മതിമറക്കുകയാണ്, ഭയങ്കര സെൻസിറ്റീവും, നിർമാതാക്കളെ മുതലെടുക്കുകയാണ് താരങ്ങൾ: ലിസ്റ്റിൻ സ്റ്റീഫൻ

മലയാള സിനിമാ നിർമാണ രം​ഗത്ത് നേരിടുന്ന പ്രശ്നങ്ങൾ കുറേ നാളുകളായി ചർച്ചയാകുന്നുണ്ട്. താരങ്ങളുടെ അമിത പ്രതിഫവമാണ് പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്ന പ്രശ്നം. പ്രതിഫലത്തിന് പുറമെയുള്ള ആവശ്യങ്ങളും നിർമാതാക്കളെ വലയ്ക്കുന്നു. ഇതേക്കുറിച്ച് സംസാരിക്കുകയാണ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. താരങ്ങളുടെ പ്രതിഫലത്തെയും നിബന്ധനകളെയും ലിസ്റ്റിൻ സ്റ്റീഫൻ വിമർശിക്കുന്നുണ്ട്. സൗത്ത് ഫ്രെയിംസ് എന്റർടെയിൻമെന്റ്സുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലിസ്റ്റിൻ സ്റ്റീഫൻ.

ആർട്ടിസ്റ്റുകൾക്ക് ഒരു ഇൻകം മാത്രമാണ് കി‌‌ട്ടുന്നത്. ഇവരങ്ങ് മതിമറക്കുകയാണ്. ജനങ്ങൾ കാണിക്കുന്ന സ്നേഹം ഇവർ ഞങ്ങളു‍ടെയടുത്ത് നിന്നും മുതലെടുക്കുകയാണ്. ബിസിനസിനനുസരിച്ചാണോ ശമ്പളം വാങ്ങുന്നത്, ഇത്രയും സൗകര്യങ്ങളുടെ ആവശ്യമുണ്ടോ, തൃപ്തിയോടെയാണ് പ്രൊഡ്യൂസർ ഇതെല്ലാം ചെയ്യുന്നത് എന്നൊക്കെയുള്ള കാര്യങ്ങളുണ്ട്. പല ആർട്ടിസ്റ്റുകളുമായും സംസാരിക്കേണ്ട ഘട്ടത്തിലേക്ക് വരികയാണ്.

Listin Stephen

അനുഭവ സമ്പത്തുള്ള നിർമാതാക്കൾക്ക് പോലും പലതും നേരിടേണ്ടി വരുന്നു. മേക്കപ്പിട്ട് കഴിഞ്ഞാൽ ഇവർ വേറെ ക്യാരക്ടറാണ്. പിന്നെ ഫെെവ് സ്റ്റാർ ഫെസിലിറ്റിയാണ്. സ്വയം മറന്ന് പോകുകയാണിവരെന്നും ലിസ്റ്റിൻ സ്റ്റീഫൻ വിമർശിച്ചു. ചെറിയ കാര്യങ്ങൾ വന്ന് കഴിഞ്ഞാൽ ഇവർ ഭയങ്കര സെൻസിറ്റീവായി മാറുകയാണ്. അപ്പോൾ നമുക്കൊന്നും ചെയ്യാൻ പറ്റില്ല. നേരിട്ടുള്ള ഇടപെടൽ അതോടെ പോകും.

നമുക്ക് മുന്നിൽ വേറൊരാളെ കൊണ്ട് നിർത്തി അവർ മുഖാന്തരം കാര്യങ്ങൾ ചെയ്യും. സിനിമ നമുക്കും പാഷനാണ്. ഇവരേക്കാൾ കൂടുതൽ നമ്മൾ ഇഷ്ടപ്പെടുന്നു. പക്ഷെ ഞങ്ങൾ ആക്ടേർസ് അല്ല. ഞങ്ങൾ ആക്ട് ചെയ്യുന്നത് ഇവരുടെ അടുത്താണ്. നമ്മുടെ പ്രശ്നങ്ങൾ മനസിലാകാത്തത് പോലെ അവർ ഇങ്ങോട്ട് ആക്ട് ചെയ്യുമ്പോൾ ചിലപ്പോൾ നിർമാതാക്കളും പൊട്ടിത്തെറിക്കുമെന്നും ലിസ്റ്റിൻ സ്റ്റീഫൻ വ്യക്തമാക്കി.

