കും തെറ്റായ തീരുമാനമായി തോന്നിയേക്കാം.

എന്നാൽ ടോളിവുഡിലെ സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്തിയാണ് കീർത്തി സുരേഷ് സിനിമയിൽ ഒപ്പുവെച്ചതെന്ന് സൂചനയുണ്ട്. 67 കാരനായ ചിരഞ്ജീവിയുടെ നായികയായി വരുന്നത് മുന്നോട്ടുള്ള പോക്കിൽ കീർത്തിക്ക് പ്രായോഗികമല്ല. പ്രഭാസ്, അല്ലു അർജുൻ, രാം ചരൺ തുടങ്ങിയ താരങ്ങളുടെ നായികയാകാനുള്ള അവസരം ഇത് ഇല്ലാതാക്കിയേക്കും. എന്നാൽ ചിരഞ്ജീവി ചിത്രത്തിലൂടെ ലഭിക്കുന്ന പ്രശസ്തിയും ചെറുതല്ല.
ഇലയ്ക്കും മുള്ളിനും കേടില്ലാതെ കീർത്തി തന്റെ ഗെയിം പ്ലാൻ നടപ്പിലാക്കിയെന്നാണ് വിലയിരുത്തൽ. ചിരഞ്ജീവി സഹോദരിയുടെ വേഷമാണ് കീർത്തി ചെയ്യുന്നത്. സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളിലെന്നും. മാത്രവുമല്ല 2.25 കോടി രൂപ പ്രതിഫലവും വാങ്ങി. ടോളിവുഡിൽ സഹോദരീ വേഷം ചെയ്യുന്ന ഒരു നടിക്ക് ആദ്യമായിട്ടായിരിക്കും ഇത്രയും വലിയ പ്രതിഫലം ലഭിക്കുന്നത്. ഇമേജിനെ ബാധിക്കാതെ ഭോലാ ശങ്കറിലൂടെ ലഭിക്കുന്ന ജനപ്രീതിയും മികച്ച പ്രതിഫലവുമാണ് കീർത്തി മുന്നിൽ കണ്ട നേട്ടം.
മാത്രവുമല്ല തമിഴിൽ രജിനികാന്തിന്റെ അണ്ണാത്തെ എന്ന ചിത്രത്തിൽ രജിനികാന്തിന്റെ സഹോദരിയായി കീർത്തി സുരേഷ് അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇത് താരത്തിന്റെ നായികാ ഇമേജിനെ ബാധിച്ചിട്ടില്ല. അറുപത് പിന്നിട്ട ചിരഞ്ജീവി, ബാലയ്യ എന്നിവരുടെ നായികയായ നയൻതാരയ്ക്ക് ഇപ്പോൾ തെലുങ്കിലെ യുവ താരങ്ങളുടെ നായികയായി അവസരം വരാറില്ല.
ചിരഞ്ജീവിയുടെ പുതിയ സിനിമയിൽ തൃഷ നായികയായേക്കും എന്ന വിവരവുമുണ്ട്. തെന്നിന്ത്യയിലെ ടോപ് ലെവലിലുള്ള ഈ രണ്ട് നടിമാർക്കും ടോളിവുഡിലെ യുവ താരങ്ങളുടെ നായികയാൻ ഇനി പറ്റുമോ എന്ന് സംശയമാണ്. ഒരു പരിധിവരെ ടോളിവുഡിന്റെ സ്ത്രീ വിരുദ്ധ മനോഭാവവും ടൈപ് കാസ്റ്റിംഗും ഇത്തരം സാഹചര്യങ്ങൾക്ക് കാരണമാണെന്ന് അഭിപ്രായമുണ്ട്.


Click it and Unblock the Notifications