ചിത്ര മരിക്കുന്നതിന്റെ തലേദിവസം എന്നെ വിളിച്ചിരുന്നു; മറക്കാൻ പറ്റില്ല; നടിയെക്കുറിച്ച് ലളിതശ്രീ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയായിരുന്നു അന്തരിച്ച ചിത്ര. ആറാം തമ്പുരാൻ, അടിവാരം, പാഥേയം തുടങ്ങിയ ശ്രദ്ധേയമായ നിരവധി സിനിമകളുടെ ഭാഗമാകാൻ ചിത്രയ്ക്ക് കഴിഞ്ഞു. ചിത്ര ചെയ്ത കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ചയാകാറുണ്ട്. 2021 ലാണ് നടി മരിക്കുന്നത്. ഹൃദയാഘാതം മൂലം ചെന്നെെയിലെ വീട്ടിൽ വെച്ചായിരുന്നു മരണം.
56ാം വയസ്സിലാണ് ചിത്ര ലോകത്തോട് വിട പറയുന്നത്. ചെന്നെെയിലാണ് താമസിച്ചതെങ്കിലും ചിത്ര ജനിച്ചത് കൊച്ചിയിലാണ്. ചിത്രയുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി ലളിതശ്രീ. സിനിമാ ലോകത്തെ തന്റെ അടുത്ത സുഹൃത്തായിരുന്നു ചിത്രയെന്ന് ലളിതശ്രീ പറയുന്നു. കാൻ ചാനൽ മീഡിയയോടാണ് പ്രതികരണം.
ചിത്രയുമായി വലിയ അടുപ്പമായിരുന്നു. ദിവസവും അവൾ എന്നെ വിളിക്കുമായിരുന്നു. കൊറോണ സമയം തുടങ്ങിയ ശേഷം എല്ലാ ദിവസവും ഉച്ചയ്ക്ക് മൂന്ന് മണിക്ക് അലാറം അടിക്കുന്നത് പോലെ വിളിക്കും. വിളിച്ചാൽ ഏഴ് മണി വരെ സംസാരിക്കും. എന്താണ് സംസാരിച്ചതെന്ന് ചോദിച്ചാൽ എനിക്കും അവൾക്കും അറിയില്ല. പഴയ കഥകളൊക്കെയായിരിക്കുമെന്ന് ലളിതശ്രീ ഓർത്തു. മരിക്കുന്നതിന്റെ തലേ ദിവസം ചിത്ര തന്നെ വിളിച്ചതിനെക്കുറിച്ചും ലളിതശ്രീ തുറന്ന് പറഞ്ഞു.

സദ്യ പുള്ളിക്കാരിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാൻ വിഷുവിനും ഓണത്തിനുമെല്ലാം ഇവരെ വിളിക്കും. ഉത്രാട ദിനത്തിൽ എന്നെ വിളിച്ചു. എന്നെ ലല്ലൂ എന്നാണ് വിളിക്കുക. രണ്ട് വർഷമായിട്ട് എന്നെ വിളിച്ച് സദ്യ തരാത്തത് എന്താണെന്ന് ചോദിച്ചു. എന്റെ കുടുംബത്തിൽ അതിന്റെ മുൻപത്തെ വർഷം മരണം നടന്നിരുന്നു. അതുകൊണ്ട് ഓണമില്ലെന്ന് പറഞ്ഞു. എന്നാൽ ശരിയെന്ന് ചിത്ര.
എനിക്ക് സദ്യ കഴിക്കാൻ തോന്നുന്നു ഓൺലൈനിൽ ബുക്ക് ചെയ്യട്ടെ, നിനക്ക് വേണോ എന്ന് ചോദിച്ചു. വേണ്ട ചിത്തൂ എന്ന് ഞാൻ പറഞ്ഞു. കഴിച്ച ശേഷം എങ്ങനെയുണ്ടായിരുന്നെന്ന് വിളിച്ച് അറിയിക്കാമെന്ന് പറഞ്ഞ് ചിത്ര ഫോൺ വെച്ചു. പുള്ളിക്കാരി പാചകത്തിലെ സംശയങ്ങളൊക്കെ എന്നോടായിരുന്നു ചോദിക്കുക.

പിറ്റേന്ന് അഞ്ച് മണിക്ക് ചിത്രയുടെ മകൾ വിളിച്ച് പറയുകയാണ്, ആന്റീ അമ്മ പോയെന്ന്. എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. ടോയ്ലറ്റിൽ പോയതായിരുന്നു. കുറേ നേരമായിട്ടും കതക് തുറന്നില്ല. ഇടിച്ച് തുറന്നപ്പോൾ ജീവൻ പോയ അമ്മയെ ആണ് കാണുന്നതെന്ന് പറഞ്ഞു. നല്ല പെണ്ണായിരുന്നു ചിത്ര. അവരെ മറക്കാൻ പറ്റില്ലെന്നും ലളിതശ്രീ വ്യക്തമാക്കി.
വിജയരാഘവൻ എന്നാണ് ചിത്രയുടെ ഭർത്താവിന്റെ പേര്. മകൾ ശ്രുതിയും. വിവാഹശേഷമാണ് ചിത്ര സിനിമാ ലോകത്ത് നിന്നും അകന്നത്. അവസാന കാലത്ത് തമിഴ് സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെയും തമിഴിലെയും സൂപ്പർസ്റ്റാറുകൾക്കൊപ്പം 90 കളിൽ നിരവധി സിനിമകളിൽ ചിത്ര അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർക്കൊപ്പം ശ്രദ്ധേയ സിനിമകൾ ചെയ്യാൻ ചിത്രയ്ക്ക് കഴിഞ്ഞു. ഒരു വടക്കൻ വീരഗാഥ, ദേവാസുരം, അമരം. ഏകലവ്യൻ തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്.
ചിത്ര കരിയറിൽ സജീവമായ സമയത്താണ് ലളിതശ്രീയും തുടരെ സിനിമകൾ ചെയ്യുന്നത്. സഹോദരന്റെ കുടുംബത്തോടൊപ്പമാണ് നടി ഇന്ന് താമസിക്കുന്നത്. കോമഡി, നെഗറ്റീവ് വേഷങ്ങളിൽ തുടരെ അഭിനയിച്ചിരുന്ന നടിയായിരുന്നു ലളിതശ്രീ. ബൽറാം V/S താരദാസ് എന്ന സിനിമയിലാണ് ലളിതശ്രീ അവസാനമായി അഭിനയിച്ചത്.


Click it and Unblock the Notifications