Listin Stephen

ഈ ഇൻഡസ്ട്രിയിൽ അഞ്ച് ശതമാനത്തിൽ താഴെ പേർ മാത്രമാണ് മുഴുവൻ പെെസയും കൊണ്ട് വന്ന് പടം പ്രൊഡ്യൂസ് ചെയ്യുന്നവർ. ബാക്കിയുള്ളവർ ലോണെടുത്തും പലിശയ്ക്കും വാങ്ങിയു അഡ്ജസ്റ്റ്മെന്റിലുമാണ് സിനിമ നിർമിക്കുന്നത്. അഭിനേതാക്കളോട് ശമ്പളം കുറയ്ക്കണമെന്ന് പറയുന്നയാളാണ് ഞാൻ. 100 രൂപ ലാഭം കിട്ടുമെങ്കിൽ എനിക്ക് അതിൽ നിന്ന് 25 രൂപ മതി.

വലിയ ആർട്ടിസ്റ്റോ ഡയറക്ടറോ ആണെങ്കിൽ മാത്രമേ പ്രൊഫിറ്റ് ഷെയറും വർക്കൗട്ടാകൂ. ഇന്ന് ഒരു കലക്ടറുടെയോ ഐപിഎസ് ഉദ്യോ​ഗസ്ഥന്റെയും പാറമടയിൽ പണിയെടുക്കുന്നവരുടെയും ശമ്പളം എത്രയാണ്. എന്തുകൊണ്ടാണ് സിനിമയിലുള്ളവർക്ക് മാത്രം വലിയ വണ്ടികളെടുക്കാൻ പറ്റുന്നത്. സിനിമയിൽ പണം അൺലിമിറ്റഡായി കിട്ടുകയാണെന്നും ലിസ്റ്റിൻ സ്റ്റീഫൻ അഭിപ്രായപ്പെട്ടു. ബാക്കിയുള്ളവർക്കെല്ലാം ലിമിറ്റഡായാണ് പണം കിട്ടുന്നതെന്നും നിർമാതാവ് ചൂണ്ടിക്കാട്ടി.

രാവിലെ 10 മണിക്കും 11 മണിക്കും വരുന്ന ആർട്ടിസ്റ്റുകളുണ്ട്. നേരത്തെ ഏഴ് മണിക്ക് ഫസ്റ്റ് ഷോട്ട് വെച്ചിരുന്നതാണ്. ഇപ്പോൾ ഷൂട്ട് വെെകുന്നത് ബാധിക്കാറുണ്ട്. മെയിൻ ആർട്ടിസ്റ്റുകളൊഴിച്ച് ബാക്കി എല്ലാവരും ഷൂട്ട് നീണ്ട് പോയാൽ എക്സ്ട്രാ ചാർജ് ചെയ്യുന്ന രീതിയുണ്ട്. 50 ദിവസം എന്നുള്ളത് 75 ദിവസമായാൽ ക്യാമറാമാനൊക്കെ എക്സ്ട്രാ പെെസ ചോദിക്കും.

ഇതൊക്കെ പ്രൊഡ്യൂസറുടെ കുഴപ്പം കൊണ്ട് സംഭവിക്കുന്നതല്ല. ഷൂട്ടിം​ഗ് ദിവസങ്ങൾ കൂടുന്നത് കൊണ്ട് പ്രൊഡ്യൂസർക്ക് കാര്യമില്ല. ഇതൊക്കെ സിനിമയിലുള്ളവർ മനസിലാക്കേണ്ടതുണ്ടെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറയുന്നു. സമാന പ്രസ്താവന നേരത്തെ മറ്റ് നിർമാതാക്കളിൽ നിന്നും വന്നിട്ടുണ്ട്.

