സുകുവേട്ടന്‍ എനിക്ക് രണ്ട് മക്കളെ തന്നു, ഒരുമിച്ച് ജീവിച്ചതിന് ശേഷം വിഷമിക്കേണ്ടി വന്നിട്ടില്ലെന്ന് മല്ലിക
നടി മല്ലിക സുകുമാരനും മക്കളുമൊക്കെ സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. എന്നും നടന്‍ സുകുമാരന്റെ ഓര്‍മ്മകളാണ് മല്ലിക പറയാറുള്ളത്. ശരിക്കും സുകുവേട്ടന്‍ തന്റെ ജീവിതത്തിലേക്ക് വന്നത് ഒരു വരദാനം പോലെയായിരുന്നുവെന്ന് പറയുന്ന നടിയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.
ഏറ്റവും പുതിയ സിനിമയുടെ പ്രൊമോഷനുമായി എത്തിയതായിരുന്നു മല്ലിക സുകുമാരന്‍. സുകുവേട്ടന്‍ ജീവിതത്തിലേക്ക് വന്നതും അദ്ദേഹത്തെ പോലെയിരിക്കുന്ന രണ്ട് മക്കളെ തന്നതുമടക്കം തന്റെ പ്രണയകാലത്തെ കുറിച്ചും നടി വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തുകയാണ്.

സുകുവേട്ടന്റെ സഹോദരി എന്റെ കൂടെയാണ് പഠിച്ചത്. അവളുടെ കൂടെ വീട്ടില്‍ പോയപ്പോള്‍ സുകുവേട്ടനെ പലപ്പോഴും കണ്ടിട്ടുണ്ട്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വില്ലാളി വീരനായിരുന്നു സുകുവേട്ടന്‍. അധ്യാപകനായി പലയിടത്തും അദ്ദേഹം വര്‍ക്ക് ചെയ്തിരുന്നു. നല്ല വെളുത്ത് യോഗ്യനായ, ടൂവീലറിലൊക്കെ വരുന്ന സുമുഖനായ ചെറുപ്പക്കരാനാണ് അന്ന് സുകുവേട്ടന്‍.
മദ്രാസില്‍ വച്ച് വീണ്ടും ഞങ്ങള്‍ പരിചയപ്പെട്ടു. കുതിരവട്ടം പപ്പുവേട്ടന്‍ ഇടയ്ക്ക് എന്റെ വീട്ടില്‍ വരും. അദ്ദേഹവും സുകുവേട്ടനും ഐവി ശശിയുമൊക്കെ ഒരു വീട്ടിലാണ് താമസം. കുതിരവട്ടം പപ്പുവിനൊപ്പം സുകുവേട്ടനും എന്റെ വീട്ടിലേക്ക് വരുമായിരുന്നു. അങ്ങനെ ഇവരെല്ലാവരെയും പലപ്പോഴായി കണ്ടുമുട്ടിയപ്പോഴാണ് ഹായ്, ബൈ ഒക്കെ പറയാന്‍ തുടങ്ങിയത്. അവളുടെ രാവുകളില്‍ സീമയ്ക്ക് ഡബ്ബ് ചെയ്യാന്‍ പറഞ്ഞത് സുകുവേട്ടനാണ്. അങ്ങനെ സമ്മതിച്ചു.

