ഞാനുണ്ടെങ്കിൽ വരില്ലെന്ന് ആ നടി; എന്റെ സീനുകൾ ഒഴിവാക്കി; മംമ്ത ഉദ്ദേശിച്ചത് നയൻതാരയെയോ?
മലയാള സിനിമയിലെ മുൻനിര നായിക നടിമാരിലൊരാളാണ് മംമ്ത മോഹൻദാസ്. മയൂഖം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന മംമ്തയ്ക്ക് വളരെ പെട്ടെന്ന് തന്നെ പ്രശസ്തി നേടാൻ കഴിഞ്ഞു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും മംമ്ത സാന്നിധ്യമറിയിച്ചു.
സിനിമാ രംഗത്ത് ഇന്നും നടി സജീവമായി തുടരുന്നു. ഇപ്പോഴിതാ കരിയറിന്റെ തുടക്ക കാലത്ത് തനിക്കുണ്ടായ ഒരു മോശം അനുഭവം പങ്കുവെച്ചിരിക്കുകയാണ് മംമ്ത. ഇന്ത്യാ ഗ്ലിറ്റ്സുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. രജിനികാന്തിന്റെ സിനിമയിൽ നിന്നുണ്ടായ അനുഭവമാണ് മംമ്ത പങ്കുവെച്ചത്.

'2007 ലാണെന്ന് തോന്നുന്നു. ആ സമയത്ത് എനിക്ക് വേറെ സിനിമയുടെ ഷൂട്ടുണ്ടായിരുന്നു. രജിനി സാറിന്റെ കൂടെ ഒരു ഗാന രംഗത്തിനായിരുന്നു എന്നെ വിളിച്ചത്. സീനിലെ സിറ്റുവേഷൻ പ്രകാരം സിനിമയ്ക്കുള്ളിൽ ഒരു സിനിമ നടക്കുകയാണ്'
'സംവിധായികയായ ഞാൻ സിനിമയിലെ പാട്ടിൽ രജിനി സാറിനൊപ്പം ഇടയ്ക്ക് ഡാൻസ് ചെയ്യുന്നതാണ് രംഗം. മലയാളം സിനിമയുടെ ഡേറ്റ് അഡ്ജസ്റ്റ് ചെയ്താണ് പോയത്. ഞാൻ സ്ഥലത്തെത്തി. ഒരുപാട് സമയം കാത്തിരുന്നു'

'കാത്തിരുന്ന് പകുതി ദിവസം തീർന്നു. അഞ്ച് ദിവസത്തിനുള്ളിൽ ഷൂട്ട് ചെയ്തു. ഗാനരംഗം വന്നപ്പോൾ ഞാനില്ല. ആ രംഗം ഉൾപ്പെടുത്തിയില്ല. പിന്നീട് ഞാൻ കേട്ടത് ആ സിനിമയിലെ ലീഡ് ഹീറോയിൻ മറ്റൊരു നടിയെ വെച്ച് ഗാനരംഗം ചെയ്യുന്നതിനാൽ അവർ വരില്ലെന്ന് പറഞ്ഞെന്നാണ്. അത് സത്യമാണോ എന്നറിയില്ല. പക്ഷെ ഷൂട്ടിംഗ് വൈകിയെന്ന കാര്യം എനിക്കറിയാമായിരുന്നു'

'എനിക്ക് മറ്റൊരാൾ ഭീഷണിയായി തോന്നിയിരുന്നില്ല. രജിനി സാറിനോടുള്ള ബഹുമാനം കൊണ്ടാണ് ഞാൻ പോയത്. ക്യാമറ പ്ലേസ് ചെയ്തപ്പോൾ തന്നെ ഫ്രെയ്മിൽ ഞാനില്ലെന്ന് എനിക്കറിയാമായിരുന്നു'
'എന്റെ നാല് ദിവസത്തോളം വെറുതെ പോയി. സിനിമ പുറത്തിറങ്ങിയപ്പോൾ എന്റെ പിറകിൽ നിന്നുള്ള ഒരു ഷോട്ടുണ്ട്. എന്റെ തൊപ്പിയുടെ അറ്റം മാത്രമേ അതിൽ കാണുന്നുള്ളൂ'

'അന്നത്തെ സമയം വ്യത്യസ്തമായിരുന്നു. ഇന്നത്തെ ഹീറോയിനാണെങ്കിൽ അതിനെതിരെ ശബ്ദിച്ചേനെ. പക്ഷെ അന്ന് ഞാനത് ചെയ്തില്ല. നിശബ്ദയായി. ഷൂട്ടിംഗ് കഴിഞ്ഞ് ആഴ്ചകൾക്ക് ശേഷം എനിക്ക് രജിനി സാറുടെ ഓഫീസിൽ നിന്നും കോൾ വന്നു'
'രജനി സർ സംസാരിച്ചു. സിനിമയുടെ ഭാഗമായതിൽ നന്ദിയെന്ന് പറഞ്ഞു. ആ ടീം നല്ലതായിരുന്നു. പക്ഷെ എന്താണ് പ്രശ്നമെന്ന് അവർക്ക് എന്നോട് പറയാൻ കഴിഞ്ഞില്ല. ചിലപ്പോൾ അവർ ആരെയെങ്കിലും സംരക്ഷിക്കാൻ നോക്കിയതായിരിക്കും' മംമ്ത പറഞ്ഞതിങ്ങനെ.

സിനിമയുടെ പേര് പറഞ്ഞിട്ടില്ലെങ്കിലും 2008 ൽ റിലീസ് ചെയ്ത കുസേലൻ എന്ന സിനിമയാണിത്. കഥ പറയുമ്പോൾ എന്ന മലയാള ചിത്രത്തിന്റെ തമിഴ് റീമേക്കായിരുന്നു ഇത്. രജിനികാന്ത്,പശുപതി, മീന, നയൻതാര എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങൾ ചെയ്തത്.
മംമ്ത പരാമർശിച്ച ഗാനരംഗത്തിൽ നയൻതാരയെ കാണാം. മംമ്തയുടെ ചെറിയൊരു ഷോട്ടും ഗാനരംഗത്തിലുണ്ട്. നയൻതാരയെയാണോ മംമ്ത പേരെടുത്ത് പറയാതെ പരാമർശിച്ചതെന്ന് വ്യക്തമല്ല. മീനയാണ് സിനിമയിൽ മറ്റൊരു നായിക വേഷം ചെയ്തത്. മീനയെയാണോ മംമ്ത ഉദ്ദേശിച്ചതെന്നും വ്യക്തമല്ല.


Click it and Unblock the Notifications