ദിലീപേട്ടൻ ഉണ്ടായിരുന്നെങ്കിൽ...; മിമിക്രിക്കാരാണെങ്കിൽ പത്ത് ചളി പറഞ്ഞേനെയെന്ന് ആ നടൻ: മനോജ് ഗിന്നസ്
ദിലീപിന്റെ കരിയർ ഗ്രാഫ് ആരാധകർക്കിടയിലിപ്പോൾ സ്ഥിരം ചർച്ചാ വിഷയമാണ്. നടന്റെ പുതിയ ചിത്രം പ്രിൻസ് ആന്റ് ഫാമിലി തിയറ്ററിൽ പ്രദർശനം തുടരുകയാണ്. പല അഭിപ്രായങ്ങൾ സിനിമയെക്കുറിച്ച് വരുന്നുണ്ട്. ഏറെക്കാലത്തിന് ശേഷമാണ് ദിലീപിനെ ഇത് പോലൊരു കോമഡി ചിത്രത്തിൽ കാണുന്നതെന്ന് പ്രേക്ഷകർ പറയുന്നു. അതേസമയം കോമഡി ട്രാക്കിൽ നിന്നും മാറി ദിലീപ് മറ്റ് പരീക്ഷണങ്ങളിലേക്ക് കടക്കേണ്ട സമയമായെന്നാണ് ചിലരുടെ അഭിപ്രായം. ഒരു കാലത്ത് മോളിവുഡിലെ പ്രബല സാന്നിധ്യമായിരുന്നു ദിലീപ്.
എന്നാൽ 2017 ന് ശേഷം ദിലീപ് യുഗം അവസാനിച്ചു. വിവാദങ്ങളുടെ നടുവിലായതോടെ കരിയറിലേക്ക് ശ്രദ്ധ കൊടുക്കാൻ പറ്റാതായി. ശക്തമായ തിരിച്ച് വരവിന് വേണ്ടി ഇപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കുകയാണ് ദിലീപ്. മിമിക്രി കലാരംഗത്ത് നിന്നുമാണ് ദിലീപ് സിനിമയിലേക്ക് എത്തുന്നത്. മിമിക്രിയോടും മിമിക്രി ആർട്ടിസ്റ്റുകളോടും ഇന്നും വലിയ സ്നേഹം ദിലീപിനുണ്ട്. ദിലീപിനെക്കുറിച്ച് സംസാരിക്കുകയാണ് മിമിക്രി ആർട്ടിസ്റ്റും നടനുമായ മനോജ് ഗിന്നസ്. താനുൾപ്പെടെ നിരവധി പേർക്ക് സിനിമകളിൽ അവസരം തന്നയാളാണ് ദിലീപെന്ന് മനോജ് ഗിന്നസ് പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടൻ.

ദിലീപേട്ടന്റെ കാലത്ത് ഞങ്ങൾ എത്രയോ കലാകാരൻമാർക്ക് അവസരം കൊടുത്തിട്ടുണ്ട്. ഷാജോൺ മുതൽ ഒരുപാട് മിമിക്രിക്കാരെ ദിലീപേട്ടൻ സപ്പോർട്ട് ചെയ്തു. ദിലീപേട്ടന്റെ സിനിമകളുടെ കാലം ചിരിപ്പിച്ച കാലഘട്ടമായിരുന്നു. ഇപ്പോൾ സങ്കടമുണ്ട്. ദിലീപേട്ടന്റെ സിനിമകൾ ഒന്ന് കൂടെ വരണമെന്ന് ആഗ്രഹമുണ്ട്. കാലത്തിനനുസരിച്ചുള്ള മാറ്റം വരുത്തിയാൽ സ്വീകരിക്കും എന്നാണ് എന്റെ പ്രതീക്ഷ. രാമ ലീലയിലൊക്കെ കണ്ടത് പോലെ ഒന്ന് കൂടെ വേറെ ലെവലിൽ ഇറക്കി കഴിഞ്ഞാൽ ഇഷ്ടപ്പെടും. ആ സ്റ്റെെൽ ഒന്ന് മാറ്റിപ്പിടിച്ചാൽ വേറെ ലെവലായിരിക്കും.
ദിലീപേട്ടൻ ഇപ്പോൾ സജീവമായിരുന്നെങ്കിൽ ഞങ്ങളെ പോലുള്ള ഒരുപാട് പേർക്ക് ചാൻസ് തന്നേനെ. പുതിയ നടൻമാരിൽ ചിലരെ അറിയാം. മാസ്ക് എന്ന സിനിമയിൽ വിനയ് ഫോർട്ടിനൊപ്പം അഭിനയിച്ചു. ചേട്ടൻ മിമിക്രിക്കാരനല്ല, ആണെങ്കിൽ ഇപ്പോൾ ഇവിടെ നിന്ന് പത്ത് ചളി പറഞ്ഞേനേ, ചേട്ടൻ സ്റ്റേജിൽ കയറുമ്പോൾ മാത്രമാണ് മിമിക്രിക്കാരനെന്ന് വിനയ് ഫോർട്ട് പറഞ്ഞു. അത് വലിയ കോംപ്ലിമെന്റാണ്.

