അന്ന് മറ്റൊരാളുടെ ഭർത്താവെന്ന് പറഞ്ഞ് മൗനം, എന്നാൽ ഇന്ന് ഉർവശി...; ഇല്ലാക്കഥയെന്ന് മനോജ് കെ ജയനും
എട്ട് വർഷത്തോളം നീണ്ട വിവാഹ ജീവിതത്തിനൊടുവിൽ 2008 ലാണ് ഉർവശിയും മനോജ് കെ ജയനും വേർപിരിയുന്നത്. പ്രശ്നകലുഷിതമായ വേർപിരിയൽ. ആരോപണങ്ങൾ ഏറെ. കൂടുതലും വന്നത് ഉർവശിക്ക് നേരെ. ഉർവശിയുടെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ നാളുകളായിരുന്നു അത്. മദ്യപാനിയെന്ന കുറ്റപ്പെടുത്തലുകൾ, ജന്മം നൽകിയ മകളെ ഒപ്പം നിർത്താൻ കോടതി കയറേണ്ട അവസ്ഥ, രൂക്ഷമായ തർക്കങ്ങൾ എന്നിവയെല്ലാം മാനസികമായി ഉർവശിയെ ബാധിച്ചു. അപ്പോൾ പോലും ഉർവശി പക്വമായാണ് കാര്യങ്ങളെ കണ്ടത്. മനോജ് കെ ജയന് നേരെ ആരോപണങ്ങൾ ഉന്നയിച്ചില്ല. മകളുടെ കസ്റ്റഡി അവകാശം സംബന്ധിച്ച് മാത്രമായിരുന്നു ഉർവശിക്ക് തർക്കം.
ഉർവശി മദ്യപാനിയാണെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ മനോജ് കെ ജയൻ ഒരിക്കൽ പറഞ്ഞിരുന്നു. വിവാഹബന്ധം വേർപിരിയുന്ന നാളുകളിലും പിന്നീടും നൽകിയ അഭിമുഖങ്ങളിലൊന്നും മനോജ് കെ ജയനെ കുറ്റപ്പെടുത്താൻ ഉർവശി തയ്യാറായിരുന്നില്ല. മറ്റൊരു സ്ത്രീയുടെ ഭർത്താവ് മനോജ് കെ ജയൻ ഇന്ന്. കുറ്റപ്പെടുത്തുന്നത് മര്യാദയല്ല എന്നാണ് ഉർവശി പറഞ്ഞിരുന്നത്. എന്റെ ഭാഗം ന്യായീകരിച്ച് സംസാരിക്കാനേ ഞാൻ ശ്രമിക്കാറില്ല. എന്റെ കുഞ്ഞിന്റെ കാര്യം മാത്രമേ ഞാൻ സംസാരിക്കുന്നുള്ളൂ.
അതിനെ വേദനിപ്പിക്കരുത്. അതിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കണം.

അല്ലാതെ മറ്റൊരാളെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. മറ്റൊരു സ്ത്രീയുടെ ഭർത്താവാണ്. ഞാൻ സംസാരിക്കാനേ പാടില്ല. മര്യാദയല്ല. പക്ഷെ സൗഹൃദമെന്ന വാക്കിന് വലിയ അർത്ഥങ്ങളുണ്ട്. മനോജ് കെ ജയനെ ഇനിയൊരിക്കലും സുഹൃത്തായി കാണാൻ പറ്റില്ലെന്നും ഉർവശി പറഞ്ഞു. നിരന്തരം മാനസിക പീഡനം നടത്തിക്കൊണ്ടിരിക്കുന്ന ആളുമായി എങ്ങനെ സൗഹൃദമുണ്ടാക്കാൻ പറ്റും. മനോജിനും ഇങ്ങനെ തന്നെ പറയാനുള്ള അനുഭവങ്ങൾ ഉണ്ടാകുമായിരിക്കുമെന്നും ഉർവശി അന്ന് പറഞ്ഞു.
എന്നാൽ വർഷങ്ങൾക്കിപ്പുറം മനോജ് കെ ജയനും നടന്റെ കുടുംബത്തിനുമെതിരെ ചില പരാമർശങ്ങൾ ഉർവശി നടത്തുന്നുണ്ട്. താൻ മദ്യപാനം തുടങ്ങിയത് മുൻഭർത്താവിന്റെ വീട്ടിൽ നിന്നാണെന്നും അവരോടാെപ്പമുള്ള ജീവിതം തന്നെ മദ്യപാനിയാക്കി മാറ്റിയെന്നും പുറത്ത് വരാൻ ഏറെ ബുദ്ധിമുട്ടിയെന്നും ഉർവശി പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലും മനോജ് കെ ജയനും കുടുംബത്തിനുമെതിരെ ഉർവശി സംസാരിച്ചു. ഒരുപാട് നിയന്ത്രണങ്ങളുള്ള വീട്ടിൽ നിന്നും നിയന്ത്രണങ്ങളേ ഇല്ലാത്ത വീട്ടിൽ പോയി ജീവിക്കേണ്ട ഘട്ടം വന്നു. അത് എന്റെ ജീവിതത്തെ ഒരുപാട് ബാധിച്ചു. അതിൽ നിന്നും പുറത്ത് വരാൻ ഞാൻ പെട്ട പാടുണ്ട് എന്നാണ് ഉർവശി പറഞ്ഞത്.
ഉർവശിയുടെ ആരോപണങ്ങൾക്ക് മനോജ് കെ ജയൻ നേരിട്ട് മറുപടി നൽകിയിട്ടില്ല. കഴിഞ്ഞ കാര്യങ്ങൾ അയവിറക്കാനോ ആരെയും പഴിചാരാനോ വേദനിപ്പിക്കാനോ ഇല്ലാവചനങ്ങൾ പറയാനോ നിൽക്കാതെ ഈശ്വരൻ അനുഗ്രഹിച്ചു നൽകിയ സന്തോഷകരമായ ജീവിതത്തിന് സർവശക്തന് എന്നും നന്ദി പറഞ്ഞു കൊണ്ട് പ്രാർത്ഥനയോടെ ജീവിക്കുന്നു. കാരണം എൻറെ ഈ ജീവിതം എനിക്ക് വിലമതിക്കാനാവാത്തതാണ് എന്നൊരു വാചകം തന്റെ 15ാം വിവാഹ വാർഷിക ദിനത്തിൽ മനോജ് കെ ജയൻ പോസ്റ്റ് ചെയ്തിരുന്നു. ഉർവശിയുടെ പരാമർശം ചർച്ചയായ ശേഷമായിരുന്നു ഇത്. ആശ എന്നാണ് മനോജ് കെ ജയന്റെ ഭാര്യയുടെ പേര്. ഇരുവർക്കും ഒരു മകനുണ്ട്. ആശയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. 2013 ലാണ് ഉർവശി രണ്ടാമത് വിവാഹം ചെയ്തത്. ശിവപ്രസാദ് എന്നാണ് ഭർത്താവിന്റെ പേര്. ഇഷാൻ പ്രജാപതി എന്ന മകനും പിറന്നു. മകൾ തേജാലക്ഷ്മി അമ്മയെ കാണാൻ ഇടയ്ക്കിടെ എത്താറുണ്ട്.


Click it and Unblock the Notifications

