ബിജു മേനോന്‍ പ്രേമിച്ച് വിവാഹം കഴിക്കുമെന്ന് തോന്നുമോ? സിനിമയിലെ രഹസ്യ വിവാഹങ്ങളെ കുറിച്ച് മല്ലിക സുകുമാരന്‍
സിനിമയില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ നടി മല്ലിക സുകുമാരനെ ആദരിക്കുകയായിരുന്നു സിനിമാലോകം. ഈ അവസരത്തില്‍ പല അഭിമുഖങ്ങളിലൂടെയും തന്റെ വിശേഷങ്ങള്‍ ആരാധകരുമായി നടി പങ്കുവെക്കുകയും ചെയ്തു. ഇതിനിടയില്‍ നടന്‍ സുകുമാരനുമായിട്ടുള്ള തന്റെ വിവാഹത്തെ കുറിച്ചും മല്ലിക സംസാരിച്ചിരുന്നു.
വീട്ടുകാരുടെ സമ്മതത്തോട് കൂടിയാണ് വിവാഹിതരായതെങ്കിലും ഇക്കാര്യം പുറംലോകവുമായി പങ്കുവെച്ചില്ല. മൂന്നാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. അത്തരത്തില്‍ സിനിമാ താരങ്ങളുടെ രഹസ്യവിവാഹങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടിയിപ്പോള്‍.

എന്റെയും സുകുവേട്ടന്റെയും കല്യാണം കഴിഞ്ഞ കാര്യം മൂന്നാഴ്ചയോളം കഴിഞ്ഞിട്ടാണ് എല്ലാവരും അറിയുന്നത്. അതുപോലെ തന്നെ വിവാഹിതരായ നിരവധി താരങ്ങള്‍ മലയാള സിനിമയിലുണ്ടെന്നാണ് മല്ലിക പറയുന്നത്. നടന്‍ ജയറാമും പാര്‍വതിയും തമ്മിലുള്ള വിവാഹത്തെ കുറിച്ചും ബിജു മേനോന്റെ വിവാഹത്തെ കുറിച്ചുമൊക്കെയാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെ നടി സൂചിപ്പിച്ചത്.
പാര്‍വതിയുടെ അമ്മയെ എനിക്ക് അറിയാം. എന്റെ വല്യമ്മയും പാര്‍വതിയുടെ അമ്മയും ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുള്ളവരാണ്. അങ്ങനെ പാര്‍വതിയും ജയറാമും ഒരുമിച്ച് സിനിമയില്‍ അഭിനയിച്ച് പ്രണയിച്ച് വിവാഹിതരായവരാണ്. അവരുടെ വിവാഹമൊക്കെ കഴിഞ്ഞതിന് ശേഷമാണ് ജയറാമും പാര്‍വതിയും കല്യാണം കഴിച്ചുവെന്ന് ഞാനറിയുന്നത്.
അതുപോലെ ബിജു മേനോനും. പുള്ളിയെ കണ്ടാല്‍ പ്രേമിച്ച് വിവാഹം കഴിക്കുമെന്ന് ആരെങ്കിലും പറയുമോ? ബിജു മേനോന്‍ എനിക്കേറ്റവും ഇഷ്ടമുള്ള നടന്മാരില്‍ ഒരാളാണ്. ഇക്കാര്യം ഞാന്‍ മോനോടും പറയാറുണ്ട്. അവര്‍ തമ്മിലുള്ള കോംബിനേഷനും എനിക്ക് ഇഷ്ടമാണ്. ബിജു മേനോനും സംയുക്ത മേനോനും വിവാഹം കഴിച്ചുവെന്ന് ആരോ പറഞ്ഞപ്പോള്‍ ഞാന്‍ അയ്യോ അതെപ്പോ എന്ന് ചോദിക്കുകയാണ് ചെയ്തത്. അധികമാരെയും അറിയിക്കാതെയായിരുന്നു അവരുടെ വിവാഹം.
അതുപോലെ ഏറ്റവും അവസാനം നടി ലെനയുടെ വിവാഹക്കാര്യമാണ്. ജനുവരിയില്‍ വിവാഹം കഴിച്ച ലെനയെ പറ്റി എല്ലാവരും അറിയുന്നത് മാര്‍ച്ചിലാണ്. സുകുമാരന്‍ രണ്ട്, മൂന്ന് ആഴ്ച വിവാഹക്കാര്യം മറച്ചുവെച്ചെങ്കില്‍ ഇപ്പോഴത്തെ പിള്ളേര്‍ രണ്ടോ മൂന്നോ മാസങ്ങളോളമാണ് മറച്ച് വെക്കുന്നത്. അതാണ് വ്യത്യാസം.

ഇതൊക്കെ സര്‍വ്വസാധാരണമാണ്. രണ്ട് പേര്‍ തമ്മില്‍ ഇഷ്ടപ്പെട്ടു. അങ്ങോട്ടും ഇങ്ങോട്ടും മനസിലാക്കാന്‍ കുറച്ച് കൂടുതല്‍ സമയം വേണം. പഴയത് പോലെയല്ല, പരസ്പരം എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കാന്‍ തുടങ്ങി. പിന്നെ പുതിയ തലമുറയോട് പറയാനുള്ളത് അമ്മമാര്‍ മക്കളെ വീട്ടിലിരുന്ന് നോക്കുന്നത് പോലെയാണ് അവരുടെ അടിത്തറ ശക്തമാവുന്നത്.
സംയുക്ത വര്‍മ്മയെ പോലെയുള്ള ആര്‍ട്ടിസ്റ്റുകള്‍ എല്ലാം ഉപേക്ഷിച്ച് വീട്ടിലിരുന്നത് എന്തിനാണെന്ന് എനിക്ക് വ്യക്തമായി മനസിലാകും. കാരണം കുഞ്ഞിന്റെ ഭാവി എന്ന് പറയുന്നത് പ്രധാനപ്പെട്ട കാര്യമാണ്. അതുപോലെയാണ് നടി പാര്‍വതിയും. എത്ര നല്ല അഭിനേത്രിയായിരുന്നു അവര്‍.
പാര്‍വതിയ്ക്ക് ഇനിയും അഭിനയിക്കാന്‍ പോകാം. മക്കളൊക്കെ അത്രയും വളര്‍ന്നല്ലോ. പക്ഷേ അന്നും നടിമാരുടെയൊക്കെ മനസില്‍ കുഞ്ഞുങ്ങളെ നല്ല രീതിയില്‍ വളര്‍ത്തണമെന്നുള്ളതാണ്. ദാമ്പത്യത്തില്‍ എല്ലാം വേണം. അതിനൊപ്പം കുഞ്ഞുങ്ങളെ വളര്‍ത്തുന്നതില്‍ വിട്ടുവീഴ്ച പാടില്ല. ഓടി നടക്കുന്ന അച്ഛന്മാര്‍ തന്നെ കുട്ടികളുടെ കാര്യം നോക്കണമെന്ന് പറയുന്നത് തനിക്ക് ശരിയായി തോന്നുന്നില്ലെന്നും മല്ലിക സുകുമാരന്‍ പറയുന്നു.


Click it and Unblock the Notifications