എല്ലാ കലാരൂപവും കാലഘട്ടത്തിനനുസരിച്ച് അപ്ഗ്രേഡ് ചെയ്യണം. സിനിമ ഒരുപാട് മാറി. മിമിക്രിയും അപ്ഗ്രേഡ് ചെയ്യണം. ഇന്ന് സ്റ്റാൻഡ് അപ്പ് കോമഡി എന്ന് പറഞ്ഞ് പലരും ചെയ്യാറുണ്ട്. പക്ഷെ അതൊന്നും ചിരിപ്പിക്കാറില്ല. ഇന്നത്തെ മിമിക്രിയ്ക്ക് ഒരുപാട് സമയം പാടില്ല. റീൽസ് മെെൻഡിലൂടെ പോയിക്കൊണ്ടിരിക്കുകയാണ്. ഒരുപാട് നേരം തമാശ പറഞ്ഞ് നിൽക്കാതെ ട്വിസ്റ്റ് ചെയ്ത് കൊണ്ട് പോകാൻ കഴിഞ്ഞാൽ ഓഡിയൻസുണ്ടെന്നും മനോജ് ഗിന്നസ് പറയുന്നു.
മിമിക്രിയിൽ നിന്നും സിനിമയിലേക്ക് എത്തി ശ്രദ്ധിക്കപ്പെട്ടവരെക്കുറിച്ചും മനോജ് ഗിന്നസ് സംസാരിച്ചു. സാജു നവോദയ, ബിനു അടിമാലി, സുധീർ, രാജേഷ് പറവൂർ, നെൽസൺ ശൂരനാട്, കണ്ണൻ സാഗർ തുടങ്ങി കുറേ പേരുണ്ട്. ഇന്ന് മിമിക്രിക്ക് ഇന്നും റേഞ്ചുണ്ടെന്ന് കരുതുന്നു. ഇപ്പോഴുള്ള ജനറേഷന്റെ ചിരി കുറവാണ്. നമ്മൾ അനുഭവിച്ച തമാശയുടെ അത്ര ആഴമില്ലെന്നും മനോജ് ഗിന്നസ് അഭിപ്രായപ്പെട്ടു. ചെറിയ വേഷങ്ങളാണ് മനോജ് ഗിന്നസ് സിനിമകളിൽ ചെയ്തത്. ടെലിവിഷൻ ഷോകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ചോക്ലേറ്റ് എന്ന മലയാള സിനിമയിൽ അഭിനയിച്ചപ്പോഴുണ്ടായ അനുഭവവും മനോജ് ഗിന്നസ് പങ്കുവെക്കുന്നുണ്ട്. ചോക്ലേറ്റിലെ ഒരു സീനിൽ ചാക്യാർ കൂത്തുകാരനായാണ് മനോജ് ഗിന്നസ് വേഷമിട്ടത്. ഷൂട്ടിംഗ് സെറ്റിൽ തനിക്ക് വേദനിപ്പിച്ച അനുഭവമാണുണ്ടായതെന്നാണ് നടൻ പറയുന്നത്. രാവിലെ 6.30-7 മണിയായപ്പോൾ ചാക്യാർ കൂത്തിന്റെ മേക്കപ്പ് ഇട്ടു. എന്നാൽ സീൻ എടുത്തില്ല. രാജൻ പി ദേവ് സാറിന് എന്തോ തിരക്കുള്ളത് കാരണം ഈ സീൻ മാറ്റി വെച്ചു. ലൊക്കേഷനിൽ നിന്ന് വണ്ടി പോയി. എന്നോട് ആരും ഇക്കാര്യം പറഞ്ഞില്ല.
ഇരിക്കാൻ പോലും ബുദ്ധിമുട്ടുള്ള കോസ്റ്റ്യൂമാണ്. ചാക്യാർ കൂത്തിന്റെ കോസ്റ്റ്യൂം കയറിട്ട് കെട്ടി വെച്ചത് കാരണം ടോയ്ലറ്റിൽ പോകാനും പറ്റാത്ത അവസ്ഥയായിരുന്നു. രാവിലെ ഏഴ് മണിക്കുള്ള നിൽപ്പ് പന്ത്രണ്ട് മണി വരെയായി. ഭക്ഷണം കഴിക്കാറായപ്പോൾ ഞാൻ ഒരു പ്ലേറ്റ് എടുത്ത് ഭക്ഷണം കൊടുക്കുന്നിടത്ത് ചെന്നു. ഭക്ഷണം തരുന്നയാൾ എന്നെ ഓടിച്ചു. ഇവിടെ നിന്ന് തരില്ല. അവിടെ പോയി കഴിക്കെടാ എന്ന് പറഞ്ഞു.
അവിടെ കോളേജ് പിള്ളേരുടെ തിക്കും തിരക്കുമായിരുന്നു. ആ സെറ്റിൽ നിന്നും പിന്നെ താൻ ഭക്ഷണം കഴിച്ചില്ലെന്നും ഷൂട്ട് വെെകുന്നേരം തുടങ്ങുന്നതിന് മുമ്പ് താൻ തിരികെ പോന്നെന്നും മനോജ് ഗിന്നസ് തുറന്ന് പറഞ്ഞു. ഒടുവിൽ നിർബന്ധിച്ചപ്പോൾ വീണ്ടും ഷൂട്ടിനെത്താൻ തയ്യാറായെന്നും മനോജ് ഗിന്നസ് വ്യക്തമാക്കി. സിനിമാ രംഗത്ത് ചെറിയ ആർട്ടിസ്റ്റുകൾക്ക് നേരിടേണ്ടി വരുന്ന അവഗണനയാണ് മനോജ് ഗിന്നസിന്റെ വാക്കുകൾ തുറന്ന് കാട്ടുന്നത്.
ദിലീപും കരിയർ ഗ്രാഫും
അടുത്ത കാലത്ത് ദിലീപിന് നേരെ വരുന്ന പ്രധാന വിമർശനങ്ങളിലൊന്ന് പഴയ ഫോർമാറ്റിലുള്ള തിരക്കഥകൾ തെരഞ്ഞെടുക്കുന്നതാണ്. അതേസമയം പ്രിൻസ് ആന്റ് ഫാമിലി കെെയടി നേടുന്നുണ്ട്. സ്ക്രിപ്റ്റ് സെലക്ഷനിൽ പാളിച്ച പറ്റുന്നു എന്ന വിമർശനത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ദിലീപ് സംസാരിച്ചിട്ടുണ്ട്.
ഞാൻ നേരത്തെ കമ്മിറ്റ് ചെയ്ത കുറേ പടങ്ങളുണ്ടായിരുന്നു. ഇനി പുതിയ സിനിമകൾ ചെയ്യണം. പ്രിൻസ് ആന്റ് ഫാമിലി പുതിയ സംവിധായകന്റെ സിനിമയാണ്. ഇപ്പോൾ ചെയ്യുന്ന ബ്ബ ബ്ബ ബ്ബ എന്ന സിനിമയിൽ പുതിയ ആൾക്കാരാണ്. പുതിയ തലമുറയുടെ കൂടെ നമ്മൾ തുടങ്ങുന്നതേയുള്ളൂ. വിനീതിനൊപ്പം ചെയ്ത പവി കെയർ ടേക്കർ അഞ്ചാറ് വർഷം മുമ്പ് കമ്മിറ്റ് ചെയ്ത് വെച്ച സിനിമയായിരുന്നെന്നും ദിലീപ് പറഞ്ഞു. ദിലീപ് വളരെ ഗ്ലൂമിയായാണ് ഇപ്പോൾ അഭിനയിക്കുന്നതെന്ന് എല്ലാവരും പറയും. അത് കഥാപാത്രങ്ങൾ അങ്ങനെയായത് കൊണ്ടാണ്.
ജനിച്ച അന്ന് മുതൽ പ്രശ്നങ്ങളിലൂടെ പോയിക്കൊണ്ടിരിക്കുന്ന ആളാണ് താനെന്നും ദിലീപ് വ്യക്തമാക്കി. ക്യാമറയ്ക്ക് മുന്നിൽ നമ്മുടെ വിഷമം കാണിക്കാൻ പറ്റില്ലെന്നും ദിലീപ് ചൂണ്ടിക്കാട്ടി. പഴയ തരംഗം ദിലീപിന് ആവർത്തിക്കാൻ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മിമിക്രി താരത്തിൽ നിന്നും നായക നടനായുള്ള ദിലീപിന്റെ വളർച്ച എളുപ്പമായിരുന്നില്ല. ചെറിയ റോളുകൾ ചെയ്താണ് നടൻ സാന്നിധ്യമറിയിക്കുന്നത്. പിന്നീട് സഹനായകനായും നായകനായും മാറി.
മീശമാധവന്റെ വിജയത്തിന് ശേഷം സൂപ്പർതാര പദവിയിലേക്ക് ദിലീപ് ഉയർന്നു. നിർമാണം, വിതരണം തുടങ്ങി പല മേഖലകളിൽ സാന്നിധ്യമറിയിച്ച് മലയാള സിനിമാ ലോകത്തിന്റെ അവിഭാജ്യ ഘടകമായി. രാമലീലയാണ് ദിലീപിന്റെ ഒടുവിലത്തെ സൂപ്പർഹിറ്റ്. വിവാദങ്ങൾ വന്നതോടെയാണ് കരിയറിൽ നടന് തിരിച്ചടികൾ വന്നത്. ഇതിനിടെ ദിലീപിന്റ സ്ഥാനത്തേക്ക് പൃഥ്വിരാജ് ഉൾപ്പെടെയുള്ള താരങ്ങൾ വന്നു. പണ്ട് ദിലീപിനെ ആഘോഷിച്ച മലയാള സിനിമാ ലോകം ഇന്ന് പൃഥ്വിരാജിനെയാണ് ആഘോഷിക്കുന്നത്. ഇത് ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്.


Click it and Unblock the Notifications