'ചിലപ്പോൾ വർഷത്തിൽ ഒരിക്കലായിരിക്കും വിളിക്കുക; മമ്മൂട്ടിയോടും ദുൽഖറിനോടും സംസാരിക്കുന്ന കാര്യം'
നടൻ മമ്മൂട്ടിയുടെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും കൗതുകമുണ്ട്. മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനുമപ്പുറം മമ്മൂട്ടിയുടെ അനിയൻ ഇബ്രാഹിംകുട്ടിയും ഇദ്ദേഹത്തിന്റെ മകൻ മഖ്ബൂൽ സൽമാനും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. ചില സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സിനിമാ കരിയറിലേക്കല്ല ഇബ്രാംഹിംകുട്ടി പൂർണശ്രദ്ധ നൽകിയത്. അതേസമയം മകൻ മഖ്ബൂൽ സൽമാൻ സിനിമ കരിയറായി തെരഞ്ഞെടുത്തു.
അസുരവിത്ത് എന്ന സിനിമയിലൂടെയാണ് മഖ്ബൂൽ സൽമാൻ ആദ്യമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ആസിഫ് അലി നായകനായ സിനിമയിൽ പ്രധാനം വേഷം തന്നെയാണ് മഖ്ബൂലിനും ലഭിച്ചത്. തുടർന്ന് മാറ്റിനീ, പറയാൻ ബാക്കി വെച്ചത് തുടങ്ങിയ സിനിമകളിൽ മഖ്ബൂൽ അഭിനയിച്ചു. കരിയറിൽ വലിയാെരു ചലനം ഉണ്ടാക്കാൻ സാധിച്ചില്ലെങ്കിലും ഇപ്പോഴും സിനിമാ രംഗത്ത് നടൻ സജീവമാണ്.

കുടുംബത്തെക്കുറിച്ചും സിനിമാ കരിയറിനെക്കുറിച്ചും മഖ്ബൂൽ സൽമാനും പിതാവ് ഇബ്രാഹിം കുട്ടിയും പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു ഇരുവരും. ജേഷ്ഠനായ മമ്മൂട്ടി കുടുംബത്തിന്റെ ധൈര്യമാണെന്ന് ഇബ്രാഹിം കുട്ടി പറയുന്നു.
അദ്ദേഹം ഞങ്ങളുടെ ധൈര്യമാണ്. ഞങ്ങളെ സേഫ് ആക്കുന്നു. പക്ഷെ എപ്പോഴും വിളിക്കുന്നവരല്ല ഞങ്ങൾ. ചിലപ്പോൾ വർഷത്തിൽ ഒരിക്കലായിരിക്കും വിളിക്കുക. അതും അങ്ങോട്ട് വിളിക്കില്ല. പുള്ളി ഇങ്ങോട്ട് എന്തെങ്കിലും കാര്യം പറയാൻ വേണ്ടി വിളിക്കുന്നതായിരിക്കും. ചിലപ്പോൾ ചീത്ത പറയാനായിരിക്കുമെന്നും ഇബ്രാഹിംകുട്ടി തമാശയോടെ പറഞ്ഞു. കുടുംബത്തെക്കുറിച്ച് മഖ്ബൂൽ സൽമാനും സംസാരിച്ചു. സിനിമയെന്ന പാഷന്റെ പിറകെ നടക്കുമ്പോൾ കുടുംബത്തിന്റെ പിന്തുണ ഇല്ലെങ്കിൽ കുറച്ച് പാടാണ്. പക്ഷെ എനിക്ക് പിതാവിന്റെ പിന്തുണയുണ്ട്.

ദുൽഖറും മൂത്താപ്പയും (മമ്മൂട്ടി) വീട്ടിൽ ഉണ്ടെങ്കിൽ അവരെ പോയി കാണാറുണ്ട്. അപ്പോൾ സിനിമാ ചർച്ചകൾ കുറവായിരിക്കും. വലിയ സിനിമയാണെങ്കിൽ അതിന്റെ അപ്ഡേറ്റുകൾ ചോദിക്കും. അവരുടെ ഫാൻ ബോയ് ആണ്. അവരുടെ സിനിമകളുടെ അപ്ഡേറ്റ് അറിയാൻ താൽപര്യമുണ്ടെന്നും മഖ്ബൂൽ പറഞ്ഞു. മൂത്താപ്പയുടെ മൂന്ന് സിനിമകളിൽ അഭിനയിച്ചു. ഈ സിനിമകളുടെ കഥയും ഞാൻ ചോദിച്ചിട്ടില്ലെന്നും മഖ്ബൂൽ വ്യക്തമാക്കി.
ഇബ്രാഹിംകുട്ടിയെ കൂടാതെ സക്കറിയ, അമീന, സൗദ, ഷാഫിന എന്നിവരാണ് മമ്മൂട്ടിയുടെ മറ്റ് സഹോദരങ്ങൾ. അടുത്തിടെയാണ് മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ പനമ്പറമ്പിൽ അന്തരിച്ചത്. മമ്മൂട്ടിയെക്കുറിച്ച് മുമ്പൊരിക്കൽ ഇബ്രാഹിംകുട്ടി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. ബാപ്പ മരിച്ച സമയത്ത് മാത്രമാണ് മമ്മൂട്ടിയെ പൊട്ടിക്കരഞ്ഞ് കണ്ടതെന്ന് ഇബ്രാഹിംകുട്ടി പറഞ്ഞു. ബാപ്പ വളരെ ഫ്രണ്ട്ലിയായിരുന്നു. സെക്കന്റ് ഷോയൊക്കെ കഴിഞ്ഞ് തിരിച്ച് വരുമ്പോൾ വാതിൽ തുറന്ന് തന്നത് ബാപ്പയാണ്.
മരിച്ചപ്പോൾ വല്ലാത്ത ഷോക്കായി. ബാപ്പ മരിച്ചു, ഇനി നമ്മളാണ് ബാപ്പമാർ, മക്കളെന്ന സ്ഥാനം പോയെന്ന് ചടങ്ങുകൾ കഴിഞ്ഞപ്പോൾ ഇച്ചാക്ക പറഞ്ഞു. അദ്ദേഹം പൊട്ടിക്കരയുകയായിരുന്നെന്നും ഇബ്രാഹിംകുട്ടി ഓർത്തു. ഇച്ചാക്ക എല്ലാ കാര്യത്തിലും പെർഫെക്ട് ആണ്. സ്നേഹിക്കാൻ തോന്നിയാൽ സ്നേഹിക്കും.
അടിക്കാൻ തോന്നിയാൽ അടിക്കും. അദ്ദേഹം തുറന്ന പ്രകൃതക്കാരനാണെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു. ക്രിസ്റ്റഫർ, നൻപകൽ നേരത്ത് മയക്കം എന്നിവയാണ് മമ്മൂട്ടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. നടന്റെ നിരവധി സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications