മനസമാധാനം ഉണ്ട്, ജീവിതം നല്ല രീതിയിൽ പോകുന്നു; പേരും പ്രശസ്തിയും വേണ്ടെന്ന് വെച്ച് പോയ ലക്ഷ്മി
തമിഴ് സിനിമാ രംഗത്ത് സെൻസേഷനായി മാറിയ നടിയാണ് ലക്ഷ്മി മേനോൻ. ഭാഗ്യ നായികയായി അറിയപ്പെട്ട ലക്ഷ്മി മേനോൻ ചെയ്തതിൽ ഭൂരിഭാഗവും ഹിറ്റ് സിനിമകളാണ്. മലയാളിയായ ലക്ഷ്മി മേനോൻ തമിഴ് സിനിമാ രംഗത്താണ് ശോഭിച്ചത്. മലയാളത്തിൽ രഘുവിന്റെ സ്വന്തം റസിയ ഉൾപ്പെടെയുള്ള സിനിമകളിൽ ചെറിയ വേഷമാണ് ലക്ഷ്മി മേനോൻ ചെയ്തത്. എന്നാൽ തമിഴകത്തേക്ക് കടന്നതോടെ നടിയുടെ കരിയർ ഗ്രാഫ് മാറി മറിഞ്ഞു. 2012 ൽ പുറത്തിറങ്ങിയ സുന്ദരപാണ്ഡ്യൻ എന്ന സിനിമയിലൂടെയാണ് ലക്ഷ്മി മേനോനെ തമിഴ് പ്രേക്ഷകർ ആദ്യമായി കണ്ടത്.
സിനിമ വൻ ഹിറ്റായി. പിന്നാലെയെത്തിയ കുംകി എന്ന സിനിമയും വിജയം നേടി. യഥാർത്ഥത്തിൽ നടി സുന്ദരപാണ്ഡ്യന് മുമ്പ് അഭിനയിച്ചത് കുംകിയിലാണ്. പക്ഷെ ആദ്യം റിലീസ് ചെയ്തത് സുന്ദരപാണ്ഡ്യനാണ്. തുടരെ രണ്ട് സിനിമകൾ ഹിറ്റായതോടെ ലക്ഷ്മി മേനോനെ തേടി നിരവധി അവസരങ്ങളെത്തി. വില്ലേജ് ഗേൾ ഇമേജിലാണ് ലക്ഷ്മി മേനോൻ സിനിമാ ലോകത്ത് അറിയപ്പെട്ടത്. നടി ചെയ്ത എല്ലാ സിനിമകളിലും നെക്സ്റ്റ് ഡോർ ഗേൾ കഥാപാത്രങ്ങളാണ് ലഭിച്ചത്.

തുടക്കകാലത്ത് ഇത് ഗുണം ചെയ്തെങ്കിലും പിന്നീട് ഈ സ്റ്റീരിയോടൈപിംഗ് ലക്ഷ്മി മേനോന്റെ അവസരങ്ങൾ പരിമിതപ്പെടുത്തി. തുടരെ ഒരേ പോലുള്ള കഥാപാത്രങ്ങൾ വന്നതോടെ നടി അഭിനയ രംഗത്ത് നിന്നും ഇടവേളയെടുത്തു. ഏറെനാളുകൾക്ക് ശേഷം ചന്ദ്രമുഖി 2 എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ലക്ഷ്മി മേനോൻ. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി റെഡ്നൂൽ ചാനലിന് നൽകിയ അഭിമുഖത്തിൽ ലക്ഷ്മി മേനോൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
പത്ത് വർഷത്തെ സിനിമാ കരിയറിൽ നിന്നും ഒരുപാട് പഠിച്ചു. വീഴ്ചകളും ഉയർച്ചകളും ഉണ്ടാകും. വർക്കിൽ 100 ശതമാനം നൽകണം. താരം എന്നതിനപ്പുറം സാധാരണക്കാരിയായാണ് താനെപ്പോഴും പെരുമാറാറെന്നും ലക്ഷ്മി മേനോൻ വ്യക്തമാക്കി. മാതാപിതാക്കളാണ് അങ്ങനെ പഠിപ്പിച്ചത്. ഇനിയും മെച്ചപ്പെടാനുണ്ടെന്ന ചിന്ത എപ്പോഴും വേണമെന്നും നടി ചൂണ്ടിക്കാട്ടി.

സിനിമാ ലോകത്ത് നിന്നും പ്രണയാഭ്യർത്ഥനകൾ വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് ലക്ഷ്മി മേനോൻ നൽകിയ മറുപടി. തനിക്ക് പ്രൊപ്പോസലുകൾ വേണ്ട. ജീവിതത്തിൽ സമാധാനമുണ്ട്. ജീവിതം നന്നായി പോകുന്നുണ്ട്. അത് മതി. ഒരാളെ ഇഷ്ടപ്പെട്ടാൽ താൻ തുറന്ന് പറയും. മുമ്പ് അങ്ങനെ പറഞ്ഞിട്ടുണ്ടെന്നും ലക്ഷ്മി മേനോൻ വ്യക്തമാക്കി.
താൻ അഭിനയിച്ച സിനിമകളിൽ മിക്കതിലും നല്ല ഗാനങ്ങളുണ്ട്. കേരളത്തിൽ ഈ ഗാനങ്ങളിലൂടെയാണ് താൻ അറിയപ്പെടുന്നതെന്നും ലക്ഷ്മി മേനോൻ പറയുന്നു. പാണ്ഡ്യനാട് എന്ന സിനിമ ചെയ്യുമ്പോൾ വളരെ ചെറിയ കുട്ടിയായിരുന്നു. സാരിയെല്ലാം ധരിക്കുമ്പോൾ എനിക്കിത് വേണ്ട എന്നൊക്കെ പറയും. ആളുകൾ കരുതിയത് ഞാൻ വലിയൊരു പെൺകുട്ടിയാണെന്നാണ്. കുട്ടികളെ പോലെ പെരുമാറുമ്പോൾ ചെറിയ കുട്ടിയാണോ എന്ന് ആളുകൾ ചോദിച്ചും. ഞാൻ കുട്ടി തന്നെയാണെന്ന് പറയാൻ തോന്നുമായിരുന്നെന്നും ലക്ഷ്മി മേനോൻ ഓർത്തു.
റിലീസിനൊരുങ്ങുന്ന ചന്ദ്രമുഖി 2 എന്ന സിനിമ ലക്ഷ്മി മേനോന് മികച്ച തിരിച്ച് വരവാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. വൻ താരനിര അണിനിരക്കുന്ന സിനിമയിൽ കങ്കണ റണൗത്താണ് നായിക. രാഘവ ലോറൻസ് നായകനായെത്തുന്ന സിനിമയിൽ ലക്ഷ്മി മേനോനും സുപ്രധാന വേഷമാണ് ലഭിച്ചത്. പി വാസുവുമാണ് സംവിധായകൻ.


Click it and Unblock the Notifications











