ചില സമയത്ത് ഷൈനിനടുത്ത് ക്ഷമ കാണിക്കേണ്ടി വരും; രഞ്ജുവിന് പിന്നാലെ നടനെക്കുറിച്ച് മംമ്ത
മലയാള സിനിമയിൽ ഇന്ന് ഏറ്റവും തിരക്കുള്ള നടൻമാരിലൊരാളാണ് ഷൈൻ ടോം ചാക്കോ. കഴിഞ്ഞ വർഷം മാത്രം പരിശോധിച്ചാൽ നടൻ ചെയ്ത സിനിമകളുടെ എണ്ണം അമ്പരപ്പിക്കുന്നതാണ്. മിക്ക സിനിമകളിലും ഏതെങ്കിലും ഒരു വേഷത്തിൽ ഷൈൻ സാന്നിധ്യമറിയിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഷൈനിന് മാത്രം മലയാള സിനിമയിൽ ഇത്ര തിരക്കെന്ന് ചോദിക്കുന്നവരുമുണ്ട്.
ലൈവ് ആണ് ഷൈൻ ടോം ചാക്കോയുടെ പുതിയ സിനിമ. പ്രിയ വാര്യർ, സൗബിൻ, മംമ്ത മോഹൻദാസ് എന്നീ താരങ്ങളും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നു. വികെപി ആണ് സിനിമയുടെ സംവിധായകൻ. ഷൈൻ ടോം ചാക്കോയെക്കുറിച്ച് മംമ്ത പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഇന്ത്യാ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മംമ്ത.

'ഷൈൻ ഒരു അൺപ്രെഡിക്റ്റബിൾ ആക്ടറാണ്. ഒരു പക്ഷെ മറ്റ് നടൻമാർക്ക് കൊണ്ടുവരാൻ പറ്റാത്ത എന്തോയെന്ന് ഷൈൻ കഥാപാത്രത്തിന് കൊണ്ട് വരും. എഴുതിയ ക്യാരക്ടറിൽ നിന്നും എത്രയോ മാറുന്നുണ്ട് ഷൈൻ പെർഫോം ചെയ്യുമ്പോൾ. അദ്ദേഹത്തെ തന്നെ കഥാപാത്രത്തിലേക്ക് കൊണ്ട് വരും. ചിലപ്പോൾ ഷൈനിനോട് അവിടെയും ഇവിടെയും ചെറിയ നമ്മൾ ക്ഷമ കാണിക്കേണ്ടി വരും. ഷൈനിനൊപ്പം എല്ലാ ദിവസവും വ്യത്യസ്തമാണ്'
'അതാണ് ഞാൻ മനസ്സിലാക്കിയത്. ഓരോ ദിവസത്തെയും പെർഫോമൻസ് വ്യത്യസ്തമാണ്. ചില ദിവസങ്ങളിൽ അദ്ദേഹം ഡെലിവർ ചെയ്യാനെടുക്കുന്ന സമയം മറ്റ് ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കും. സംവിധായകനും അത് തന്നെയായിരിക്കും പറയാനുണ്ടാവുക. അദ്ദേഹം ഒരു ബ്രില്യന്റ് ജോബാണ് സിനിമയിൽ ചെയ്തിരിക്കുന്നത്,' മംമ്ത പറഞ്ഞു.
മംമ്തയുടെ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ നേരത്തെ ഷൈൻ ടോം ചാക്കോയ്ക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഷൈൻ ടോം ചാക്കോയുടെ പേര് രഞ്ജു പറഞ്ഞിരുന്നില്ല. പക്ഷെ പരോക്ഷമായി നടൻ കാരണമുണ്ടായ ബുദ്ധിമുട്ട് തുറന്ന് പറഞ്ഞു. സഹതാരങ്ങളോട് മോശമായി പെരുമാറുക, കൂടെ അഭിനയിക്കുന്നത് സ്ത്രീയാണെന്ന മാന്യത കൊടുക്കാതിരിക്കുക, സെറ്റിൽ അൽപ്പ വസ്ത്രം ധരിച്ച് ഓടിക്കളിക്കുക തുടങ്ങിയ വിമർശനങ്ങളാണ് ഷൈൻ ടോമിനെതിരെ രഞ്ജു ഉന്നയിച്ചത്.

ഈ നടൻ കാരണം 9 മണിക്ക് തീരേണ്ട ഷൂട്ട് രാവിലെ അഞ്ച് മണി വരെ നീണ്ടെന്നും രഞ്ജു രഞ്ജിമാർ ആരോപിച്ചു. ആരോപണം വലിയ തോതിൽ ചർച്ചയായതോടെ പ്രതികരണവുമായി സിനിമയുടെ സംവിധായകൻ വികെപി രംഗത്തെത്തി. രഞ്ജുവിന്റെ ആരോപണം തെറ്റാണെന്നും ഷൈൻ ഷൂട്ടിംഗുമായി സഹകരിക്കുന്ന നടനാണെന്നും വികെപി പറഞ്ഞു.
ഇത് തികച്ചും അസത്യ പ്രചരണം ആണ്. നമുക്ക് തന്ന സമയത്ത് കൃത്യമായി വരികയും , കഥാപാത്രത്തെ കൃത്യമായ രീതിയിൽ ആവിഷ്കരിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ് ഈ നടൻ . അനവസരത്തിലുളളഅസത്യ പ്രചരണങ്ങൾ എന്തു ലക്ഷ്യം വെച്ചാണെന്ന് എനിക്കു മനസ്സിലായിട്ടില്ല. ഇതൊന്നും ആരെയും ബാധിക്കാതെ ഇരിക്കട്ടെയെന്നും വികെപി അന്ന് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ലൈവ് സിനിമയുടെ ക്രൂവിന്റെ ഭാഗമല്ല രഞ്ജുവെന്നും വികെപി പറഞ്ഞു.
പൊതുവെ വിവാദങ്ങളിൽ അകപ്പെടുന്ന നടനാണ് ഷൈൻ ടോം ചാക്കോ. അഭിമുഖങ്ങളിൽ നടന്റെ പെരുമാറ്റം അലോസരകരമാണെന്ന് പൊതുവെ അഭിപ്രായമുണ്ട്. അനാവശ്യ പരാമർശങ്ങൾ, അഭിമുഖം ചെയ്യുന്ന ആളെ അപമാനിക്കൽ, മറ്റുള്ളവർ സംസാരിക്കുന്നത് തടസ്സപ്പെടുത്തുക തുടങ്ങിയ വിമർശങ്ങൾ നടന്റെ അഭിമുഖങ്ങൾക്ക് വരാറുണ്ട്.
എന്നാൽ ഇത്തരം വിമർശനങ്ങളെ ഷൈൻ ടോം കാര്യമാക്കാറില്ല. നിർമാതാക്കൾക്കോ സംവിധായകർക്കോ ഷൈൻ ടോമിനെക്കുറിച്ച് പരാതിയുമില്ല. യുവ താരങ്ങളെക്കുറിച്ച് വ്യാപക പരാതി ഉയരവെയും ഷൈൻ ഇതുവരെ ഇത്തരം ആരോപണങ്ങളിൽ പെട്ടിട്ടില്ല.


Click it and Unblock the Notifications











