'ആണുങ്ങൾ അങ്ങനെയാണ്; കാമുകനെന്ന് വിളിക്കുന്നതെന്തിനാണ്? സംയുക്ത ശ്രദ്ധിക്കണമായിരുന്നു'
തമിഴ് ടെലിവിഷൻ താരങ്ങളായ വിഷ്ണുകാന്തും സംയുക്തയും തമ്മിലുള്ള പ്രശ്നം തുടർന്ന് കൊണ്ടിരിക്കുകയാണ്. സംയുക്തയുടെ ആരോപണങ്ങൾ നിഷേധിച്ച വിഷ്ണുകാന്ത് നടിയുടെ ചില ശബ്ദരേഖകൾ പുറത്തു വിട്ടു. രണ്ട് പേരും നൽകിയ അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും ചർച്ചയാണ്. വിഷ്ണുകാന്ത് തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് സംയുക്ത പറയുന്നത്. എന്നാൽ സംയുക്തയുടെ മറ്റൊരു ബന്ധമാണ് വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾക്ക് കാരണമായതെന്ന് വിഷ്ണുകാന്തും പറയുന്നു.
ഈ പ്രശ്നങ്ങൾക്കിടെയാണ് മറ്റൊരു വിവാദമായ അർണവ്-ദിവ്യ വിഷയം വീണ്ടും ഉയർന്ന് വന്നത്. അർണവ് വഴി വിട്ട ജീവിതം നയിക്കുന്ന വ്യക്തിയാണെന്ന് നടിയും ഭാര്യയുമായ ദിവ്യ ശ്രീധർ ആരോപിച്ചു. അർണവിന്റെ മെസേജുകൾ പുറത്തുവിടുകയും ചെയ്തു. തമിഴ് സീരിയൽ രംഗത്തെ പ്രധാന ചർച്ചയായിരിക്കുന്ന ഈ രണ്ട് പ്രശ്നങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് നടിയും നിരവധി സീരിയലുകൾ നിർമ്മിക്കുകയും ചെയ്ത കുട്ടി പത്മിനി. രണ്ട് വിവാദങ്ങളിലും ആരോപണം ഉന്നയിച്ച സ്ത്രീകളുടെ ഭാഗത്താണ് തെറ്റെന്ന് കുട്ടി പത്മിനി പറയുന്നു.

സംയുക്തയുടെ ഭാഗത്ത് വന്ന പിഴവെന്തെന്ന് കുട്ടി പത്മിനി വിശദമാക്കി. 'രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും മോശമായി സംസാരിക്കുന്നു. പെൺകുട്ടികൾ അഭിനയിക്കാൻ വരുന്നത് ഓക്കെ. അവിടെ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. അഭിനയിക്കാൻ വന്നയുടനെ നായകനുമായി ബന്ധമായി. അതിന് ശേഷം അവൻ അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്ന് പറയുന്നതിൽ എന്ത് കാര്യമാണുള്ളത്. പക്ഷെ സംയുക്ത കരയുന്നത് കാണുമ്പോൾ വേദനയുണ്ട്'
ആണുങ്ങൾ ഇങ്ങനെയാണ്. എന്തുകൊണ്ടാണ് അവരെ കാമുകൻ എന്ന് വിളിക്കുന്നത്? സംയുക്ത ശ്രദ്ധ പുലർത്തണമായിരുന്നു. ഇതിനൊക്കെ പുറമെ അച്ഛനെയും അമ്മയെയും ഒപ്പമിരുത്തി ഇങ്ങനെയൊക്കെ പറയുന്നത് തെറ്റാണെന്നും കുട്ടി പത്മിനി പറഞ്ഞു.
ദിവ്യ-അർണവ് പ്രശ്നത്തിലും കുട്ടി പത്മിനി തന്റെ അഭിപ്രായം വ്യക്തമാക്കി. ദിവ്യയെ മുമ്പ് പിന്തുണച്ചിരുന്നെങ്കിലും നടിയിപ്പോൾ ചെയ്യുന്ന കാര്യം ശരിയല്ലെന്ന് കുട്ടി പത്മിനി പറയുന്നു. 'അർണവ് എന്റെ സീരിയലിൽ അഭിനയിച്ചിട്ടുണ്ട്. എന്റെ കുടുംബവുമായി അടുത്തിടപഴകിയിരുന്നു. പക്ഷെ എന്നിട്ടും അന്ന് ഞാൻ ദിവ്യയെ പിന്തുണച്ചു. പക്ഷെ ഇപ്പോൾ വിഷമമുണ്ട്. കാരണം രണ്ട് പേരും പ്രണയിച്ചതാണ്. അർണവ് തന്റെ കുടുംബത്തെ എതിർത്താണ് ദിവ്യയെ വിവാഹം ചെയ്തത്. അതിന് ശേഷം കുഞ്ഞ് പിറന്നു'
'ഒരു ഘട്ടത്തിൽ പ്രശ്നങ്ങൾ വന്നു. ദിവ്യ കേസ് കൊടുക്കുകയും അർണവ് അറസ്റ്റിലാവുകയും ചെയ്തു. ഒരു മനുഷ്യൻ ചെയ്ത തെറ്റിനുള്ള ശിക്ഷയെല്ലാം അർണവിന് ലഭിച്ച് കഴിഞ്ഞു. പക്ഷെ ദിവ്യ വീണ്ടും പ്രശ്നം വലുതാക്കുകയാണ്. ഒരു പെൺകുഞ്ഞുണ്ടെന്ന് നിങ്ങൾ രണ്ട് പേരും മറക്കുന്നു'

'അർണവ് ഇപ്പോൾ ദിവ്യയെക്കുറിച്ച് അഭിമുഖങ്ങളിൽ മോശമായി സംസാരിക്കാറില്ല. കുഞ്ഞിനെ കാണണമെന്ന് മാത്രമാണ് പറയാറ്. അപ്പോൾ ആരോപണങ്ങൾ ദിവ്യയും നിർത്തേണ്ടേ. ഇപ്പോൾ ചുറ്റും ആളുകൾ ഉണ്ടാവും. കുറച്ച് കഴിഞ്ഞ് അവരും അവരുടെ തിരക്കുകളിലേക്ക് നീങ്ങും'
'വീട്ടു വാടക കൊടുക്കേണ്ടതും കുഞ്ഞിനെ സ്കൂളിൽ അയക്കേണ്ടതും ദിവ്യ തന്നെയാണ്. യൂട്യൂബിൽ നിങ്ങൾ പറഞ്ഞതെല്ലാം അങ്ങനെത്തന്നെ അവിടെയുണ്ടാവും. കുട്ടി വളരുമ്പോൾ ഇതൊക്കെ കണ്ടാൽ എത്ര വിഷമം തോന്നും. പ്രശ്നങ്ങളിൽ കോടതി തീരുമാനം എടുക്കും. ദിവ്യ ഇനി സ്വന്തം തൊഴിലിൽ ശ്രദ്ധ കൊടുക്കണം' കുട്ടി പത്മിനി അഭിപ്രായപ്പെട്ടു. അർണവ് രഹസ്യമായി വിവാഹം ചെയ്യുകയും ഗർഭിണിയായ ശേഷം ഉപേക്ഷിച്ചെന്നുമാണ് ദിവ്യ ശ്രീധറിന്റെ പരാതി. അടുത്തിടെയാണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്.


Click it and Unblock the Notifications











