ഫാഷൻ ലോകത്തെ താര റാണി; കൈയിലെത്തുന്നത് കോടികൾ; മാളവികയുടെ സമ്പാദ്യം; റിപ്പോർട്ട്
നായിക നിരയിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ നടിയാണ് മാളവിക മോഹനൻ. പട്ടം പോലെ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന മാളവിക സിനിമാട്ടോഗ്രാഫർ കെയു മോഹനന്റെ മകളാണ്. ആദ്യ ചിത്രം പട്ടം പോലെ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ഇക്കാലയളവിനിടെ ഫാഷൻ രംഗത്തെ നിറ സാന്നിധ്യമായി മാളവിക മാറി. ബോളിവുഡ് നടിമാരെ വെല്ലുന്ന ഫിറ്റ്നെസും ഫാഷൻ സെൻസുമുള്ള മാളവിക പെട്ടെന്ന് തന്നെ ഫാഷൻ മേഖലയിലെ താരമായി.
ഫാഷൻ ലോകത്തെ നിറപ്പകിട്ടുകൾക്കിടയിലും സിനിമാ കരിയറിൽ മികച്ച സിനിമകൾ തെരഞ്ഞെടുക്കാൻ മാളവിക ശ്രദ്ധിച്ചു. 2017 ൽ പുറത്തിറങ്ങിയ ബിയോണ്ട് ദ ക്ലൗഡ്സ് എന്ന സിനിമയിൽ മാളവിക ചെയ്ത കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ കരിയറിൽ പലപ്പോഴും പ്രതീക്ഷിച്ച വളർച്ച മാളവികയ്ക്കുണ്ടായിട്ടില്ല. ബോളിവുഡിലും തെന്നിന്ത്യയിലും മുൻനിരയിലെത്താനുള്ള സ്ക്രീൻ പ്രസൻസും ജനശ്രദ്ധയും മാളവികയ്ക്കുണ്ട്.

എന്നാൽ നടി സിനിമാ രംഗത്ത് സജീവമല്ല. ചെയ്ത കൊമേഴ്ഷ്യൽ സിനിമകളും കുറവാണ്. അതേസമയം റിലീസ് ചെയ്യാനിരിക്കുന്ന തങ്കലാൻ എന്ന സിനിമയിൽ മികച്ച വേഷമാണ് മാളവികയ്ക്കെന്ന് റിപ്പോർട്ടുകളുണ്ട്. മാളവികയുടെ സാമ്പത്തിക വിവരങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടാണിപ്പോൾ പുറത്ത് വരുന്നത്.
റിപ്പോർട്ടുകൾ പ്രകാരം 16 കോടി രൂപയുടെ ആസ്തി മാളവികയ്ക്കുണ്ട്. ഒരു സിനിമയ്ക്ക് അഞ്ച് കോടി രൂപയാണ് മാളവിക വാങ്ങുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ചെയ്യുന്ന സിനിമകൾ കുറവാണെങ്കിലും ഫാഷൻ ലോകത്തെ സജീവ സാന്നിധ്യമാണ് മാളവിക. വൻ കിട ബ്രാൻഡുകളെ വരെ മാളവിക പ്രൊമോട്ട് ചെയ്യുന്നു. ആഡംബര കാറുകളുടെ ഒരു ശേഖരവും മാളവികയ്ക്കുണ്ട്. 50 ലക്ഷം രൂപ വിലവരുന്ന മെഴ്സിഡസ് എംഎൽ 350 ആണ് ഇതിലൊന്ന്. 2.60 കോടി വിലയുള്ള ബിഎംഡബ്ല്യു, 81 ലക്ഷം രൂപ വില വരുന്ന ഓഡി ക്യു7 എന്നീ കാറുകളും മാളവികയുടെ പക്കലുണ്ട്.

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാനിൽ വിക്രമാണ് നായകൻ. മാളവികയ്ക്ക് പുറമെ നടി പാർവതി തിരുവോത്തും തങ്കലാനിൽ പ്രധാന വേഷം ചെയ്യുന്നു. ക്രിസ്റ്റിയാണ് മലയാളത്തിൽ മാളവികയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മാത്യു തോമസാണ് ചിത്രത്തിൽ നായക വേഷം ചെയ്തത്. ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. അടുത്തിടെ നയൻതാരയെക്കുറിച്ച് മാളവിക മോഹനൻ നടത്തിയ പരാമർശം ചർച്ചയായിരുന്നു.
ഒരു സിനിമയിലെ ആശുപക്രി സീനിലും നയൻതാര മേക്കപ്പിട്ടതിനെക്കുറിച്ചാണ് മാളവിക സംസാരിച്ചത്. നയൻതാരയ്ക്ക് ഈ പരാമർശം ഇഷ്ടമായില്ല. ഇതിനെതിരെ നടി പരോക്ഷമായി പ്രതികരിക്കുകയും ചെയ്തു. പിന്നീടൊരിക്കൽ മാളവികയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വളച്ചൊടിക്കപ്പെട്ടു. ലേഡി സൂപ്പർ സ്റ്റാർ എന്ന പ്രയോഗം എന്തിനാണെന്നും സൂപ്പർസ്റ്റാർ എന്ന് വിളിച്ചാൽ പോരെയെന്നും ഒരു അഭിമുഖത്തിൽ മാളവിക പറഞ്ഞു. ഇത് നയൻതാരയ്ക്കെതിരെയാണെന്ന് അഭ്യൂഹങ്ങൾ പരന്നു. ഇതോടെ വിഷയത്തിൽ മാളവിക വ്യക്തത വരുത്തി. നയൻതാരയ്ക്കെതിരെയല്ല തന്റെ പരാമർശമെന്ന് നടി ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications











