'വിഷമത്തോടെ ആ മലയാള സിനിമകൾ വേണ്ടെന്ന് വെച്ചു; പണ്ട് താമസിച്ച വാടക വീടുകളുടെ മുന്നിൽ പോയി നിൽക്കാറുണ്ട്'
മലയാളികൾക്ക് പ്രിയപ്പെട്ട മഞ്ജു വാര്യർക്ക് ഇന്ന് തമിഴകത്തും തിരക്കേറുകയാണ്. ചുരുക്കം സിനിമകൾ കൊണ്ട് തമിഴ് പ്രേക്ഷകരുടെ മനസ് കവരാൻ മഞ്ജു വാര്യർക്ക് സാധിച്ചു. അസുരൻ എന്ന സിനിമയിലൂടെയാണ് മഞ്ജു തമിഴകത്തേക്ക് കടക്കുന്നത്. ചിത്രം മികച്ച വിജയം നേടി. പിന്നീട് അഭിനയിച്ച തുനിവിലും മികച്ച പ്രകടനം മഞ്ജു വാര്യർ കാഴ്ച വെച്ചു. അണിയറയിൽ ഒരുങ്ങുന്ന മഞ്ജുവിന്റെ തമിഴ് സിനിമകളിലെല്ലാം ആരാധകർക്ക് പ്രതീക്ഷയുണ്ട്.
ഇപ്പോഴിതാ തമിഴ് സിനിമകളുടെ തിരക്ക് മൂലം ഒഴിവാക്കേണ്ടി വന്ന മലയാളം സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജു വാര്യർ. ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. നേര് എന്ന സിനിമ, തരുൺ മൂർത്തി-മോഹൻലാൽ കൂട്ടുകെട്ടിലാെരുങ്ങുന്ന സിനിമ, എന്നിവയൊക്കെ തനിക്ക് വിഷമത്തോടെ വേണ്ടെന്ന് വെക്കേണ്ടി വന്നതാണ്. നേരത്തെ തമിഴ് സിനിമകൾക്ക് വേണ്ടി ഡേറ്റ് കൊടുത്ത് പോയിരുന്നെന്നും മഞ്ജു വാര്യർ വ്യക്തമാക്കി.

വളരെ നല്ല തമിഴ് സിനിമകൾ മൂന്നെണ്ണം തുടരെ വന്നു. അതിന്റെ കൂട്ടത്തിൽ എമ്പുരാൻ മാത്രമാണ് മലയാളത്തിൽ ചെയ്യാൻ സമയം കിട്ടിയതെന്നും മഞ്ജു വാര്യർ ചൂണ്ടിക്കാട്ടി. വേട്ടെയാൻ, വിടുതലെ 2, മിസ്റ്റർ എക്സ് എന്നിവയാണ് മഞ്ജുവിന്റെ പുറത്തിറങ്ങാനിരിക്കുന്ന തമിഴ് സിനിമകൾ. വേട്ടെയാനിൽ രജിനികാന്താണ് നായകൻ. വിടുതലെ 2 വിൽ മഞ്ജു വാര്യരും. ആര്യ, ഗൗതം കാർത്തിക് എന്നിവർക്കൊപ്പമാണ് മിസ്റ്റർ എക്സിൽ അഭിനയിക്കുന്നത്.
തമിഴ്നാട്ടിലായിരുന്നു മഞ്ജു വാര്യരുടെ കുട്ടിക്കാലം. ഈ ഓർമകൾ ഇപ്പോഴും തന്നിലുണ്ടെന്ന് മഞ്ജു അഭിമുഖത്തിൽ പറയുന്നുണ്ട്. കുട്ടിക്കാലത്തെ നൊസ്റ്റാൾജിയ ശക്തമായതിനായിരിക്കണം തമിഴ് സംസാരിക്കുന്നത് എവിടെയെങ്കിലും കേട്ടാൽ ഞാൻ ചെവി കൂർപ്പിക്കും. അസുരൻ ഷൂട്ട് ചെയ്തത് കോവിൽപെട്ടി എന്ന് പറയുന്ന സ്ഥലത്താണ്. ഞാൻ പണ്ട് താമസിച്ച നാഗാർകോവിലിന്റെ അന്തരീക്ഷമാണ് അവിടെ.

അത് ഞാൻ നന്നായി ആസ്വദിച്ചു. പൂർണമായും തമിഴ് സംസാരിക്കുന്ന സെറ്റിൽ പോകുമ്പോൾ തീർച്ചയായും കുട്ടിക്കാലത്തേക്കുള്ള തിരിച്ച് പോക്കുണ്ട്. നാഗാർകോവിലിൽ പോകുമ്പോൾ ഞങ്ങൾ പണ്ട് താമസിച്ച വാടക വീടുകളുടെ മുന്നിൽ വെറുതെയെങ്കിലും പോയി രണ്ട് മിനുട്ട് നിൽക്കാറുണ്ടെന്നും മഞ്ജു വാര്യർ വ്യക്തമാക്കി.
ഫൂട്ടേജാണ് നടിയുടെ പുതിയ ചിത്രം. ആഗസ്റ്റ് 23 ന് സിനിമ റിലീസ് ചെയ്യും. പതിവ് മഞ്ജു വാര്യർ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഫൂട്ടേജെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു. എഡിറ്റർ സൈജു ശ്രീധർ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ഫൂട്ടേജ്. വിശാഖ് നായർ, ഗായത്രി അശോക് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് മഞ്ജു വാര്യർ മലയാളത്തിലേക്ക് വീണ്ടുമെത്തുന്നത്. ആയിഷ, വെള്ളരിപട്ടണം എന്നീ സിനിമകൾക്ക് ശേഷം നടിയുടെ പുതിയ മലയാള ചിത്രങ്ങളൊന്നും റിലീസ് ചെയ്തിരുന്നില്ല. മലയാളത്തിൽ കുറേക്കാലമായി മഞ്ജുവിന് സൂപ്പർ ഹിറ്റ് സിനിമകളില്ല. എങ്കിലും വരാനിരിക്കുന്ന സിനിമകളിൽ പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ട്.


Click it and Unblock the Notifications