'ഞാൻ തന്ന ദാനമാണെടീ നിന്റെ ജീവിതമെന്ന് പറഞ്ഞു; സുഹൃത്തുക്കളുടെ വ്യക്തി ജീവിതത്തിൽ ആവശ്യപ്പെട്ടാലേ ഇടപെടൂ'
സിനിമാ രംഗത്ത് വർഷങ്ങളായി തുടരുന്ന നടിയാണ് മഞ്ജു പിള്ള. സിനിമകളിലും സീരിയലുകളിലും സാന്നിധ്യം അറിയിച്ച മഞ്ജുവിന് ഇക്കഴിഞ്ഞ വർഷങ്ങളിലാണ് മികച്ച കഥാപാത്രങ്ങൾ ലഭിച്ചത്. അന്തരിച്ച നടി കൽപ്പനയുടെ പകരക്കാരിയായി മഞ്ജു മാറിയെന്ന് പ്രേക്ഷകർ പറയുന്നു. ഹോം എന്ന സിനിമയാണ് നടിക്ക് കരിയറിൽ വഴിത്തിരിവാകുന്നത്. പിന്നീട് നിരവധി സിനിമകൾ മഞ്ജു പിള്ളയെ തേടി വന്നു. അടുത്തിടെ പുറത്തിറങ്ങിയ ഫാലിമി എന്ന സിനിമയിലും ശ്രദ്ധേയ വേഷം മഞ്ജുവിന് ലഭിച്ചു. കരിയറിലെ അനുഭവങ്ങളും വിശേഷങ്ങളും പങ്കുവെക്കുകയാണ് മഞ്ജുവിപ്പോൾ.
മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ഡബ്ല്യസിസി എന്ന സംഘടന ആവശ്യമാണോയെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് മഞ്ജു പിള്ള മറുപടി നൽകി. സംഘടനയുടെ കാര്യത്തിൽ അഭിപ്രായം പറയാൻ ഞാനാളല്ല. എനിക്ക് സ്ത്രീകളോട് പറയാനുള്ളത് അവനവൻ അവനവന്റെ കാര്യങ്ങൾ നോക്കണമെന്നാണ്. പലരും എന്നോട് തിരിച്ച് ചോദിച്ചിട്ടുണ്ട് ചേച്ചി സീനിയർ ആയത് കൊണ്ടാണ് പറയുന്നത്, നിങ്ങൾക്ക് ആ ബഹുമാനവും സ്പേസും കിട്ടുന്നത് കൊണ്ടാണെന്ന്.

ഒരിക്കലും അല്ല. ഇപ്പോഴത്തെ ഏതൊരു സ്ഥലത്തും സ്ത്രീകൾക്ക് സ്പേസ് കിട്ടില്ല എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല. സ്പേസ് നല്ല രീതിയിൽ ഉപയോഗിക്കുക. പുരുഷ മേധാവിത്തമൊന്നും ഇപ്പോൾ ഒരു സ്ഥലത്തും ഇല്ല. ഇപ്പോഴത്തെ കുട്ടികളൊന്നും അങ്ങനെയല്ല. അവലവന്റെ ആവശ്യങ്ങൾ അവനവൻ തന്നെ പറഞ്ഞ് അതിന് വേണ്ടി ഫൈറ്റ് ചെയ്യുക. നമ്മൾ ഒരാവശ്യം പറഞ്ഞ് അവർ തന്നില്ലെങ്കിൽ നമ്മളെ തിരിച്ച് ഒന്നും ചെയ്യില്ലെന്നും മഞ്ജു പിള്ള വ്യക്തമാക്കി.സൗഹൃദങ്ങളെക്കുറിച്ചും മഞ്ജു പിള്ള സംസാരിച്ചു.
എനിക്കൊരു അടിച്ച് പിരിയൽ ഇഷ്ടമല്ല. ഒരു സൗഹൃദത്തിലും വഴക്കുണ്ടാക്കി പിരിയുന്നത് ഏത് റിലേഷനിലും എനിക്ക് ഇഷ്ടമല്ല. വളരെ ക്ലോസ് ആയവരെ നോക്കിയും കണ്ടുമേ സുഹൃത്തുക്കളാക്കൂ. കാരണം എനിക്ക് നഷ്ടപ്പെടാൻ താൽപര്യമില്ല. ഒരുപാട് സ്പേസ് കൊടുക്കും. അവരുടെ പേഴ്സണൽ ലൈഫിൽ പോയി ഇടപെടില്ല. അവർ ആവശ്യപ്പെട്ടാൽ മാത്രമേ ഇടപെടൂയെന്നും മഞ്ജു പിള്ള വ്യക്തമാക്കി. കരിയറിൽ താൻ ചെയ്യാതിരുന്ന സിനിമകളെക്കുറിച്ചും മഞ്ജു പിള്ള സംസാരിച്ചു.

നഷ്ടപ്പെട്ട സിനിമകളെന്ന് പറയാൻ പറ്റില്ല. ഞാൻ നഷ്ടപ്പെടുത്തിയിട്ടേ ഉള്ളൂ. വെള്ളിമൂങ്ങയിൽ വീണ ചെയ്ത കഥാപാത്രത്തിലേക്ക് ആദ്യം എന്നെയാണ് വിളിക്കുന്നത്. ഞാൻ തന്ന ദാനമാണെടീ നിന്റെ ജീവിതമെന്ന് ഞാൻ പറയും. മകൾ ചെറുതായതിനാൽ വിട്ട് നിൽക്കാൻ പറ്റില്ലായിരുന്നു. അത് കൊണ്ടാണ് തനിക്ക് വെള്ളിമൂങ്ങ നിരസിക്കേണ്ടി വന്നതെന്നും മഞ്ജു പിള്ള വ്യക്തമാക്കി. സിനിമ നഷ്ടപ്പെട്ടതിൽ വിഷമമൊന്നും തോന്നിയിട്ടില്ല. താൻ സ്വയമെടുത്ത തീരുമാനമാണതെന്നും മഞ്ജു പിള്ള പറഞ്ഞു.
സുബി, സുരേഷ്, കൽപ്പന, കെപിഎസി ലളിത തുടങ്ങിയവരുടെ വിയോഗത്തെക്കുറിച്ചും നടി അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. ഇവരുടെ വിയോഗം തന്നെ ഏറെ വിഷമിപ്പിച്ചെന്ന് മഞ്ജു പിള്ള പറഞ്ഞു. കെപിഎസി ലളിതയുമായി വർഷങ്ങളായുള്ള സൗഹൃദം മഞ്ജു പിള്ളയ്ക്കുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് അഭിനയിച്ച തട്ടീം മുട്ടീം എന്ന പരമ്പരയ്ക്ക് ഇന്നും ആരാധകരുണ്ട്.


Click it and Unblock the Notifications