പൃഥ്വിരാജിന് അത്രയും സ്നേഹം എന്നോടുണ്ട്; സുപ്രിയക്ക് അതറിയണമെന്നില്ല; കുടുംബത്തെക്കുറിച്ച് മല്ലിക സുകുമാരൻ
പൃഥ്വിരാജിന്റെ എമ്പുരാൻ വാർത്തകളിൽ നിറയവെ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് താരത്തിന്റെ അമ്മ മല്ലിക സുകുമാരനാണ്. സിനിമയുമായി ബന്ധപ്പെട്ട് മല്ലിക സുകുമാരനും ഒന്നിലേറെ അഭിമുഖങ്ങൾ നൽകുന്നുണ്ട്. മകൻ കരിയറിൽ പിന്നിട്ട പാതകളെക്കുറിച്ചും മറ്റും മല്ലിക സുകുമാരൻ സംസാരിക്കുന്നു. മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് മല്ലിക സുകുമാരന്റെ ലോകം. എന്നാൽ രണ്ട് പേരുടെയും തിരക്കുകൾ കാരണം എപ്പോഴും കാണാൻ പറ്റാറില്ലെന്ന് നടി പറയാറുണ്ട്.
പൃഥ്വിരാജിനും ഇന്ദ്രജിത്തിനുമൊപ്പമല്ല മല്ലിക സുകുമാരൻ കഴിയുന്നതും. മക്കളുടെ കുടുംബ ജീവിതത്തിൽ കല്ലുകടിയാകാൻ തനിക്ക് താൽപര്യമില്ലെന്നാണ് ഇതേക്കുറിച്ച് മല്ലിക സുകുമാരൻ പറയാറുള്ളത്. മക്കൾ തന്നെ കാണാൻ എത്താറുണ്ട്. തന്റെ കാര്യത്തിൽ ശ്രദ്ധയുണ്ട്. അതിനാൽ തനിക്ക് പരിഭവം ഇല്ലെന്നും നടി വ്യക്തമാക്കുകയുണ്ടായി. ഇപ്പോഴിതാ പൃഥ്വിരാജിനെക്കുറിച്ച് പുതിയ അഭിമുഖത്തിൽ മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

പൃഥ്വിരാജിൽ താൻ കണ്ട ഏറ്റവും വലിയ ഗുണം അമ്മയെ സ്നേഹിക്കുന്നതാണെന്ന് മല്ലിക സുകുമാരൻ പറയുന്നു. മെെൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. മൂന്നാമതൊരാൾ കണ്ടാൽ വിചാരിക്കും ഇവൻ ഭയങ്കര ഗൗരവക്കാരനാണെന്ന്. മിണ്ടുമോ ചേച്ചിയോട് എന്നൊക്കെ തോന്നും. ആ സ്നേഹം അത് അനുഭവിക്കുന്നവർക്കേ അറിയാൻ പറ്റൂ. പരസ്യപ്പെടുത്തില്ല. അതൊന്നും നടക്കില്ല. സുകുവേട്ടനും രാജുവും അക്കാര്യത്തിൽ ഒരേ പോലെയാണ്. അവരുടെ സ്നേഹം ആരെയാണോ സ്നേഹിക്കുന്നത് അവർക്ക് പെട്ടെന്ന് ഫീൽ ചെയ്യും. പക്ഷെ അത് പ്രദർശിപ്പിക്കില്ല.
എന്നെ എന്തുമാത്രം സുകുവേട്ടൻ സ്നേഹരിക്കുന്നെന്നത് എനിക്ക് നന്നായി അറിയാം. എന്റെ മക്കൾക്ക് പോലും അറിയില്ല. അത് പോലെ രാജുവിന് എന്നോട് എന്ത് സ്നേഹമുണ്ടെന്ന് എനിക്ക് വ്യക്തമായി അറിയാം. അത്ര കണ്ട് സുപ്രിയക്കും പൂർണിമയ്ക്കും ഇന്ദ്രജിത്തിനും അത്ര കണ്ട് അറിയാമോ എന്നെനിക്കറിയില്ല. പൃഥ്വിരാജിന് മുൻകോപമില്ലെന്നും മല്ലിക സുകുമാരൻ പറയുന്നു. അവൻ ക്ഷമ കെട്ടിരിക്കുമ്പോൾ നമ്മൾ വല്ലതും ചോദിച്ചാൽ ഇപ്പോൾ തന്നെ പറയണോ വെെകുന്നേരം പറഞ്ഞാൽ മതിയോ കുറച്ച് ജോലിയുണ്ട് എന്നൊക്കെ പറയും.

അത് മുൻകോപമല്ല. അവൻ ഒരു കാര്യത്തിൽ ഇൻവോൾവ് ആയിരിക്കുമ്പോൾ ആരും ഇടപെടരുത്. അത് അവന്റെ ജോലിയോടുള്ള കമ്മിറ്റ്മെന്റായേ എനിക്ക് തോന്നാറുള്ളൂ. ഇപ്പോൾ പൃഥ്വിരാജ് ഒരുപാട് മാറിയിട്ടുണ്ടെന്നും മുമ്പത്തേക്കാളും സംസാരിക്കുന്നുണ്ട്. ഇരുപതുകളിലെ പെരുമാറ്റമായിരിക്കല്ലല്ലോ നാൽപതുകളിലെന്നും മല്ലിക സുകുമാരൻ ചൂണ്ടിക്കാട്ടി. എമ്പുരാൻ എല്ലാ പ്രേക്ഷകരും കണ്ട് സ്വീകരിക്കണമെന്നും മല്ലിക സുകുമാരൻ പറയുന്നുണ്ട്.
മൂത്ത മകൻ ഇന്ദ്രജിത്ത് എമ്പുരാനിൽ അഭിനയിക്കുന്നതിന്റെ സന്തോഷവും മല്ലിക സുകുമാരനുണ്ട്. നേരത്തെ പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയിൽ മല്ലിക സുകുമാരൻ അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജിന്റെ പ്രയത്നങ്ങളുടെ ഫലമാണ് ഇന്നത്തെ ഉയർച്ചയെന്ന് മല്ലിക സുകുമാരൻ അഭിമുഖങ്ങളിൽ പറയുന്നുണ്ട്.
പൃഥ്വിരാജിന് കരിയറിലെ തുടക്കകാലത്ത് നേരിടേണ്ടി വന്ന പ്രശ്നങ്ങളെക്കുറിച്ച് പല തവണ മല്ലിക സുകുമാരൻ സംസാരിച്ചതാണ്. അഭിനയ രംഗത്ത് മല്ലിക സുകുമാരൻ സജീവമാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായാണ് എമ്പുരാൻ പ്രേക്ഷകരിലേക്ക് എത്തുന്നത്. മോഹൻലാൽ, ടൊവിനോ തോമസ്, മഞ്ജു വാര്യർ തുടങ്ങി വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നു. പൃഥ്വിരാജും പ്രധാന വേഷങ്ങളിലൊന്ന് ചെയ്യുന്നുണ്ട്.


Click it and Unblock the Notifications