എന്തിനാണീ മേജർ? ഇയാൾക്ക് പേരില്ലേ; അമിതാഭ് ബച്ചൻ ചോദിച്ചത്; ഞാൻ മേജറാണെന്ന് അറിയിക്കാൻ പറഞ്ഞിരുന്നു; മേജർ രവി
ആർമിയിൽ സിനിമാ രംഗത്തേക്ക് കടന്ന് വന്ന് ശ്രദ്ധിക്കപ്പെടാൻ സാധിച്ച മേജർ രവി ഒരുപിടി ഹിറ്റ് സിനിമകൾ പ്രേക്ഷകർക്ക് മുമ്പിൽ എത്തിച്ചിട്ടുണ്ട്. കുരുക്ഷേത്ര, കീർത്തി ചക്ര തുടങ്ങിയ സിനിമകളെല്ലാം മികച്ച വിജയം നേടി. അഭിനയത്തിലും മേജർ രവി സാന്നിധ്യം അറിയിക്കാറുണ്ട്. ബോളിവുഡ് താരം അമിതാഭ് ബച്ചനെ തന്റെ സിനിമയിൽ അഭിനയിപ്പിക്കാനും മേജർ രവിക്ക് കഴിഞ്ഞു. ഇദ്ദേഹം സംവിധാനം ചെയ്ത കാണ്ഡഹാർ എന്ന സിനിമയിലാണ് അമിതാഭ് ബച്ചൻ അഭിനയിച്ചത്.
അമിതാഭ് ബച്ചന്റെ ഒരു പരസ്യ ചിത്രീകരണത്തിനിടെയുള്ള അനുഭവം പങ്കുവെക്കുകയാണിപ്പോൾ മേജർ രവി. പ്രിദദർശന്റെ അസിസ്റ്റന്റ് ഡയറക്ടറായിരിക്കെയുള്ള ഓർമകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു മേജർ രവി. കൗമുദി മൂവീസിനോടാണ് പ്രതികരണം.
കോൻ ബനേഗ ക്രോർപതി എന്ന ഷോയുടെ പരസ്യം ചെയ്തിരുന്നു. പ്രിയേട്ടനാണ് ചെയ്തത്. ഞാൻ അസിസ്റ്റന്റായി വർക്ക് ചെയ്യുന്നു. പ്രിയേട്ടാ, എങ്ങനെയെങ്കിലും ഞാനൊരു മേജർ ആണെന്നുള്ളത് മൂപ്പരെ അറിയിക്കണമെന്ന് ഞാൻ പറഞ്ഞു.

ഷൂട്ട് ചെയ്യുമ്പോൾ പ്രിയേട്ടൻ മേജർ എന്ന് വിളിക്കും. കുറച്ച് കഴിഞ്ഞപ്പോൾ അമിത് ജി ഷൗട്ട് ചെയ്തു. വെയ്റ്റ് പ്രിയൻ, എന്തിനാണിയാളെ മേജർ എന്ന് വിളിക്കുന്നത്. ഇയാൾക്ക് പേരില്ലേ എന്ന് ചോദിച്ചു. അപ്പോൾ പ്രിയേട്ടൻ അടുത്ത് പോയി, സർ, അദ്ദേഹം മേജർ രവിയാണ്. 26 വർഷം ആർമിലായിരുന്നെന്ന് പറഞ്ഞു. ഇത് പറഞ്ഞപ്പോൾ അമിത് ജി എന്നെ നോക്കി. ഒന്നും മിണ്ടിയില്ല.
അതിന് മുമ്പ് വേറൊരു സംഭവം നടന്നിട്ടുണ്ട്. ഡയലോഗ് കാണിച്ച് കൊടുത്തപ്പോൾ എല്ലാം നോക്കി, എന്നിട്ട് സ്ക്രിപ്റ്റ് ചുരുട്ടി. എന്റെ ഷർട്ടിനുള്ളിലേക്കിട്ടു. മൂപ്പർ ഡയലോഗ് മനപ്പാഠമാക്കിയിട്ടുണ്ട്. ഈ സംഭവം കഴിഞ്ഞാണ് മേജർ ഇഷ്യൂ നടക്കുന്നത്. ഇവനെയാണോ ഞാൻ കളിയാക്കി പേപ്പർ ചുരുട്ടിക്കൂട്ടിയത് അദ്ദേഹത്തിന് തോന്നിക്കാണും. ഷോട്ട് കഴിഞ്ഞ് അദ്ദേഹം എന്നെ വിളിച്ചു. മേജർ, ഇവിടെ വരൂയെന്ന് പറഞ്ഞു. എന്തിനാണ് ആർമിയിൽ നിന്നും സിനിമയിലെത്തിയതെന്ന് ചോദിച്ചു.

എനിക്ക് പെൻഷനുണ്ട്. സിനിമ പാഷനാണ്. അതുകൊണ്ട് വന്നതാണെന്ന് ഞാൻ പറഞ്ഞു. ഗുഡ്, എന്തായാലും ഓൾ ദ ബെസ്റ്റ്. രാജീവ് ഗാന്ധി കൊലപാതക കേസ് ഓപ്പറേഷൻ ചെയ്തത് താങ്കളാണെന്ന് താനറിഞ്ഞെന്ന് അമിതാഭ് ബച്ചൻ പറഞ്ഞതായും മേജർ രവി ഓർത്തു.
അമിതാഭ് ബച്ചന്റെ കൃത്യനിഷ്ഠയെക്കുറിച്ചും മേജർ രവി സംസാരിച്ചു. കോൻ ബനേഗ ക്രോർപതി ഷോ നടക്കുന്നതിനടുത്ത് സെറ്റിട്ടാണ് ഞങ്ങൾ ആഡ് ചെയ്യുന്നത്. ഷോ കഴിഞ്ഞ് ആറ് മണിക്കാണ് അമിത് ജി ആഡിന് സമയം കൊടുത്തത്.
പ്രിയേട്ടൻ അഞ്ചര മണിയായപ്പോഴേക്കും മുഴുവൻ സെറ്റ് റെഡിയാക്കി. കൃത്യം ആറ് മണിക്ക് അമിതാഭ് ബച്ചൻ ഷോട്ടിന് തയ്യാറായി വന്നെന്നും മേജർ രവി വ്യക്തമാക്കി. നടൻ ആമിർ ഖാൻ, അക്ഷയ് കുമാർ എന്നിവരും കൃത്യനിഷ്ഠ പാലിക്കുന്നവരാണെന്നും മേജർ രവി പറയുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം ആഡ് ചെയ്തത അനുഭവവും മേജർ രവി പങ്കുവെച്ചു. യുവരാജ് സിംഗിനൊക്കെ കുറച്ച് അഹങ്കാരം ഉണ്ട്. പക്ഷെ സെവാഗ് വളരെ സിംപിളാണ്. രാഹുൽ ദ്രാവിഡ് ജെന്റിൽമാനാണ്. ഓരോരുത്തരെയും അടുത്ത് കാണുമ്പോഴാണ് ഇവർ വ്യത്യസ്തരാണെന്ന് അറിയുന്നതെന്നും മേജർ രവി ഓർത്തു.


Click it and Unblock the Notifications