ആ നടന്റെ കാരവാന് മുന്നിൽ കാത്ത് നിന്നു; ഒന്നര വർഷം പോയി; അത് രാജുവിനെ കണ്ട് പഠിക്കണം; മഹേഷ്
നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് തുടങ്ങി പല മേഖലകളിൽ സാന്നിധ്യം അറിയിച്ച കലാകാരനാണ് മഹേഷ് പത്മനാഭൻ. 2009 ൽ റിലീസ് ചെയ്ത കലണ്ടർ എന്ന സിനിമയിലൂടെയാണ് മഹേഷ് സംവിധാന രംഗത്തേക്ക് കടന്ന് വരുന്നത്. പൃഥിരാജ്, നവ്യ നായർ, സറീന വഹാബ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ പക്ഷെ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. കലണ്ടറിന്റെ പരാജയമുൾപ്പെടെ കരിയറിൽ തുടരെ പ്രതിസന്ധികൾ മഹേഷിന് നേരിടേണ്ടി വന്നിട്ടുണ്ട്.
അഭിനയ രംഗത്തും മഹേഷിനെ കാര്യമായി അവസരങ്ങൾ വന്നിട്ടില്ല. തന്റെ കരിയറിലെ വിഷമഘട്ടത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് മഹേഷ്. കാൻചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. മലയാളത്തിലെ ഒരു പ്രമുഖ നടനെ വെച്ച് സിനിമ ചെയ്യാൻ വേണ്ടി താനേറെ പരിശ്രമിച്ചിരുന്നെന്ന് മഹേഷ് പറയുന്നു. നടന്റെ പിന്നാലെ നടന്ന് ഒന്നര വർഷത്തോളം പോയി. എന്നാൽ കാരവാന് മുന്നിൽ കാത്ത് നിൽപ്പിച്ചതല്ലാതെ ആ നടൻ സിനിമ ചെയ്യാൻ തയ്യാറായില്ലെന്ന് മഹേഷ് തുറന്നടിച്ചു.

പിന്നീട് തമിഴിൽ സിനിമകൾ ചെയ്തെന്നും മഹേഷ് ഓർത്തു. ഇപ്പോഴുള്ളവരും മുൻപുള്ളവരും സിനിമകളിൽ ചെയ്ത കഥാപാത്രങ്ങൾ വെച്ചാണ് തന്റെ കലാപരമായ കഴിവിനെ വിലയിരുത്തുന്നത്. ചാക്കോച്ചനൊക്കെ അതിൽ പ്ലസ് പോയ്ന്റ് ഉണ്ട്. കഥ കേൾക്കാനുള്ള മനസ് കാണിക്കും. ഈ കഥ എനിക്ക് ചേരില്ലെന്ന് പറയുമെങ്കിലും അതെത്ര മര്യാദയാണ്. അല്ലാതെ ഉഗ്രൻ സംഭവം, നമുക്ക് ചെയ്യാം എന്ന് പറഞ്ഞ് ലോകം മൊത്തം നടത്തിക്കില്ല.
അക്കാര്യത്തിൽ രാജുവിനെ കണ്ട് പഠിക്കണം. കൊള്ളില്ലെങ്കിലും കൊള്ളാമെങ്കിലും തുറന്ന് പറയും. എല്ലാവരും നോക്കി നിൽക്കെ ഒരു നടന്റെ കാരവാന് ചുവട്ടിൽ കാത്ത് നിൽക്കേണ്ട അവസ്ഥ ദുരിതം തന്നെയാണെന്നും മഹേഷ് വ്യക്തമാക്കി. കലണ്ടർ എന്ന സിനിമ പരാജയപ്പെടാനുള്ള കാരണം എന്തെന്നും മഹേഷ് തുറന്ന് പറഞ്ഞു.

സംവിധായകനാണ് ഞാൻ സിനിമാ രംഗത്തേക്ക് വന്നത്. ഇപ്പോഴും അഭിനയത്തേക്കാളേറെ നന്നായി ചെയ്യാൻ പറ്റുമെന്ന് തോന്നുന്നത് സംവിധാനമാണ്. കലണ്ടർ പരാജയപ്പെട്ടതിന് പല കാരണങ്ങൾ ഉണ്ട്. എന്നെ രോഗിയാക്കിയ സിനിമയാണ് കലണ്ടർ. മെന്റൽ ടോർച്ചർ ഉണ്ടായി. ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ സീൻ എങ്ങനെയെടുക്കണമെന്ന് അറിയണമെങ്കിൽ കുറഞ്ഞത് സ്ക്രിപ്റ്റ് എങ്കിലും നേരത്തെ കിട്ടണം.
ലൊക്കേഷനിൽ വന്നിട്ടാണ് സീനെഴുതി കൈയിൽ കിട്ടിയത്. എന്തിനും ഏതിനും കയർക്കുന്ന നിർമാതാവായിരുന്നു അന്ന്. ചെറിയ കാര്യത്തിന് പോലും കയർക്കും. രാവിലെ വന്ന് വെറുതെ കയർക്കുമ്പോൾ അതിന്റെ പിരിമുറുക്കം ഉണ്ടായി. പക്ഷെ ഇന്ന് അദ്ദേഹം തന്റെ നല്ല സുഹൃത്താണ്. താരങ്ങളിൽ എല്ലാവരിൽ നിന്നും പിന്തുണയുണ്ടായിരുന്നു. രാജുവിന്റെ ഭാഗത്ത് നിന്നും നല്ല സപ്പോർട്ട് ആയിരുന്നു.
ഇനിയും താനൊരു മലയാളം സിനിമ സംവിധാനം ചെയ്യുമെന്നും മഹേഷ് വ്യക്തമാക്കി. നടനെന്ന നിലയിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാൻ കഴിയാഞ്ഞതിനെക്കുറിച്ചും മഹേഷ് സംസാരിച്ചു. കാശിന് വേണ്ടി ആവശ്യമില്ലാത്ത ഒരുപാട് സിനിമകൾ ചെയ്തു. അതാണ് ഒരു പരിധി വരെ എന്റെ കരിയറിനെ നശിപ്പിച്ചത്. ഇനിയെന്ത് ചെയ്യാൻ പറ്റുമെന്നാണ് ആലോചിക്കുന്നതെന്നും മഹേഷ് വ്യക്തമാക്കി.


Click it and Unblock the Notifications











