കുടുംബത്തിൽ അടിയും വഴക്കുമില്ല, പക്വമായി നേരിട്ടു; മകളുടെ കാര്യം മകൾ തന്നെ നോക്കും; കൃഷ്ണകുമാറിന് പ്രശംസ
സബ്സ്ക്രിപ്ഷൻ വീഡിയോ വിവാദത്തിൽ ഇൻഫ്ലുവൻസർ ഹൻസിക കൃഷ്ണ മാപ്പ് പറഞ്ഞത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. ലീക്കായ വീഡിയോയിൽ മാപ്പ് പറഞ്ഞ ഹൻസിക ഇത്തരമൊരു വീഡിയോ പങ്കുവെച്ചത് തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റാണെന്നും ഹൻസിക പറയുന്നു. മാപ്പ് പറയാൻ മാത്രം എന്താണുള്ളതെന്ന ചോദ്യവും വരുന്നുണ്ട്. സാധാരണ പോലെയുള്ള ദൃശ്യം പല തരത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതോടെ വ്യാപകമായി ഹൻസികയ്ക്ക് നേരെ നെഗറ്റീവ് കമന്റുകൾ വന്നു. വ്ലോഗുകളിലൂടെ ജനപ്രിയത നേടിയ ഹൻസികയ്ക്കും കുടുംബത്തിനും നേരെ വ്യാപകമായി മോശം കമന്റുകൾ വന്നു.
ആദ്യം പ്രതികരിച്ചില്ലെങ്കിലും കുറച്ച് ആഴ്ചകൾക്കുള്ളിൽ ഹൻസിക മാപ്പ് പറഞ്ഞിരിക്കുന്നു. വളരെ പക്വമായ പ്രസ്തവാനയാണിതെന്ന് അഭിപ്രായങ്ങൾ വരുന്നുണ്ട്. പ്രബലനായ പിതാവ് കൃഷ്ണകുമാറിനോ അറിയപ്പെടുന്ന യൂട്യൂബറായ സിന്ധു കൃഷ്ണയ്ക്കോ വേണമെങ്കിൽ വിഷയത്തിൽ മറുപടി നൽകാമായിരുന്നു. എന്നാൽ പ്രായപൂർത്തിയായ ഹൻസിക തന്റെ ഭാഗത്ത് നിന്നുണ്ടായ ഒരു വിഷയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനും അതിൽ വിശദീകരണം നൽകാനും തയ്യാറായി. ഒരു ഫാമിലി ഡ്രാമയ്ക്കുള്ള വിഷയമായി കെകെ കുടുംബം ഇത് മാറ്റിയില്ല.

സബ്സ്ക്രിപ്ഷൻ വീഡിയോ വിവാദം കത്തി നിന്നപ്പോഴും ഹൻസികയുടെ വീട്ടുകാർ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. പ്രതികരണത്തിന് ഇവർ തയ്യാറായില്ല. അനാവശ്യ ചർച്ചകൾ വീണ്ടും ചൂട് പിടിപ്പിക്കാതിരിക്കാൻ ഇത് സഹായിച്ചു. കൃഷ്ണകുമാറിന്റെ നാല് മക്കളും ഇത്തരം വിഷയങ്ങൾ വന്നാൽ ആശ്രിതത്വം തേടുന്നവരല്ല എന്നാണ് ആരാധകർ പറയുന്നത്. മക്കളെ സ്വയം പ്രാപ്തരാക്കിയാണ് കുട്ടിക്കാലം മുതലേ കൃഷ്ണകുമാറും സിന്ധു കൃഷ്ണയും വളർത്തിയത്.
അതേസമയം ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്നും ലക്ഷങ്ങൾ ജീവനക്കാരികൾ തട്ടിയ സംഭവത്തിൽ കൃഷ്ണകുമാറും സിന്ധു കൃഷ്ണയും ഇടപെട്ടിട്ടുണ്ട്. കാര്യങ്ങൾ കെെ വിട്ട് പോയ സാഹചര്യമായിരുന്നു അന്ന്. പൊലീസ് കേസ് ആയ സംഭവത്തിൽ ദിയയുടെ ഭാഗത്താണ് ന്യായമെന്ന് പൊലീസ് കണ്ടെത്തി. അന്ന് ദിയ കൃഷ്ണ ഗർഭിണിയുമായിരുന്നു. ഇപ്പോൾ ദിയ കൃഷ്ണ മറ്റൊരു വിവാദത്തിലാണ്. എന്നാൽ വിഷയത്തിൽ കുടുംബം പ്രതികരിച്ചിട്ടില്ല.
ഭർത്താവിന്റെ അമ്മയെ അമ്മ എന്ന് വിളിക്കാത്തതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ദിയ കൃഷ്ണ. ഞാൻ അശ്വിന്റെ അമ്മ, ആന്റി എന്ന് വിളിക്കുന്നതിൽ ആന്റിക്ക് ഒരു കുഴപ്പവുമില്ല. എനിക്ക് അമ്മ എന്ന് വിളിക്കാൻ സിന്ധു കൃഷ്ണയുണ്ട്. അവരെയല്ലാതെ വഴിയിൽ നിൽക്കുന്നവരെയൊന്നും എനിക്ക് അമ്മയെന്ന് വിളിക്കാൻ പറ്റില്ല. എന്റെ അച്ഛൻ കൃഷ്ണകുമാറും അമ്മ സിന്ധു കൃഷ്ണയുമാണ്.
അശ്വിന്റെ അമ്മയാണ് മീനാക്ഷി. അശ്വിനൊരിക്കലും എന്റെ അമ്മയെയും അച്ഛനെയും അങ്ങനെ വിളിക്കില്ല. ആന്റി, അങ്കിൾ എന്നാണ് വിളിക്കാറ്. അല്ലാതെ വിളിച്ചാൽ തനിക്ക് ഭ്രാന്താണോ എന്ന് ഞാൻ ചോദിക്കും. അശ്വിനങ്ങനെ വിളിക്കുന്നതിനെക്കുറിച്ച് ഇന്നേവരെ ആരും വിളിച്ചിട്ടില്ല. നാളെ ഓമി കല്യാണം കഴിച്ച് ഭാര്യയുടെ അമ്മയെ അമ്മയെന്ന് വിളിച്ചാൽ എനിക്ക് സ്ട്രസ് ആകും. എനിക്ക് അവൻ എന്നെ മാത്രം അമ്മയെന്ന് വിളിച്ചാൽ മതിയെന്നും ദിയ കൃഷ്ണ പറഞ്ഞു. പിന്നാലെ വ്യാപക വിമർശനങ്ങൾ വന്നു.
തന്റെ വ്യക്തി ജീവിതത്തിൽ ആരും അഭിപ്രായം പറയേണ്ടെന്ന് ദിയ എപ്പോഴും പറയാറുണ്ട്. എന്നാൽ ദിയയുടെ വ്ലോഗ് വന്നാൽ നെറ്റിസൺസിന് അഭിപ്രായങ്ങളുടെ ഒരു നിര തന്നെയുണ്ടാകും. ഇത് തനിക്കിഷ്ടമല്ലെന്ന് പറഞ്ഞിട്ടും അഭിപ്രായങ്ങൾ തുടരുന്നു. അഭിപ്രായങ്ങൾ ഇഷ്ടമല്ലെങ്കിൽ വ്ലോഗ് പങ്കുവെക്കാതിരുന്ന് കൂടെ എന്നാണ് വിമർശിക്കുന്നവരുടെ ചോദ്യം.


Click it and Unblock the Notifications