അഭിനേതാക്കൾ വലിയ പ്രതിഫലം ചോദിക്കുന്നത് കാരണം സ്വന്തം പ്രാെഡക്ഷൻ ഹൗസായ മാജിക് ഫ്രെയിംസിൽ താൻ കൊണ്ട് വന്ന മാറ്റങ്ങളെക്കുറിച്ച് ലിസ്റ്റിൻ സ്റ്റീഫൻ സംസാരിക്കുന്നുണ്ട്. നേരത്തെ താൻ തന്നെയായിരുന്നു പ്രതിഫലക്കാര്യത്തിലും മറ്റും ഇ‌ടപെടുന്നതും സംസാരിക്കുന്നതും. എന്നാൽ ഇന്ന് അങ്ങനെയല്ലെന്ന് ലിസ്റ്റിൻ പറയുന്നു. നമ്മൾ ചെന്ന് പ്രതിഫലം കുറയ്ക്കണം എന്ന് പറഞ്ഞാൽ അവർക്കത് ഫീലാകും. നമ്മൾപ്പോൾ നെ​ഗറ്റീവാകും. അത് കാരണം ഇപ്പോൾ ടീമുണ്ട്.

അവരാണ് കാര്യങ്ങളെല്ലാം സംസാരിക്കുന്നത്. നേരിട്ട് സംസാരിച്ച് ഇഷ്ടക്കേട് വാങ്ങുന്നില്ലെന്നും ലിസ്റ്റിൻ സ്റ്റീഫൻ വ്യക്തമാക്കി. അഞ്ച് ലക്ഷം രൂപയാണ് കൊടുക്കുന്നതെങ്കിൽ ആ തുകയ്ക്ക് റെഡിയാണെങ്കിൽ ചെയ്താൽ മതി. ഇല്ലെങ്കിൽ അടുത്ത ഓപ്ഷനിലേക്ക് പോകും. ഒരു ക്യാരക്ടറിനെയിടുമ്പോൾ അഞ്ച് ഓപ്ഷനുകൾ ഇ‌ടും. പറഞ്ഞ പ്രതിഫലത്തിന് അഭിനയിക്കാൻ തയ്യാറല്ലെങ്കിൽ അടുത്ത ഓപ്ഷനിലേക്ക് പോകുമെന്ന് ലിസ്റ്റിൻ സ്റ്റീഫൻ വ്യക്തമാക്കി.

താരങ്ങൾ അമിത പ്രതിഫലം വാങ്ങുന്നെന്ന വാദത്തിൽ പലർക്കും പല അഭിപ്രായങ്ങളാണ്. ഒരു അഭിനേതാവിന്റെ പ്രതിഫലം നിശ്ചയിക്കുന്നത് അയാൾ തന്നെയാണെന്നും നിർമാതാക്കൾക്ക് അതിൽ ഇടപെടേണ്ടതില്ലെന്നുമാണ് നിർമാതാവ് സന്തോഷ് ടി കുരുവിള പറഞ്ഞത്. എന്നാൽ ജി സുരേഷ് കുമാർ ഉൾപ്പെടെയുള്ള നിർമാതാക്കൾ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നു.

100 കോടി ക്ലബിൽ കയറുന്ന സിനിമകളിൽ നിന്ന് പോലും വലിയ ലാഭം നിർമാതാക്കൾക്ക് ഇല്ലെന്നും താരങ്ങൾ നിർമാതാക്കളുടെ അവസ്ഥ മനസിലാക്കി പ്രതിഫലം, കുറയ്ക്കണമെന്നും പ്രൊഡ്യൂസേർസ് അസോസിയേഷന്റെ വെെസ് പ്രസിഡന്റായ ജി സുരേഷ് കുമാർ പറയുന്നു. എല്ലാ മാസവും റിലീസ് ചെയ്ത് സിനിമകൾക്ക് ലഭിച്ച കലക്ഷൻ വിവരങ്ങൾ ഔദ്യോ​ഗിക യൂട്യൂബ് ചാനലിലൂടെ പുറത്ത് വിടാൻ സുരേഷ് കുമാർ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എമ്പുരാന്റെ കലക്ഷൻ വിവരങ്ങൾ പുറത്ത് വിട്ടു.

175 കോടി ബ‍‍ഡ്ജറ്റിൽ നിർമ്മിച്ച എമ്പുരാൻ ആദ്യ അഞ്ച് ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്തെ തിയറ്ററുകളിൽ നിന്ന് മാത്രം 24 കോടിയിലധികം ഷെയർ നേടി. മാർച്ച് മാസം റിലീസ് ചെയ്ത 15 സിനിമകളിൽ 14 ഉം പരാജയപ്പെടുകയാണുണ്ടായത്. എമ്പുരാന് മാത്രമാണ് നഷ്ടം സംഭവിക്കാത്തത്. എമ്പുരാന്റെ ബഡ്ജറ്റ് നേരത്തെ വലിയ ചർച്ചയായിരുന്നു. നിർമാതാക്കളുടെ സംഘടനയും ആന്റണി പെരുമ്പാവൂരും തമ്മിൽ ഇതേക്കുറിച്ച് വാക്പോരുമുണ്ടായിരുന്നു.

നാല് കോടി പത്ത് ലക്ഷത്തിൽ കുറവ് മുതൽ മുടക്കിൽ നിർമ്മിച്ച സിനിമയാണ് ഔസേപ്പിന്റെ ഔസ്യത്ത്. ഈ സിനിമ തിയറ്ററിൽ നിന്ന് നേടിയത് 45 ലക്ഷം രൂപ മാത്രമാണെന്നാണ് പ്രൊഡ്യൂസേർസ് അസോസിയേഷൻ പുറത്ത് വിട്ട കണക്കുകളിൽ പറയുന്നത്. 26 ലക്ഷം രൂപ തിയറ്റർ കലക്ഷൻ ലഭിച്ച പരിവാർ 60 ലക്ഷം മുതൽ മുടക്കിലാണ് നിർമ്മിച്ചത്. 70 ലക്ഷം മുടക്കി നിർമ്മിച്ച ദാസേട്ടന്റെ സെെക്കിൾ നേടിയ കലക്ഷൻ 8 ലക്ഷം രൂപയാണ്. ഒടിടി സാറ്റ്ലെെറ്റ് ഷെയറുകളുടെ വിവരങ്ങൾ വരാനിരിക്കുന്നതേയുള്ളൂ.

മാർക്കറ്റ് വാല്യു ഉള്ളത് കൊണ്ട് പറയുന്ന പ്രതിഫലം കൊടുക്കണമെന്നാണ് താരങ്ങളെ അനുകൂലിക്കുന്നവരുടെ വാദം. എന്നാൽ മാർക്കറ്റ് വാല്യു ഉള്ള താരങ്ങളുടെ സിനിമകൾ പോലും ബോക്സ് ഓഫീസിൽ നേരിടുന്ന അവസ്ഥ പ്രൊഡ്യൂസേർസ് അസോസിയേഷൻ പുറത്ത് വിടുന്ന കണക്കുകളിലൂടെ വ്യക്തമാകും. കണക്കുകൾ പുറത്ത് വിടുന്നതിൽ സിനിമാ രം​ഗത്ത് നിന്നും എതിർപ്പുണ്ട്. താരമൂല്യമില്ലാതെ വലിയ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളുടെ സിനിമകൾ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നെന്ന് നിർമാതാക്കൾ ഉറപ്പിച്ച് പറയുന്നു.

നേരത്തെ പല തവണ അമിത പ്രതിഫലത്തിനെതിരെ ജി സുരേഷ് കുമാർ സംസാരിച്ചിട്ടുണ്ട്. നേരത്തെ പല തവണ അമിത പ്രതിഫലത്തിനെതിരെ ജി സുരേഷ് കുമാർ സംസാരിച്ചിട്ടുണ്ട്. എന്നാൽ മകളായ നടി കീർത്തി സുരേഷ് പ്രതിഫലം കുറയ്ക്കാറുണ്ടോ എന്നാണ് സുരേഷ് കുമാറിന് നേരെ വരുന്ന മറുചോദ്യം. മകളോടും ഇത് തന്നെയാണ് പറയാറുള്ളതെന്നും നിർമാതാക്കളെ ബുദ്ധിമുട്ടിക്കരുതെന്ന് മകളോട് പറഞ്ഞിട്ടുണ്ടെന്നും സുരേഷ് കുമാർ ഒരിക്കൽ വ്യക്തമാക്കിയതാണ്.

More from Filmibeat

Read more about: listin stephen
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X