ഡബ്ബിങ് കഴിഞ്ഞതിന് ശേഷമാണ് ആ സിനിമയില്‍ ചെറിയൊരു വേഷം കൂടി ചെയ്യാനുണ്ടെന്ന് ശശിയേട്ടന്‍ പറഞ്ഞത്. വലിയ സീനൊന്നുമല്ല, എങ്കിലും എന്നോട് അഭിനയിക്കാന്‍ പറഞ്ഞു. അങ്ങനെ ആ സിനിമയ്ക്ക് ശേഷം ഞങ്ങളെല്ലാവരും നല്ലൊരു സൗഹൃദത്തിലായി. പിന്നീട് സ്ഥിരം ഞാന്‍ താമസിക്കുന്ന വീട്ടില്‍ വല്ലോ ഭക്ഷണവും ഉണ്ടോന്ന് ചോദിച്ച് സ്ഥിരമായി വരാന്‍ തുടങ്ങി. ഇതോടെ കൂടുതല്‍ അടുപ്പമാണ് ഉണ്ടായത്.
സുകുവേട്ടനുമായി പരസ്പരം കഥകള്‍ പറഞ്ഞ് തുടങ്ങി. ആ സമയത്ത് അദ്ദേഹത്തിന് കല്യാണാലോചനകള്‍ നടക്കുന്നുണ്ട്. വീട്ടില്‍ നിന്നും പെണ്‍കുട്ടികളുടെ ഫോട്ടോ അയച്ച് കൊടുക്കും. അതെല്ലാം വേണ്ട, പിന്നെ നോക്കാമെന്ന് പുള്ളി പറയും. അങ്ങനെ അതൊക്കെ ഒഴിവാക്കിയത് എനിക്ക് വേണ്ടിയാണെന്ന് ശ്രീകുമാരന്‍ തമ്പി ചേട്ടനാണ് എന്നോട് പറഞ്ഞത്. സത്യത്തില്‍ ദൈവമെനിക്ക് കൊണ്ട് വന്ന വരദാനമായിരുന്നു സുകുവേട്ടനെന്ന്', മല്ലിക പറയുന്നു.

സുകുമാരന്‍ എന്ന വ്യക്തി എന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം എനിക്ക് വിഷമിക്കേണ്ടതായി വന്നിട്ടില്ല. പുള്ളി എനിക്ക് പ്രൊമീസ് ചെയ്തതും അതായിരുന്നു. സത്യത്തില്‍ എന്റെ ജീവിതത്തിലേക്ക് സുകുമാരന്‍ വന്ന്, രണ്ട് കുഞ്ഞുങ്ങളെ തന്നു. അദ്ദേഹത്തെ പോലെ തന്നെയാണ് അവര്‍.
പുള്ളി ഭാര്യയെന്ന നിലയില്‍ എന്നെ സ്‌നേഹിച്ചു. മക്കള്‍ അതുപോലെ തന്നെ അമ്മയെയും സ്‌നേഹിക്കുന്നു. അച്ഛന്‍ പറഞ്ഞത് പോലെ തന്നെ അമ്മയാണ് വലുതെന്ന് കരുതി സ്‌നേഹിക്കുന്ന സ്‌നേഹമുള്ള മക്കളാണ് തന്റേതെന്നാണ് മല്ലിക സുകുമാരന്‍ പറയുന്നത്. ജീവിതം സന്തുഷ്ടമാണ്. ഇനി ഇതില്‍ കൂടുതലൊന്നും വേണ്ടെന്നും നടി സൂചിപ്പിക്കുന്നു.
അതേ സമയം മല്ലികയെ പ്രശംസിച്ച് കൊണ്ട് എത്തുകയാണ് ആരാധകർ. ഇത്രയും നല്ലൊരു ഭാര്യയും അമ്മയുമാകാൻ മല്ലിക സുകുമാരന് സാധിച്ചത് ഭർത്താവിൽ നിന്നും ലഭിച്ച പിന്തുണ കൊണ്ട് തന്നെയാണെന്നാണ് ആരാധകരും പറയുന്നത്. സുകുമാരൻ്റെ ചിട്ടകൾക്ക് അനുസരിച്ച് വളരാനും ജീവിത ലക്ഷ്യത്തിലേക്ക് എത്താനും പൃഥ്വിരാജിനും ഇന്ദ്രജിത്തിനും സാധിച്ചു. അതിനെല്ലാം ക്രെഡിറ്റ് മല്ലിക സുകുമാരന് മാത്രം അർഹതപ്പെട്ടതാണെന്നാണ് വീഡിയോയുടെ താഴെ വരുന്ന കമൻ്റുകളിൽ പറയുന്നത്.


Click it and Unblock the Notifications











