എന്തിനാണാവോ ഈ പ്രീ റെക്കോഡിംഗ് നാടകം; മഞ്ജുവിനെ ട്രോളി സോഷ്യൽ മീഡിയ; പിന്തുണച്ച് ആരാധകർ
മലയാളത്തിന് പുറമെ തമിഴകത്തും തിരക്കേറുകയാണ് മഞ്ജു വാര്യർക്ക്. സിനിമകളും ഡാൻസും പൊതു ചടങ്ങുകളും മറ്റുമായി തിരക്കേറിയ ജീവിതമാണ് മഞ്ജു വാര്യർ ഇന്ന് നയിക്കുന്നത്. 15 വർഷത്തോളം സിനിമാ രംഗത്ത് നിന്നും മാറി നിന്ന മഞ്ജു ഈ വിടവ് നികത്തും വിധം തനിക്ക് വരുന്ന നല്ല അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്തുന്നു. തന്റെ താര മൂല്യം എത്രയെന്ന് മഞ്ജുവിന് തന്നെ അറിയില്ലെന്നാണ് ആരാധകർ പറയുന്നത്. അത്രയും സൗമ്യമായും എളിമയോടെയുമാണ് നടി എല്ലാവരോടും പെരുമാറുന്നത്.
മഞ്ജുവിൽ ആരാധകർക്ക് ഇഷ്‌ടമുള്ളതും ഇത് തന്നെയാണ്. ജീവിതം കീഴ്മേൽ മറിച്ച പ്രശ്നങ്ങൾ ഉണ്ടായപ്പോഴും പക്വമായാണ് മഞ്ജു ഇതിനെയെല്ലാം നേരിട്ടത്. തന്റെ ചെറിയൊരു വാക്ക് പോലും ഉണ്ടാക്കുന്ന ചലനങ്ങൾ അറിയുന്നതിനാൽ പ്രശ്ന കലുഷിതമായ സമയങ്ങളിൽ മഞ്ജു വാര്യർ മൗനം പാലിച്ചു. വിവാദങ്ങളിൽ പെടാതിരിക്കാൻ നടി എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അതേസമയം പലപ്പോഴും ട്രോളുകളും മഞ്ജുവിനെതിരെ വന്നിട്ടുണ്ട്.

ഒടിയൻ എന്ന സിനിമയിലെ ഡയലോഗ്, ആയിഷയിലെ ഡാൻസ് തുടങ്ങിയവയെല്ലാം താരത്തിന് നേരെ ട്രോളുകൾ വരാൻ കാരണമായി. മിക്ക ട്രോളുകളും താൻ ആസ്വദിക്കാറുണ്ടെന്ന് മഞ്ജു വാര്യർ തന്നെ പറഞ്ഞിട്ടുമുണ്ട്. മഞ്ജുവിന്റെ പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. വനിത ഫിലിം അവാർഡ്സ് വേദിയിൽ താരം പാട്ടു പാടുന്ന ദൃശ്യങ്ങളാണിത്. 'പരം പരം പരം സുന്ദരി' എന്ന ഹിന്ദി ഗാനമാണ് മഞ്ജു വാര്യർ വേദിയിൽ പാടിയത്.
ആസ്വദിച്ച് പാട്ട് പാടുന്ന മഞ്ജുവിനെയാണ് വേദിയിൽ കാണുന്നത്. മനോഹരമായി നടി പാടുകയും ചെയ്തു. എന്നാൽ വീഡിയോയ്ക്ക് താഴെ ചിലർ വിമർശനവുമായെത്തി. പാട്ട് റി റെക്കോഡ് ചെയ്ത് വെച്ചതാണെന്നും മഞ്ജു മെെക്ക് പിടിക്കുന്നേയുള്ളൂയെന്നും കമന്റുകൾ വന്നു.

ഇങ്ങനെയുള്ള പ്രീ റെക്കോഡിംഗ് സ്റ്റേജ് നാടകം എന്തിനാണാവോ മലയാളികളുടെ മുന്നിൽ. പാടാൻ അറിയാവുന്നവർ പാടട്ടെ എന്നാണ് ഒരാളുടെ കമന്റ്. ഈ വാദത്തെ എതിർത്ത് കൊണ്ടും കമന്റുകൾ വന്നു. പ്രീ റെക്കോഡിംഗ് ആണെന്ന് തോന്നുന്നില്ലല്ലോ എന്ന് ഒരാൾ ചോദിച്ചു. പ്രീ റെക്കോഡ് ആണെങ്കിലും നന്നായി പാടുന്നുണ്ടല്ലോ എന്നാണ് മറ്റൊരാളുടെ ചോദ്യം. മഞ്ജുവിന്റെ ഹിന്ദി ഉച്ചാരണം മലയാളം പറയുന്നത് പോലെ തോന്നുന്നെന്നും അഭിപ്രായം വന്നു.
അതേസമയം മഞ്ജുവിനെ പ്രശംസിച്ചും കമന്റുകളുണ്ട്. നേരത്തെയും വേദികളിൽ മഞ്ജു നന്നായി പാടിയിട്ടുണ്ട്. പാട്ട് പാടാൻ മഞ്ജുവിന് എപ്പോഴും താൽപര്യമുണ്ടെന്ന് ആരാധകർ പറയുന്നു. അഭിനയത്തിനപ്പുറം തന്റെതായ വിനോദങ്ങൾ കണ്ടെത്താൻ മഞ്ജു എപ്പോഴും ശ്രമിക്കാറുണ്ട്. അടുത്തിടെയാണ് താരം ബിഎംഡബ്ല്യു ബൈക്ക് വാങ്ങിയത്.
തമിഴ് താരം അജിത്തിനൊപ്പം ബൈക്ക് റൈഡിന് പോയ ശേഷമാണ് ബൈക്കിനോട് മഞ്ജുവിന് കമ്പം വന്നത്. മഞ്ജുവിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകകർ. ആയിഷ, വെള്ളരി പട്ടണം എന്നിവയാണ് മലയാളത്തിൽ മഞ്ജുവിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications