മരുന്നുകൾ കഴിക്കുന്നുണ്ട്, ജീവിതത്തിലെ അനുഭവങ്ങളും; അമ്മയുടെ ദേഷ്യത്തിന് കാരണം; കെപിഎസി ലളിതയെക്കുറിച്ച് മഞ്ജു
മലയാളികൾക്ക് മറക്കാനാകാത്ത നടിയാണ് അന്തരിച്ച കെപിഎസി ലളിത. അവിസ്മരണീയമായ നിരവധി കഥാപാത്രങ്ങൾ കെപിഎസി ലളിതയ്ക്ക് ലഭിച്ചു. നടിയുടെ അഭാവം ഇപ്പോഴും മലയാള സിനിമാ ലോകത്ത് പ്രകടമാണ്. കരൾ രോഗത്തിന് ഏറെ നാൾ ചികിത്സയിലായിരുന്നു കെപിഎസി ലളിത. അവസാന നാളുകളിൽ അസുഖം വല്ലാതെ തളർത്തിയിരുന്നു. സിനിമാ രംഗത്ത് നിരവധി സൗഹൃദങ്ങൾ ഇവർക്കുണ്ടായിരുന്നു. എന്നാൽ ഇവരിൽ ഏറ്റവും കൂടുതൽ അടുപ്പം നടി മഞ്ജു പിള്ളയുമായായിരുന്നു.
തട്ടീം മുട്ടീം എന്ന സിറ്റ്കോമിൽ അഭിനയിക്കവെയാണ് ഇവർ തമ്മിൽ വലിയ ആത്മബന്ധം ഉണ്ടാകുന്നത്. ഇപ്പോഴിതാ കെപിഎസി ലളിതയെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജു പിള്ള. അമൃത ടിവിയിലാണ് മഞ്ജു മനസ് തുറന്നത്. തട്ടീം മുട്ടീം പരമ്പരയ്ക്ക് മുമ്പ് എനിക്ക് ആരാധനയായിരുന്നു. അപ്പോൾ ഞങ്ങൾ വ്യക്തിപരമായി അധികം അടുത്തിട്ടില്ല. അമ്മായിയമ്മയും മരുമകളുമാമെന്ന് പറഞ്ഞപ്പോൾ തന്നെ എനിക്ക് താൽപര്യമായി. ആ അഭിനയത്തോട് മല്ലിട്ട് നിൽക്കണമല്ലോ.

പരമ്പരയ്ക്ക് ശേഷം തങ്ങൾ രണ്ട് പേരും വളരെയധികം അടുത്തെന്നും മഞ്ജു പിള്ള പറയുന്നു. അമ്മ എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. കെഎസ്എഫ്ഇയിൽ ചിട്ടി എടുക്കുന്നതും ഇൻഷുറൻസെടുക്കുന്നതുമെല്ലാം അമ്മ പറഞ്ഞിട്ടാണ്. എന്നെ കുടുംബിനിയാക്കിയത് അമ്മ വന്ന ശേഷമാണ്. അമ്മ മകളെ ശാസിക്കുന്നത് പോലെ തന്നെ എന്നെ ശാസിക്കുമായിരുന്നു.
കെപിഎസി ലളിതയുടെ ദേഷ്യത്തെക്കുറിച്ചും മഞ്ജു പിള്ള സംസാരിച്ചു. പ്രായമായ അമ്മ ഒരുപാട് മരുന്നുകളെക്കുന്നുണ്ടായിരുന്നു. ജീവിതത്തിൽ നേരിട്ട അനുഭവങ്ങളും കാരണമുള്ള ഫ്രസ്ട്രേഷനുണ്ടായിരുന്നു. ആ സമയത്ത് ഏറ്റവും കൂടുതൽ സമയം ഒപ്പമുണ്ടായിരുന്നത് ഞാനാണ്. മേക്കപ്പിത്തിരി കൂടിപ്പോയാൽ വഴക്കുണ്ടാക്കും. സ്നേഹമാണ്. എന്റെ അമ്മ ഇത് പോലെയാണ്.

ഞങ്ങൾ എല്ലാ സിനിമയ്ക്കും പോകുമായിരുന്നു. ഞാൻ ഒറ്റയ്ക്ക് സിനിമയ്ക്ക് പോയാൽ പരിഭവമാണ്. കാരണം വയസായി വരുന്തോറും കുഞ്ഞിനെ പോലെയായി. ഹിന്ദി സിനിമയാണെങ്കിലും വരും. തട്ടീം മുട്ടീം പരമ്പരയിൽ അഭിനയിച്ച് കൊണ്ടിരിക്കവെ ശാരീരിക അവശതകൾ കാരണം അമ്മയെ കുറച്ച് നാൾ ഒഴിവാക്കി നിർത്തിയിരുന്നു. അമ്മയ്ക്ക് വയ്യായിരുന്നു. ആ സമയത്ത് അമ്മ എന്നെ ഫോൺ ചെയ്ത് ചോദിച്ച ചോദ്യമുണ്ട്. എന്താടീ അവരെന്നെ വിളിക്കാത്തത് എന്ന് ചോദിച്ചു. അത് പറയാനാകുന്നില്ല.
അത്രയ്ക്ക് വിഷമമുണ്ടെന്നും മഞ്ജു പിള്ള പറഞ്ഞു. ഇതേക്കുറിച്ച് കെപിഎസി ലളിതയുടെ മകൻ സിദ്ധാർത്ഥ് ഭരതനും സംസാരിച്ചു. ഒരു സെറ്റിൽ നിന്നും അടുത്ത സെറ്റിലേക്ക് പോകുന്ന ശീലമായിരുന്നു. കൊവിഡ് വന്നപ്പോൾ ഇതെല്ലാം തെറ്റി. ലോക്ഡൗണിൽ മാനസികമായി തളർന്നു. കുറച്ച് നാൾ കഴിഞ്ഞാൽ ശരിയാകുമെന്ന് ഞാൻ പറഞ്ഞു. ഇല്ലെടാ, നിനക്കറിയില്ല ഒരു ആർട്ടിസ്റ്റ് ഇരുന്ന് പോയാൽ ഇരുന്ന് പോയതാണെന്ന് അമ്മ പറഞ്ഞെന്നും സിദ്ധാർത്ഥ് ഓർത്തു. 2022 ഫെബ്രുവരി 22 നാണ് കെപിഎസി ലളിത മരിച്ചത്. മരണം സിനിമാ ലോകത്തെ ഒന്നടങ്കം വിഷമിപ്പിച്ചു.


Click it and Unblock the Notifications











