ഷാങ് ചു മിൻ വളരെ നല്ല കുട്ടി; നായികയ്ക്ക് ട്രാൻസലേറ്റ് ചെയ്യാൻ വന്നതായിരുന്നു; ലാൽ ജോസ്
മലയാളി പ്രേക്ഷകർക്ക് മറക്കാനാകാത്ത ഒരുപിടി സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. ഹിറ്റുകളുടെ വലിയൊരു നിര തന്നെ ലാൽ ജോസിന് സ്വന്തമായി അവകാശപ്പെടാനുണ്ട്. മീശമാധവൻ എന്ന സിനിമയ്ക്ക് ശേഷമാണ് ലാൽ ജോസിന്റെ കരിയർ ഗ്രാഫ് മാറി മറിയുന്നത്. മലയാള സിനിമയിലെ വിലപിടിപ്പുള്ള സംവിധായകനായി ലാൽ ജോസിനെ ഈ ചിത്രം മാറ്റി. റിലീസ് ചെയ്ത സമയത്ത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് പ്രേക്ഷകർ ഏറ്റെടുത്ത ലാൽ ജോസ് ചിത്രമാണ് അറബിക്കഥ.
2007 ലാണ് അറബിക്കഥ റിലീസ് ചെയ്യുന്നത്. ശ്രീനിവാസൻ, ജയസൂര്യ, നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ച അറബിക്കഥയിൽ നായിക അന്ന് വലിയ ജനശ്രദ്ധ നേടി. ചെെനയിൽ നിന്നുള്ള ഷാങ് ചു മിൻ ആണ് അറബിക്കഥയിൽ നായികയായെത്തിയത്.

അഭിനയ പശ്ചാത്തലമില്ലാത്ത ഷാങ് ചു മിനെ ലാൽ ജോസ് കണ്ടെത്തുന്നത് ദുബായിൽ നിന്നാണ്. അറബിക്കഥയിലെ നായികയെക്കുറിച്ച് ലാൽ ജോസ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.
അക്കാലത്ത് ചൈനക്കാരികളായ പെൺകുട്ടികൾ പല തരം ജോലികൾ ദുബായിൽ ചെയ്യുന്നുണ്ട്. അവർക്ക് ഇംഗ്ലീഷ് അറിയില്ല. ചൈനീസും ഇംഗ്ലീഷും അറിയുന്ന ഒരാൾ വേണം ട്രാൻസലേറ്റ് ചെയ്യാൻ. അങ്ങനെ ട്രാൻസലേറ്റ് ചെയ്യാൻ വന്ന ആളാണ് ഷാങ് ചു മിൻ. ചൈനക്കാരായ സുന്ദരി പെൺകുട്ടികളോട് നമ്മൾ പറയുന്നത് ഷാങ് ചു മിൻ അവർക്ക് വിശദീകരിച്ച് കൊടുക്കും. അങ്ങനെ പറഞ്ഞ് പറഞ്ഞ് സിനിമയിലെ ഡയലോഗുകൾ പഠിച്ചു. വന്ന പെൺകുട്ടികൾക്കാർക്കും കഥാപാത്രം ചെയ്യാൻ പറ്റിയില്ല.
അങ്ങനെ ഷാങ് ചു മിനെ അഭിനയിപ്പിച്ചാലോ എന്ന് ആലോചിച്ചു. ചോദിച്ചപ്പോൾ അവർ സമ്മതിച്ചെന്നും ലാൽ ജോസ് ഓർത്തു. വളരെ മനോഹരമായി ഷാങ് ചു മിൻ അഭിനയിച്ചു. വളരെ നല്ല സ്വഭാവമുള്ള കുട്ടിയാണ്. അച്ഛനമ്മമാരുമായി വളരെ അടുപ്പമുള്ള ഒരു കുട്ടിയാണെന്നും സംവിധായകൻ പറയുന്നു.
ഹലോ എന്ന സിനിമയ്ക്കൊപ്പമാണ് അറബിക്കഥ റിലീസ് ചെയ്തത്. ഹലോയാണ് വലിയ ഹിറ്റായത്. അറബിക്കഥ ആവറേജ് വിജയമാണ് നേടിയത്. പക്ഷെ കാലങ്ങൾ കഴിഞ്ഞിട്ടും ആളുകൾ ഓർക്കുന്ന സിനിമയായി അറബിക്കഥ മാറി. സിനിമയിലെ പാട്ടുകൾ വലിയ ഹിറ്റായെന്നും ലാൽ ജോസ് ചൂണ്ടിക്കാട്ടി.

അറബിക്കഥയ്ക്ക് ശേഷം ഷാങ് ചു മിനെ മലയാളി പ്രേക്ഷകർ കണ്ടിട്ടില്ല. 24ാം വയസിലാണ് ഷാങ് ചു മിൻ അറബിക്കഥയിൽ അഭിനയിച്ചത്. ഗൾഫിൽ ഒരു മാർക്കറ്റിംഗ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ഷാങ് ചു മിൻ. അറബിക്കഥയ്ക്ക് ശേഷം സ്പാനിഷ് മസാല എന്ന ലാൽ ജോസ് ചിത്രത്തിലും വിദേശ വനിതയാണ് നായികയായത്.
ഡാനിയേല സജേൾ എന്ന് സ്പാനിഷ് നടിയാണ് ചിത്രത്തിൽ നായികാ വേഷം ചെയ്തത്. ദിലീപായിരുന്നു ചിത്രത്തിലെ നായകൻ. കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷം ചെയ്തു. കരിയറിൽ അടുത്തിടെ പരാജയങ്ങൾ നേരിട്ട ലാൽ ജോസിന്റെ ശക്തമായ തിരിച്ച് വരവിന് കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications